തൂമാജ് സലേഹിയുടെ വധശിക്ഷ: ഇറാനെതിരെ ഫ്രാൻസിലും അമേരിക്കയിലും പ്രതിഷേധം ശക്തം

തൂമാജ് സലേഹിയുടെ വധശിക്ഷ: ഇറാനെതിരെ ഫ്രാൻസിലും അമേരിക്കയിലും പ്രതിഷേധം ശക്തം

വിമത ശബ്ദമുയർത്തിയ ഒരു കലാകാരനെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് പ്രതിപക്ഷ സ്വഭാവമുള്ള ഇറാനിയൻ പത്രങ്ങൾ വിമർശിക്കുന്നു

ഇറാനിയൻ റാപ്പ് ഗായകനും ഭരണകൂട വിമർശകനുമായ തൂമാജ് സലേഹിയെ വധശിക്ഷയ്ക്കു വിധിച്ച ഇറാനിയൻ കോടതിയുടെ തീരുമാനത്തിൽ ആഗോള തലത്തിൽ പ്രതിഷേധം കനക്കുന്നു. ഗാസയിലെ വംശഹത്യയിൽ പ്രതിഷേധിച്ചുകൊണ്ട് അമേരിക്കൻ സർവകലാശാലകളിൽ നടക്കുന്ന സമരങ്ങൾക്കെതിരായ നടപടി മനുഷ്യാവകാശ ലംഘനങ്ങളാണ് എന്ന വാദമുയർത്തി നേട്ടം കൊയ്യാനുള്ള ഇറാന്റെ ശ്രമങ്ങൾ കൂടിയാണ് ഇതോടുകൂടി തകരുന്നത്.

അമേരിക്കയിലും യൂറോപ്പിലും കാനഡയിലും സാലേഹിയെ പിന്തുണച്ചുകൊണ്ട് ഞായറാഴ്ച വലിയ ആൾക്കൂട്ടങ്ങളാണ് രൂപപെട്ടത്. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും മൂർത്തമായ അവസ്ഥയാണിപ്പോൾ കാണുന്നതെന്ന് വ്യക്തമാക്കി ഇറാനിലെ ഘേസൽ ഹെസാർ ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാർ സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇതോടൊപ്പം തൂമാജ് സലേഹിക്ക് അമേരിക്കയിലെ റാപ്പർമാരും മറ്റ് മനുഷ്യാവകാശ സംഘടനകളും ശക്തമായ പിന്തുണയും അറിയിച്ചു.

തൂമാജ് സലേഹിയുടെ വധശിക്ഷ: ഇറാനെതിരെ ഫ്രാൻസിലും അമേരിക്കയിലും പ്രതിഷേധം ശക്തം
ഇറാനിലെ പ്രതിഷേധത്തെ പിന്തുണച്ച റാപ്പർക്ക് ആറുവർഷം തടവ്; വധശിക്ഷ ഒഴിവായതിന്റെ ആശ്വാസത്തിൽ ആരാധകർ

അമേരിക്കയിലുൾപ്പെടെ നടക്കുന്ന ഇസ്രയേൽ വിരുദ്ധ സമരങ്ങൾ ഇറാൻ കൃത്യമായ വീക്ഷിക്കുന്നുണ്ടായിരുന്നു. ഏപ്രിലിൽ മാത്രം അമേരിക്കയിൽ 900 വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തത്. ഫ്രാൻസിലും അമേരിക്കയിലും വിദ്യാർഥികൾ വലിയ തോതിൽ നിരത്തിലേക്കിറങ്ങി ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്നു എന്നും ഇത് അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിച്ഛായയെയാണ് ബാധിക്കുന്നതെന്നും ഇറാൻ സർവ്വാധികാരി അയത്തൊള്ള അലി ഖമേനി അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, സലേഹിയെപ്പോലെ വിമത ശബ്ദമുയർത്തിയ ഒരു കലാകാരനെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് പ്രതിപക്ഷ സ്വഭാവമുള്ള ഇറാനിയൻ പത്രങ്ങൾ വിമർശിക്കുകയും ചെയ്തു. വിമർശനങ്ങൾക്കപ്പുറം ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാനൊരുങ്ങിയിട്ടില്ലാത്ത ഒരു റാപ്പ് ഗായകനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത് എന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും പത്രങ്ങൾ വിലയിരുത്തുന്നു.

