ലാറ്റിൻ അമേരിക്കയിലെ 'പിങ്ക് ടൈഡി'നും ഷിയുടെ ആധിപത്യത്തിനും സാക്ഷിയായ 2022

ലാറ്റിൻ അമേരിക്കയിലെ 'പിങ്ക് ടൈഡി'നും ഷിയുടെ ആധിപത്യത്തിനും സാക്ഷിയായ 2022

ഇടതുപക്ഷം ഭരിക്കുന്ന മെക്സിക്കോ, അർജന്റീന, ബൊളീവിയ, ചിലി, വെനസ്വേല, ക്യൂബ, ഹോണ്ടുറാസ് എന്നിവയ്ക്കു പുറമെ കൊളംബിയയും ബ്രസീലുമെല്ലാം കടന്നുപോയ വർഷം ഇടതുപക്ഷ സർക്കാരുകളെ സ്വാഗതം ചെയ്തു.

വലതുപക്ഷ ഭരണത്തിൽ മനം മടുത്ത ജനത, ഇടതുപക്ഷത്തെ പരീക്ഷിക്കാൻ തയ്യാറായ വർഷമായിരുന്നു 2022. ലാറ്റിൻ അമേരിക്കയിൽ പിങ്ക് ടൈഡ് ആഞ്ഞടിച്ചു. ഇടതുപക്ഷം ഭരിക്കുന്ന മെക്സിക്കോ, അർജന്റീന, ബൊളീവിയ, ചിലി, വെനസ്വേല, ക്യൂബ, ഹോണ്ടുറാസ് എന്നിവയ്ക്കു പുറമെ കൊളംബിയയും ബ്രസീലുമെല്ലാം ഇടതു സർക്കാരുകളെ സ്വാഗതം ചെയ്തു. ചൈനയിൽ ഷി ജിൻപിങ് തന്റെ ആധിപത്യം ഉറപ്പിക്കുന്നതിനും 2022 സാക്ഷിയായി. അതേസമയം ബ്രിട്ടനിൽ കണ്ടത് അതിനാടകീയ രംഗങ്ങളായിരുന്നു. രാഷ്ട്രീയ ചരടുവലികളിൽ ബോറിസ് ജോൺസണും ലിസ് ട്രസിനും അധികാരം നഷ്ടമാവുകയും ഋഷി സുനക് അധികാരത്തിലേറുകയും ചെയ്തു.

 ലുല ഡ സിൽവ
ലുല ഡ സിൽവ

ലാറ്റിൻ അമേരിക്കയിലെ ഇടതു തരംഗം

ഇടതുപക്ഷ നേതാവായ ലുല ഡ സിൽവയുടെ 12 വർഷത്തിന് ശേഷമുള്ള തിരിച്ചുവരവോടെയാണ് 'പിങ്ക് ടൈഡ്' ലാറ്റിൻ അമേരിക്കയിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നത്. ആഗോള വലതുപക്ഷത്തിന്റെ പ്രതിനിധിയായിരുന്ന ജയ്ര്‍ ബോൾസനാരോയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു രണ്ട് തവണ ബ്രസീൽ ഭരിച്ച ലുല മടങ്ങിയെത്തിയത്. ബോൾസനാരോ ഭരണകാലത്ത് സ്വീകരിച്ച ജനദ്രോഹ നടപടികളായിരുന്നു ജനങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 2003 മുതൽ 2010 വരെ പ്രസിഡന്റ് പദവിയിലിരിക്കെ ബ്രസീലിനെ വികസന പാതയിൽ നയിച്ച നേതാവായിരുന്നു ലുല. അത് തന്നെയാണ് ബ്രസീലിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകവും. കോവിഡ് ഏറ്റവും രൂക്ഷമായി നിന്ന കാലത്ത് പോലും വളരെ ഉദാസീന നിലപാടായിരുന്നു ബോൾസനാരോ സ്വീകരിച്ചത്. ലക്ഷക്കണക്കിന് പൗരന്മാരുടെ മരണത്തിന് പോലും ബോൾസനാരോയുടെ നയങ്ങൾ കാരണമായി. സാനിറ്റൈസർ കുടിച്ചാൽ വൈറസ് നശിക്കുമെന്ന് പറഞ്ഞ ട്രംപും ബോൾസനാരോയ്ക്ക് കൂട്ടായുണ്ടായിരുന്നു.

കൊളംബിയയുടെ ചരിത്രത്തിലാദ്യമായി ഒരു ഇടതുപക്ഷ നേതാവ് ഭരണത്തിലേറിയതും 2022ലായിരുന്നു. മുൻ ഗറില്ലാ പോരാളി ഗുസ്താവോ പെട്രോ ജൂൺ 19നാണ് അധികാരമേറ്റത്. ഭരണകാലത്തെ അഴിമതികളും നിയമവിരുദ്ധ സായുധ സംഘങ്ങളുടെ വളർച്ചയും കൊക്കെയ്‌ൻ ഉത്പാദനത്തിലെ വർധനവുമാണ് മുൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്കേ മാർക്കസിനെ ജനങ്ങൾക്ക് അനഭിമതനാക്കിയത്. അതുകൊണ്ട് തന്നെ പുത്തൻ സാമ്പത്തിക- സാമൂഹിക- സുരക്ഷാ നയങ്ങളുമായി മുന്നോട്ട് വന്ന ഗുസ്താവോയെ കൊളംബിയൻ ജനത ഏറ്റെടുക്കുകയായിരിക്കുന്നു. ചിലിയിൽ ഗബ്രിയേൽ ബോറിച്ച് എന്ന ഇടതു നേതാവ് അധികാരത്തിലേറിയതും 2022ലായിരുന്നു

