നീതിയ്ക്കായി ലോകം തെരുവിലിറങ്ങിയ 2022

യുദ്ധവും സംഘര്‍ഷവും ഭരണ പ്രതിസന്ധിയും പ്രതിഷേധവുമൊക്കെയായി കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു പോയവര്‍ഷത്തേത്.

കോവിഡാനന്തരം ലോകം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയ വര്‍ഷമായിരുന്നു 2022. പക്ഷേ കോവിഡ് അനുഭവങ്ങള്‍ മനുഷ്യന്‌റെ ജീവിതകാഴ്ചകളില്‍ വലിയമാറ്റം വരുത്തിയിട്ടില്ല എന്നതിന് കൂടി തെളിവാണ് 2022.

യുദ്ധവും സംഘര്‍ഷവും ഭരണ പ്രതിസന്ധിയും പ്രതിഷേധവുമൊക്കെയായി കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു പോയവര്‍ഷത്തേത്. യുക്രെയ്നില്‍ തുടങ്ങി ശ്രീലങ്കയും ചൈനയും പിന്നിട്ട് ഇറാന്‍ വരെയെത്തി നില്‍ക്കുമ്പോഴും അതിന് മാറ്റമില്ല. അതിനിടെ പ്രതീക്ഷയാകുന്നത് ജനങ്ങളുടെ ജനാധിപത്യത്തോടുള്ള തീവ്രമായ ആഗ്രഹവും അതിനായുള്ള ജനകീയ മുന്നേറ്റങ്ങളും ആണ്.  

ലോക ജനസംഖ്യ 800 കോടിയിലെത്തിയ വര്‍ഷവും കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ നിര്‍ണായക തീരുമാനമുണ്ടായതും 2022ല്‍ തന്നെ

ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം

അതില്‍ ആദ്യത്തേത് ശ്രീലങ്കയിലെ രജപക്‌സെ കടുംബ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭമാണ്. പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും ശ്രീലങ്കന്‍ ജനതയെ തള്ളി വിട്ടതിന് ജനങ്ങള്‍ നല്‍കിയ മറുപടിയില്‍ രജപക്‌സെമാര്‍ ഭയന്നു വിറച്ചു. നിയമങ്ങൾ വരെ മാറ്റിയെഴുതി കടിച്ചുതൂങ്ങി കിടന്ന അധികാരക്കസേരയില്‍ നിന്ന് ശ്രീലങ്കന്‍ ജനത മഹിന്ദ- ഗോതബായ രാജ്പക്‌സെമാരെ പടിയിറക്കി.

അഴിമതിയും അധികാര ദുര്വിനിയോഗവുമാണ്  ശ്രീലങ്കയെ തകർത്തത്. വീണ്ടുവിചാരമില്ലാതെ കാര്‍ഷിക രംഗത്ത് നടപ്പിലാക്കിയ നയങ്ങളും അനിയന്ത്രിതമായി നടത്തിയ കടമെടുപ്പുകളുമായിരുന്നു സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം . വില കയറ്റത്തിൽ പൊറുതിമുട്ടിയ ജനം തെരുവിലിറങ്ങി, ഔദ്യോഗിക വസതികളും ഭരണകെന്ദ്രങ്ങളിലും പിടിച്ചടക്കി  ജനരോഷത്തിന്റെ ചൂടറിഞ്ഞ അധികാരികൾ ജീവനും കൊണ്ട് ഓടി. രാജ്യത്തെ പൗരന്മാരെ കുറിച്ച് ചിന്തിക്കാതെ ഇഷ്ടക്കാരുടെ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭരണകര്താക്കള്‍ക്കുള്ള മുന്നറിയിപ്പായിട്ടാകും കാലം ശ്രീലങ്കന്‍ ജനതയുടെ പ്രക്ഷോഭങ്ങള്‍ അടയാളപ്പെടുത്തുക.