സ്ത്രീകളുടെ മുന്നേറ്റത്തിന് വേണ്ടി പ്രവർത്തിച്ചതിലൂടെയും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായതിലൂടെയുമാണ് സലേഹി ജനശ്രദ്ധയാകർഷിക്കുന്നത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ 22 വയസുകാരിയായ മഹ്‌സ അമീനി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പൊതുമധ്യത്തിൽ അഭിപ്രായപ്രകടനം നടത്തിയതിനാണ് 2022 ഒക്ടോബറിൽ സലേഹിയെ അറസ്റ്റു ചെയ്യുന്നത്.

സലേഹി ജയിലിൽ ക്രൂരമായ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള വിദഗ്ധർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് 2023 ജൂലൈ മാസം സലേഹിക്ക് ആറ് വർഷവും മൂന്നു മാസവും തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷ വിധിച്ചതിലുള്ള സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വർഷം നവംബറിൽ ഇറാൻ സുപ്രീംകോടതി സലേഹിക്ക് ജാമ്യമനുവദിച്ചു. അപ്പോഴേക്കും സലേഹി ജയിലിലായി ഒരു വർഷത്തിലധികം കഴിഞ്ഞിരുന്നു. അതിൽ 200 ദിവസം ഏകാന്ത തടവുമായിരുന്നു. ജാമ്യം ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു.

ജാമ്യത്തിലിറങ്ങിയ കാലയളവിൽ അദ്ദേഹം ഒരു പാട്ടുകൂടി ചിട്ടപ്പെടുത്തി. അത് അദ്ദേഹം ജയിലിൽ അനുഭവിച്ച അഡ്രിനാലിൻ ഷോട്ട് ഇൻജെക്ഷൻ ഉൾപ്പെടെയുള്ള പീഡനങ്ങളെ കുറിച്ചായിരുന്നു. പ്രതീക്ഷിക്കാതിരിക്കുമ്പോൾ കഴിഞ്ഞയാഴ്ചയാണ് ഇസ്ഫഹാൻ റവല്യൂഷണറി കോടതി സലേഹിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപ്പീൽ നൽകാൻ അദ്ദേഹത്തിന് 20 ദിവസമാണ് സമയമുള്ളത്.

തൂമാജ് സലേഹിയുടെ വധശിക്ഷ: ഇറാനെതിരെ ഫ്രാൻസിലും അമേരിക്കയിലും പ്രതിഷേധം ശക്തം
ഹിജാബ് വിരുദ്ധ പ്രക്ഷോഭം; കുര്‍ദിഷ് റാപ്പര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ വധശിക്ഷയിൽ പുനർവിചാരണ

ഇറാനിൽ മതകാര്യ പോലീസ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെ വീണ്ടും ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മതനിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ആളുകളെ വധിക്കുന്നതും ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം മാത്രം അങ്ങനെ കൊല്ലപ്പെട്ടവരുടെ എണ്ണം 147ആയി. ഈ മതകാര്യ പോലീസിനെ കുറിച്ച് ഒരിക്കൽ സലേഹി പറഞ്ഞതിങ്ങനെയാണ്- "ഇറാനിലെ ജനങ്ങൾ ഒരു മാഫിയയെ ആണ് അവരുടെ ജീവിതത്തിലുടനീളം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്, തങ്ങളുടെ അധികാരവും പണവും, ആയുധവും സംരക്ഷിക്കാൻ വേണ്ടി എന്തും ചെയ്യാൻ തയാറാകുന്ന മാഫിയയെ."

logo
The Fourth
www.thefourthnews.in