15 ലക്ഷം പേർക്ക് മൂന്ന് എടിഎം; ഗാസയിലെ ദുരിതം ഇരട്ടിച്ച് സാമ്പത്തിക പ്രതിസന്ധി

15 ലക്ഷം പേർക്ക് മൂന്ന് എടിഎം; ഗാസയിലെ ദുരിതം ഇരട്ടിച്ച് സാമ്പത്തിക പ്രതിസന്ധി

അഭയാർഥി ക്യാമ്പുകള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണവും തുടരുകയാണ്

ഇസ്രയേലിന്റെ ബോംബാക്രമണങ്ങള്‍ കടുത്തതിന് പിന്നാലെ ഗാസയിലെ പലസ്തീനികളുടെ ദുരിതം ഇരട്ടിച്ച് സാമ്പത്തിക പ്രതിസന്ധിയും. റാഫയില്‍ 15 ലക്ഷത്തോളം പലസ്തീനികള്‍ക്ക് പണം പിന്‍വലിക്കുന്നതിനായി മൂന്ന് എടിഎം മാത്രമാണുള്ളത്. മണിക്കൂറുകള്‍ ക്യൂ നിന്നാണ് പലരും പണം പിന്‍വലിക്കുന്നത്. വീട്ടിലേക്ക് വെറും കയ്യോടെ മടങ്ങാന്‍ ആഗ്രഹിക്കാത്തവർ തെരുവില്‍ ഉറങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനുപുറമെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ 100 യുഎസ് ഡോളറിന് 19 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സ്ഥിതിയുമുണ്ട്. വിലക്കയറ്റം മൂലം ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തിന് പുറമെയാണ് പണത്തിന്റെ ലഭ്യതക്കുറവും പ്രതിസന്ധിയും പലസ്തീനികള്‍ നേരിടുന്നത്.

അഭയാർഥി ക്യാമ്പുകള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണവും തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ നൂർ ഷാംസ് അഭയാർഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. പലസ്തീനിയന്‍ റെഡ് ക്രെസെന്റിനെ ഉദ്ധരിച്ച് വഫ വാർത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നൂർ ഷാംസ് അഭയാർഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ റെയ്‌ഡില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനാറും പതിനെട്ടും വയസുള്ള ആണ്‍കുട്ടികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 50 സൈനിക വാഹനങ്ങളിലെത്തിയായിരുന്നു റെയ്‌ഡ്. പ്രദേശം സൈനിക മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു.

15 ലക്ഷം പേർക്ക് മൂന്ന് എടിഎം; ഗാസയിലെ ദുരിതം ഇരട്ടിച്ച് സാമ്പത്തിക പ്രതിസന്ധി
ആഗോള തലത്തില്‍ 'നിരാശ' പടരുന്നു; യുവാക്കള്‍ കടന്നുപോകുന്നത് കടുത്ത മാനസിക സംഘർഷങ്ങളിലൂടെയെന്ന് ഗവേഷണ റിപ്പോർട്ട്

അതേസമയം, ഹമാസിനെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതായി യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റർമാർ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നെതന്യാഹു സെനറ്റർമാരെ അഭിസംബോധന ചെയ്തത്. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് തങ്ങള്‍ നിർദേശിച്ചതായും അത് മാത്രമാണ് ചെയ്യുന്നതെന്ന് നെതന്യാഹു മറുപടി നല്‍കിയതായും സെനറ്റർ ജോണ്‍ ബരാസൊ പറഞ്ഞു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ മരണസംഖ്യ 28,000 കടന്നതായും നെതന്യാഹു അറിയിച്ചിട്ടുണ്ട്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നെതന്യാഹുവിന്റെ കണക്കുകളില്‍ വൈരുധ്യമുണ്ട്. ഇതുവരെ 31,923 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. പതിമൂവായിരത്തിലധികം കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. എണ്ണായാരിത്തിലധികം പേരെ കാണാതായിട്ടുമുണ്ട്.

logo
The Fourth
www.thefourthnews.in