മതത്തെ ആയുധമാക്കുന്ന ഇസ്ലാമിക ഭരണകൂടത്തിനെതിരായ ഇറാനിലെ ജനകീയ പ്രക്ഷോഭം

സ്ത്രീയുടെ അവകാശ സംരക്ഷണത്തിനും മതത്തെ ആയുധവത്കരിക്കുന്ന ഇസ്ലാമിക ഭരണകൂടത്തിനുമെത്തിരായ  ജനകീയ പ്രതിഷേധമായിരുന്നു ഇറാനിലേത്. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് വംശജ മഹ്‌സ അമിനി കൊല്ലപ്പെട്ടതോടെയാണ് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. പ്രതിഷേധങ്ങളെ അടിച്ചര്‍ത്താന്‍ പലവിധ മാര്‍ഗങ്ങള്‍ ഭരണകൂടം നടത്തി. അമേരിക്കയുടെയും വിദ്വംസക ശക്തികളുടെയും ഗൂഢ നീക്കമാന് പ്രതിഷേധം എന്ന് ആരോപിച്ചു.. സമരത്തിന്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രമുഖരെ അടക്കം തുറുങ്കിലടച്ചു..  രണ്ട് പേരുടെ വധശിക്ഷ പൊതുജനമധ്യത്തില്‍ നടപ്പിലാക്കി.. അടിച്ചമര്‍ത്തലിന്റെ ഭാഗമായി 500ഓളം പ്രതിഷേധകര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇനിയും മുട്ടുമടക്കാന്‍ തയ്യാറല്ലാത്ത ജനത സ്ത്രീകള്‍,ജീവിതം,സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധവുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് തന്നെയാണ്.

ചൈനയിലെ സീറോ കോവിഡ് നയത്തിനെതിരെ ജനകീയ പ്രതിഷേധം

ലോകം 2022ല്‍ കണ്ട മറ്റൊരു ജനകീയ പ്രതിഷേധമായിരുന്നു നവംബര്‍ അവസാനത്തോടെ ചൈനയില്‍ നടന്നത്. ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചുപോന്ന സീറോ കോവിഡ് നയവും നിയന്ത്രണങ്ങളും മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങി. മൂന്നാമതും അധികാരത്തിലെത്തിയ ഷി ജിന്‍പിങിന് കനത്ത പ്രതിസന്ധി സൃഷ്ടിച്ച ദിവസങ്ങളായിയിരുന്നു കടന്നു പോയത്. സിന്‍ജിയാങ് മേഖലയിലെ വംശീയ കലാപവേദിയായ ഉറുംഗിയിലെ അപ്പാര്‍ട്‌മെന്റ് ബ്ലോക്കില്‍ നടന്ന തീപിടിത്തത്തിന് ശേഷമാണ് പ്രതിഷേധങ്ങള്‍ ശക്തമായത്.  22 നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ നിയമം ലംഘിച്ച് തെരുവിലിറങ്ങി. പ്രതിഷേധത്തെ പിന്തുണച്ച് വിദേശരാജ്യങ്ങളിലുള്ള ചൈനീസ് വംശജരും പ്രചാരണം തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഒടുവില്‍  ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ലുല ഡ സിൽവയുടെ തിരിച്ചുവരവ്

തീവ്ര വലതുപക്ഷ സർക്കാരുകളെ കൈവിട് ജനം ഇടതുപക്ഷത്തേക്ക് മാറി ചിന്തിച്ചത് പ്രതിഷേധത്തിൻ്റെ ജനാധിപത്യ രൂപമായി വേണം വിലയിരുത്താൻ. 2022 ഇൽ ലാറ്റിന്‍ അമേരിക്കയില്‍ പിങ്ക് ടൈഡ് ആഞ്ഞടിച്ചു. കോവിഡ് സമയത്തെ ഉദാസീന നിലപാടുകള്‍ കാരണം ലക്ഷക്കണക്കിന് പൗരന്മാരെ മരണത്തിന് വിട്ടു കൊടുത്ത ജയീര്‍ ബോള്‍സെനാരോയെ അധികാരത്തില്‍ നിന്ന് ബ്രസീല്‍ പൗരന്മാര്‍ പുറത്താക്കി. പകരം മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലുലാ ഡാ സില്‍വയെ അധികാരത്തിലേക്കെത്തിച്ചു. അത് തന്നെയാണ് കൊളമ്പിയയിലും ചിലിയിലും സംഭവിച്ചത്.

ലോക ജനസംഖ്യ 800 കോടിയിലെത്തിയ വര്‍ഷവും കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ നിര്‍ണായക തീരുമാനമുണ്ടായതും 2022ല്‍ തന്നെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in