അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനികനെ ഉത്തരകൊറിയ വിട്ടയച്ചു

അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനികനെ ഉത്തരകൊറിയ വിട്ടയച്ചു

നീണ്ട നയതന്ത്ര ചർച്ചകൾക്ക് ഒടുവിലാണ് ട്രാവിസിനെ വിട്ടയയ്ക്കാൻ ഉത്തര കൊറിയ തയ്യാറായത്. 71 ദിവസത്തെ തടവിനൊടുവിലാണ് മോചനം

അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനികനെ ഉത്തര കൊറിയ വിട്ടയച്ചു. ബുധനാഴ്ചയാണ് ചൈനയിലെ അമേരിക്കൻ സംഘത്തിന് ട്രാവിസിനെ കൈമാറിയത്. അവിടെ അമേരിക്കയുടെ കസ്റ്റഡിയിലുള്ള ട്രാവിസിനെ കഴിഞ്ഞ ദിവസം തന്നെ സ്വന്തം രാജ്യത്തേക്ക് മടക്കി കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചിരുന്നു. നീണ്ട നയതന്ത്ര ചർച്ചകൾക്ക് ഒടുവിലാണ് ട്രാവിസിനെ വിട്ടയയ്ക്കാൻ ഉത്തര കൊറിയ തയ്യാറായത്. 71 ദിവസത്തെ തടവിനൊടുവിലാണ് ട്രാവിസിന് മോചനം ലഭിക്കുന്നത്.

അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനികനെ ഉത്തരകൊറിയ വിട്ടയച്ചു
അമേരിക്കൻ സൈനികൻ അതിർത്തി കടന്നത് അസമത്വവും വിവേചനവും താങ്ങാനാകാതെയെന്ന് ഉത്തരകൊറിയ; അഭയം തേടിയതെന്ന് വിശദീകരണം

ദക്ഷിണ കൊറിയയിലെ അമേരിക്കൻ സേനയുടെ ഭാഗമായിരുന്ന ട്രാവിസ് കിങ് ജൂലൈയിലാണ് ഉത്തര കൊറിയയിലേക്ക് കടക്കാൻ ശ്രമിച്ച് പിടിയിലാകുന്നത്. ഉത്തര കൊറിയയുമായി അമേരിക്കയ്ക്ക് നയതന്ത്ര ബന്ധം ഇല്ലാത്തതിനാൽ സ്വീഡനാണ് എംബസി വഴി ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. സ്വീഡന്റെ ഉദ്യോഗസ്ഥരാണ് ഉത്തര കൊറിയയുടെ ചൈനീസ് അതിർത്തിവരെ ട്രാവിസിനെ എത്തിച്ചത്. അവിടെനിന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ട്രാവിസിനെ കൈമാറിയത്.

അമേരിക്കയിലേക്ക് തിരികെയെത്തിക്കുന്ന ട്രാവിസിന് ആവശ്യമായ വൈദ്യ സഹായങ്ങളും വൈകാരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട പിന്തുണയും ഉറപ്പാക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അച്ചടക്ക നടപടികൾ സ്വീകരിക്കും മുൻപ് അദ്ദേഹത്തിന്റെ വൈദ്യപരിശോധനകൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനികനെ ഉത്തരകൊറിയ വിട്ടയച്ചു
അനധികൃതമായി അതിർത്തി കടന്നു; അമേരിക്കൻ സൈനികനെ തടവിലാക്കി ഉത്തരകൊറിയ

അതിർത്തി കടക്കാൻ ശ്രമിക്കുന്നതിന് മുൻപ് ട്രാവിസ് കിങ് സൗത്ത് കൊറിയയിൽ അറുപത് ദിവസത്തോളം തടവിലായിരുന്നു. രണ്ടുപേരെ ആക്രമിക്കുകയും പോലീസ് കാറിൽ ചവുട്ടുകയും ചെയ്തതായിരുന്നു കുറ്റം. ജൂലൈ പത്തിനാണ് ശിക്ഷാ കാലാവധി പൂർത്തിയായി ട്രാവിസ് പുറത്തിറങ്ങുന്നത്. അതിനുപിന്നാലെയാണ് ഉത്തര കൊറിയയും ദക്ഷിണ കൊറിയയുമായി അതിർത്തി സന്ദർശിക്കാൻ എത്തിയ സംഘത്തോടൊപ്പം ട്രാവിസ് അവിടേക്ക് യാത്ര ചെയ്യുന്നത്. വളരെയധികം സുരക്ഷാ ക്രമീകരണമുള്ള ഈ മേഖലയിൽവച്ചാണ് ട്രാവിസ് കിങ് ഉത്തര കൊറിയയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച് പിടിയിലാകുന്നത്.

സൈന്യത്തിലുണ്ടായിരുന്നപ്പോൾ നിരവധി വിവേചനങ്ങളും മനുഷ്യത്വ രഹിതമായ സമീപനങ്ങളും നേരിടേണ്ടി വന്നതിനാൽ മറ്റൊരു അഭയം തേടിയാണ് ട്രാവിസ് എത്തിയത് എന്നായിരുന്നു ഉത്തര കൊറിയയുടെ അന്നത്തെ വിശദീകരണം. അമേരിക്കൻ സൈന്യത്തിൽ ജോലിനോക്കുന്ന സമയത്ത് ട്രാവിസിന് വിവേചനം നേരിടേണ്ടി വന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. സൗത്ത് കൊറിയയിൽ തടവിലായിരുന്ന കാലത്ത് ട്രാവിസിന് നിരവധി മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും അവർ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in