തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, എര്‍ദോഗനും കിലിച്ച്ദറോലുവും നേര്‍ക്കുനേര്‍

തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, എര്‍ദോഗനും കിലിച്ച്ദറോലുവും നേര്‍ക്കുനേര്‍

രാജ്യത്തെ ഒന്നിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് എര്‍ദോഗന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ നേരിട്ടത്. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണയാണ് കിലിച്ച്ദറോലുവിന്റെ കരുത്ത്.

തുര്‍ക്കിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. നിലവിലെ പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗനും കമാൽ കിലിച്ച്ദറോലുവും തമ്മിലാണ് പ്രധാന മത്സരം. ഇന്ത്യന്‍ സമയം രാവിലെ 10 മണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 7 മണിയോടെ അവസാനിക്കും. രാജ്യത്തെ ഒന്നിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് എര്‍ദോഗന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ നേരിട്ടത്. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണയാണ് കമാലിന്റെ കരുത്ത്.

301 ആണ് കേവല ഭൂരിപക്ഷം

600 അംഗ പാര്‍ലമെന്റിലെ 268 സീറ്റുകള്‍ എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയും 50 സീറ്റുകള്‍ സഖ്യകക്ഷിയായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും നേടിയിരുന്നു. 301 ആണ് കേവല ഭൂരിപക്ഷം. കെമാലിന്റെ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി 169 സീറ്റാണ് നേടിയത്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും പണപ്പെരുപ്പത്തില്‍ നിന്നും രാജ്യത്തെ കരകയറ്റുക എന്നതായിരിക്കും അധികാരത്തിലേറുന്ന ഭരണാധികാരിയുടെ ഏറ്റവും വലിയ വെല്ലുവിളി. ആദ്യഘട്ടത്തില്‍ പോളിങ് ശതമാനം 88.8 ആയിരുന്നു. 2.5 ദശലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എര്‍ദോഗന്‍ മുന്നിട്ട് നിന്നത്. ഈ രണ്ടാംഘട്ട തിരഞ്ഞെടുപ്പിലെ എട്ട് ദശലക്ഷം ആളുകളുടെ വോട്ടിലാണ് എല്ലാ പാര്‍ട്ടികളും ഉറ്റുനോക്കുന്നത്. കള്ളവോട്ട് നടക്കില്ലെന്ന് ഉറപ്പാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സന്നദ്ധപ്രവര്‍ത്തകരേയും വിന്യസിച്ചിട്ടുണ്ട്.

ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. വ്യത്യസ്തമായ പ്രസിഡന്‍ഷ്യല്‍ ഭരണമായിരിക്കും വിജയിച്ചാല്‍ നടപ്പിലാക്കുക എന്നതായിരുന്ന കമാലിന്റെ വാഗ്ദാനം. 'കൊട്ടാരങ്ങളില്‍ ജീവിക്കാന്‍ എനിക്ക് താത്പര്യമില്ല, ഞാന്‍ നിങ്ങളെപ്പോലെ തന്നെ സാധാരണക്കാനായി ജീവിക്കും' - എന്നാണ് കമാൽ കിലിച്ച്ദറോലു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നത്. 2014ല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മുതൽ അങ്കാറയിലെ കൊട്ടാരത്തിലായിരുന്നു എർദോഗാന്റെ താമസം.

2016 ല്‍ സൈനിക അട്ടിമറിയെ എര്‍ദോഗന്‍ മറികടന്നപ്പോള്‍ ആയിരക്കണക്കിനാളുകളെ തടവിലാക്കുകയും മാധ്യമങ്ങൾക്കുമേൽ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അട്ടിമറികളുടെയും ഭരണകൂടങ്ങളുടെയും യുഗം അവസാനിക്കാന്‍ പോകുകയാണെന്നും കമാല്‍ കിലിച്ച്ദറോലു ഇതിനിടെ പറഞ്ഞിരുന്നു. സ്വേച്ഛാധിപത്യ ഭരണവുമായാണ് എര്‍ദോഗാൻ ഭരണത്തെ അദ്ദേഹം താരതമ്യപ്പെടുത്തിയത്.

കുര്‍ദിഷ് വിഭാഗക്കാരോടുള്ള എതിര്‍പ്പ്, 2016ലെ അട്ടിമറി ശ്രമം, സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം എന്നീ പ്രശ്‌നങ്ങള്‍ കാരണം തുര്‍ക്കിയിലെ രാഷ്ട്രീയം കലുഷിതമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി കേന്ദ്രമാണ് തുര്‍ക്കി. ഏകദേശം 5 ദശലക്ഷം കുടിയേറ്റക്കാരാണ് തുര്‍ക്കിയിലുള്ളത്. അതില്‍ 3.3 ദശലക്ഷം സിറിയക്കാരാണ്.

കുര്‍ദിഷ് അനുകൂല എച്ച്ഡിപി പാര്‍ട്ടിയുടെ പിന്തുണ കെമാലിനാണുള്ളത്

കിലിച്ച്ദറോലുവിന് പിന്തുണയുമായി തീവ്ര വലതുപക്ഷ നേതാവ് ഉമിത് ഓസ്താഗ് രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പാര്‍ട്ടി 1.2 ദശലക്ഷം വോട്ടുകളാണ് ഇത്തവണ നേടിയത്. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ഒരു വര്‍ഷത്തിനുള്ളില്‍ 13 ദശലക്ഷം കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ കെമാല്‍ കിലിച്ച്ദറോലു സമ്മതമറിയിച്ചതാണ് പിന്തുണ പ്രഖ്യാപിക്കാനുള്ള കാരണം.

തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് സിനാന്‍ ഓഗന്‍ നയിക്കുന്ന എംഎച്ച്പിയുടെ പിന്തുണയാണ് എര്‍ദോഗന് ഉള്ളത്. കുര്‍ദിഷ് അനുകൂല എച്ച്ഡിപി പാര്‍ട്ടിയുടെ പിന്തുണ കമാലിനാണുള്ളത്. കുര്‍ദിഷ് ജനതയെ എപ്പോഴും അടിച്ചമര്‍ത്തിയിട്ടുള്ള എര്‍ദോഗന്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ആര് വിജയിച്ചാലും തുര്‍ക്കിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും പണപ്പെരുപ്പത്തില്‍ നിന്നും കരകയറ്റുക എന്നതായിരിക്കും പ്രധാന വെല്ലുവിളി.

logo
The Fourth
www.thefourthnews.in