സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം 
വ്യാപിപ്പിക്കാൻ യുഎഇ; 20 മുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ബാധകം

സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ യുഎഇ; 20 മുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ബാധകം

മുമ്പ് അൻപതോ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ കമ്പനികള്‍ക്ക് മാത്രമായിരുന്നു സ്വദേശിവത്കരണ നിബന്ധന ബാധകമായിരുന്നത്

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലും സ്വദേശിവത്കരണം വ്യാപകമാക്കാൻ നടപടികളുമായി യുഎഇ. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. നേരത്തെ അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നിർബന്ധമായിരുന്നു.14 സാമ്പത്തിക മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ ലക്ഷ്യമിടുന്നത്.

20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2024, 2025 വർഷങ്ങളിൽ കുറഞ്ഞത് ഒരു യുഎഇ പൗരനെയെങ്കിലും നിയമിക്കണം. അടുത്ത വര്‍ഷം അവസാനത്തോടെ തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പ്രതിവര്‍ഷം 96,000 ദിര്‍ഹം പിഴ ചുമത്തും. കൂടാതെ, 2025-ല്‍ വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങളില്‍നിന്ന് 2026 ജനുവരിയില്‍ 108,000 ദിര്‍ഹം പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ, സാമ്പത്തികം, ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ ആൻഡ് ടെക്നിക്കൽ ആക്ടിവിറ്റീസ്, അഡ്മിനിസ്‌ട്രേറ്റീവ് ആൻജ് സപ്പോർട്ടീവ് സർവീസുകൾ, കല- കായികം, ഖനനവും ക്വാറിയും, കാലാനുസൃതമായി പുതുക്കിയ വ്യവസായങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണവും സാമൂഹിക പ്രവര്‍ത്തനവും, നിര്‍മാണം, ഹോൾസെയിൽ ആൻഡ് റീട്ടെയിൽ, ചരക്ക് ഗതാഗതം സംഭരണം, ഹോസ്പിറ്റാലിറ്റി, റെസിഡന്‍സി സേവനങ്ങള്‍ എന്നീ സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങളെയാണ് തീരുമാനത്തിന്റെ പരിധിയിൽപ്പെടുത്തിയത്.

ജോലിയുടെ തരംതിരിവുകൾ, തൊഴില്‍ അന്തരീക്ഷം, ഭൂമിശാസ്ത്രപരമായ സ്ഥാനം, ഈ സാമ്പത്തിക മേഖലകളിലെ വളര്‍ച്ചയുടെ സ്വഭാവം, സ്വദേശിത്കരണ മുന്‍ഗണനകള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലക്ഷ്യമിട്ട സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in