നേപ്പാളിൽ വീണ്ടും രാഷ്ട്രീയ നാടകം; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കെ പി ശർമ ഒലി

നേപ്പാളിൽ വീണ്ടും രാഷ്ട്രീയ നാടകം; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കെ പി ശർമ ഒലി

പ്രസിഡന്റ് സ്ഥാനത്തേക്ക് നേപ്പാളി കോൺഗ്രസ് നേതാവ് രാം ചന്ദ്ര പൗഡലിനെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതാണ് പ്രചണ്ഡയും ഒലിയും തമ്മിലുള്ള തർക്കത്തിന് കാരണം

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ നേപ്പാളിൽ വീണ്ടും രാഷ്ട്രീയ നാടകം. മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സിപിഎൻ-യുഎംഎൽ പ്രചണ്ഡ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. രാഷ്ട്രീയ സമവാക്യത്തിലെ മാറ്റങ്ങൾ മുൻനിർത്തിയാണ് ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ സിപിഎൻ-യുഎംഎല്ലിന്റെ നീക്കം.

പാർട്ടി അധ്യക്ഷൻ കെ പി ശർമ ഒലിയുടെ നേതൃത്വത്തിൽ ചേർന്ന പാർട്ടി ഉന്നതതല യോഗത്തിലാണ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്. ''നേപ്പാൾ പ്രധാനമന്ത്രി മറ്റൊരു രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയതിനാലും തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമവാക്യം മാറിയതിനാലും സർക്കാരിൽ നിന്ന് പിന്മാറാൻ ഞങ്ങൾ തീരുമാനിച്ചു''- യുഎംഎല്ലിന്റെ വൈസ് ചെയർമാൻ ബിഷ്ണു പൗഡൽ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് നേപ്പാളി കോൺഗ്രസ് നേതാവ് രാം ചന്ദ്ര പൗഡലിനെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതാണ് പ്രചണ്ഡയും ഒലിയും തമ്മിലുള്ള തർക്കത്തിന് കാരണം. പ്രചണ്ഡയുടെ സിപിഎൻ-മാവോയിസ്റ്റ് സെന്ററടക്കം എട്ട് പാർട്ടികൾ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് കെ പി ശർമ ഒലിയുടെ നിലപാട്.

കെപി ശർമ ഒലി
കെപി ശർമ ഒലി

മാർച്ച് 9നാണ് നേപ്പാൾ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. പൗഡലിനെതിരെ മത്സരിക്കാൻ സിപിഎൻ-യുഎംഎൽ പാർട്ടി അംഗമായ സുബസ് നെംവാങ്ങിനെ നാമനിർദേശം ചെയ്തിട്ടുണ്ട്. എന്നാൽ 89 നിയമസഭാ സാമാജികരുള്ള നേപ്പാളി കോൺഗ്രസ് (എൻസി) പിന്തുണയ്ക്കുന്ന പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സിപിഎൻ-യുഎംഎല്ലിന്റെ പിന്തുണ ഇല്ലാത്തത് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ, മുൻ ടിവി ജേർണലിസ്റ്റ് രവി ലാമിച്ചനെ നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി സർക്കാരിനുള്ള പിന്തുണ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ചേർന്ന പാർട്ടി ഉന്നതതല യോഗത്തിൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ആർഎസ്പിയുടെ ഡെപ്യൂട്ടി പാർലമെന്ററി പാർട്ടി നേതാവ് ബിരാജ് ഭക്ത ശ്രേഷ്ഠയും പറഞ്ഞു.

275 അംഗ സഭയിൽ യുഎംഎല്ലിന് 79 അംഗങ്ങളും സിപിഎൻ (മാവോയിസ്റ്റ് സെന്റർ) 32 അംഗങ്ങളുമാണ് ഉള്ളത്. സിപിഎൻ(യൂണിഫൈഡ് സോഷ്യലിസ്റ്റ്), രാഷ്ട്രീയ സ്വതന്ത്ര പാർട്ടിക്ക് എന്നിവയ്ക്ക് യഥാക്രമം 10 ഉം 20 ഉം അംഗങ്ങളാണുള്ളത്. ജനമത് പാർട്ടിക്ക് 6 അംഗങ്ങളും ലോക്താന്ത്രിക് സമാജ്‌ബാദി പാർട്ടി 4 ഉം നാഗരിക് ഉൻമുക്തി പാർട്ടിക്ക് 3 അംഗങ്ങളുമാണ് പാർലമെന്റിലുള്ളത്. മൂന്ന് പ്രധാന പാർട്ടികളായ എൻസി (89), സിപിഎൻ-മാവോയിസ്റ്റ് സെന്റർ (32), ആർഎസ്പി (20) എന്നിവരോടൊപ്പം സർക്കാരിന് കുറഞ്ഞത് 141 നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ട്. പ്രധാനമന്ത്രിയായി തുടരാൻ പ്രചണ്ഡയ്ക്ക് പാർലമെന്റിൽ 138 വോട്ടുകൾ മതി.

നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. മുൻ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലെ ഭരണമുന്നണിയായിരുന്നു മുന്നിൽ. പ്രചണ്ഡയുടെ പാർട്ടിയും ഭരണമുന്നണിയിലായിരുന്നു. എന്നാൽ പ്രതിപക്ഷ സഖ്യത്തിലെ സിപിഎൻ - യുഎംഎൽ നേതാവ് കെ പി ശർമ്മ ഒലി സർക്കാർ രൂപീകരണത്തിൽ കൈകോർക്കണമെന്ന് കാട്ടി പ്രചണ്ഡയെ സമീപിച്ചു. ഇതോടെയാണ് പ്രചണ്ഡ സഖ്യംവിട്ടതും ഒലിയുമായി ചേർന്ന് പുതിയ സഖ്യം രൂപീകരിച്ച് പ്രധാനമന്ത്രിയായതും. 78 സീറ്റുകളുമായി ഒലിയുടെ പാർട്ടിയാണ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രചണ്ഡയുടെ പാർട്ടിക്ക് 32 സീറ്റുകൾ മാത്രമാണുള്ളത്.

logo
The Fourth
www.thefourthnews.in