ഋഷി സുനക്
ഋഷി സുനക്

ബ്രിട്ടനിലെ രാഷ്ട്രീയ നാടകങ്ങൾ

രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ബ്രിട്ടൻ സാക്ഷിയായ വർഷമായിരുന്നു 2022. 2019ൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം രണ്ട് പ്രധാനമന്ത്രിമാർക്കാണ് രാജി വയ്‌ക്കേണ്ടി വന്നത്. അപ്രതീക്ഷിത തിരിച്ചടിയിൽ കസേര തെറിച്ച ബോറിസ് ജോൺസണിൽ തുടങ്ങിയ നാടകീയ നീക്കങ്ങൾ അവസാനിക്കുന്നത് ഇന്ത്യൻ വംശജനായ ഋഷി സുനക് അധികാരക്കസേരയിൽ എത്തുന്നതോടെയാണ്. സർക്കാരിനെ നയിക്കാൻ ബോറിസ് ജോൺസൻ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രിയായിരുന്ന ഋഷി സുനക് ആരംഭിച്ച രാജി, പിന്നീട് മറ്റ് മന്ത്രിമാരും കൺസർവേറ്റിവ് പാർട്ടി നേതാക്കളും ഏറ്റെടുത്തു. ഒടുവിൽ മറ്റു വഴികളില്ലാതെ ജൂലൈ ഏഴിന് ബോറിസ് പ്രധാനമന്ത്രി പദത്തിൽ നിന്ന് പടിയിറങ്ങി. നേതാവിനെ കണ്ടെത്താൻ പുതിയ തിരഞ്ഞെടുപ്പിലേക്ക് കൺസർവേറ്റിവ് പാർട്ടി നീങ്ങി.

ലിസ് ട്രസ്
ലിസ് ട്രസ്

ഋഷി സുനകും ലിസ് ട്രസും ഏറ്റുമുട്ടിയ അവസാന റൗണ്ടിൽ കൺസർവേറ്റിവ് പാർട്ടി അണികൾ ലിസ് ട്രസിനെ ഡൗണിങ് സ്ട്രീറ്റിൽ എത്തിച്ചു. എന്നാൽ പ്രധാനമന്ത്രി പദത്തിൽ 45 ദിവസം മാത്രമായിരുന്നു ട്രസിന്റെ ആയുസ്. ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറ്റുമെന്ന് പ്രഖ്യാപിച്ചായിരുന്നു ട്രസ് അധികാരമേറ്റത്. എന്നാൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. നടപ്പാക്കിയ നയങ്ങൾ മൂലം ബ്രിട്ടൻ വിപണി തകർച്ച നേരിട്ടു. സാമ്പത്തിക നയത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് പിന്നാക്കം പോയതിനെ തുടർന്ന് ഒടുവിൽ രാജിവയ്‌ക്കേണ്ടിയും വന്നു ട്രസിന്. അവസാനം, ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി. ധനമന്ത്രിയായിരുന്ന ഋഷി സുനക് എംപിമാരുടെ പിന്തുണയോടെയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.

ഷി ജിൻപിങ്‌
ഷി ജിൻപിങ്‌

ചൈനയുടെ പരമാധികാരിയായി ഷി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അതുവഴി ചൈനയുടെ തന്നെയും സർവ്വാധിപതി സ്ഥാനത്തേക്ക് ഷി ജിൻപിങ്ങിനെ അവരോധിച്ച വർഷമായിരുന്നു 2022. ഒരു നേതാവിന് രണ്ട് ഘട്ടം മാത്രമെന്ന രണ്ട് പതിറ്റാണ്ടായുള്ള ചൈനീസ് കീഴ്വഴക്കം തെറ്റിച്ച് മൂന്നാം തവണയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഷി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മാവോ സെതൂങ്ങിന് ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവെന്ന സ്ഥാനവും ഷി ഉറപ്പിച്ചു. പാർട്ടിയുടെ നേതൃസ്ഥാനത്തിന് പുറമെ ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനും ഷി തന്നെ. ലോക സാമ്പത്തിക ശക്തിയായ ചൈനയെ നിയന്ത്രിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് എതിർ ശബ്ദങ്ങളില്ലാതെ തുടരുന്ന ഷി തന്നെയാകും മൂന്നാം തവണയും ചൈനയുടെ പ്രസിഡന്റ്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.

ജോർജിയ മെലോനി
ജോർജിയ മെലോനി

ഇറ്റലിയിൽ മുസോളിനിക്കുശേഷം തീവ്ര വലതുപക്ഷം

ലോകം 2022ൽ കണ്ട മറ്റൊരു പ്രധാന സംഭവമായിരുന്നു ഇറ്റലിയുടെ തീവ്ര വലതുപക്ഷത്തേക്കുള്ള ചായ്‌വ്. ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും രണ്ടാം ലോക യുദ്ധത്തിന് ശേഷം അധികാരത്തിലെത്തുന്ന തീവ്ര വലതുപക്ഷ നേതാവെന്ന ഖ്യാതിയും ജോർജിയ മേലോനി സ്വന്തമാക്കി. ബെനിറ്റോ മുസോളിനിയുടെ പാരമ്പര്യം പേറുന്ന ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവാണ് ജോർജിയ മെലോനി. ലൈംഗിക- മത ന്യൂനപക്ഷങ്ങൾക്കെതിരായ കടുത്ത നിലപാടുകളും കുടിയേറ്റ വിരുദ്ധതയുമൊക്കെയാണ് മെലോനിയുടെ മുഖമുദ്ര.

logo
The Fourth
www.thefourthnews.in