ട്വിറ്ററില്‍ ഇനി വാർത്തകളും ലേഖനങ്ങളും വായിക്കാന്‍ പണമടക്കേണ്ടിവരും- ഇലോൺ മസ്ക്

ട്വിറ്ററില്‍ ഇനി വാർത്തകളും ലേഖനങ്ങളും വായിക്കാന്‍ പണമടക്കേണ്ടിവരും- ഇലോൺ മസ്ക്

നീണ്ട വീഡിയോകളും ലേഖനങ്ങളും വായിക്കാൻ വരിക്കാരല്ലാത്ത ഉപയോക്താക്കളിൽ നിന്ന് കൂടുതൽ പണം ഈടാക്കും

ട്വിറ്ററില്‍ ലേഖനങ്ങള്‍ വായിക്കുന്നതിന് ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കാന്‍ പ്രസാധകരെ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക്. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യാത്ത ഉപയോക്താക്കളില്‍ നിന്ന് ലേഖനങ്ങള്‍ വായിക്കുന്നതിന് കൂടുതല്‍ പണം ഈടാക്കുന്നതായിരിക്കുമെന്നും ഈ ഫീച്ചര്‍ മെയ്മാസത്തോടെ ട്വിറ്റർ നടപ്പാക്കുമെന്നും സിഇഓ ഇലോണ്‍ മസ്‌ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു.

കണ്ടന്റ് സബ്‌സ്‌ക്രിപ്ഷനില്‍ ആദ്യ വര്‍ഷം നിരക്കില്‍ ഇളവുകളുണ്ടാകില്ലെന്നും രണ്ടാം വര്‍ഷം 10 ശതമാനമായി നിരക്ക് വെട്ടികുറയ്ക്കുമെന്നും ഇലോണ്‍ മസ്‌ക് വെളളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. നീണ്ട ലേഖനങ്ങള്‍ക്കും വീഡിയോകള്‍ക്കും ഈ സബ്‌സ്‌ക്രിപ്ഷന്‍ ബാധകമാണ്.

2022 ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍, പരസ്യത്തിലൂടെയുളള വരുമാനം ഇടിഞ്ഞതോടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി വിവിധ മാര്‍ഗങ്ങളാണ് ഇലോണ്‍ മസ്‌ക് സ്വീകരിച്ചിരിക്കുന്നത്. മസ്‌കിന്റെ ഉടമസ്ഥതയില്‍ ട്വിറ്റര്‍ ജീവനക്കാരുടെ എണ്ണം 7500ല്‍ നിന്ന് 1500ആയി വെട്ടിക്കുറച്ചു. ഇത് മോഡറേഷന്‍ മാനദണ്ഡങ്ങളുമായും യൂറോപ്യന്‍ മാനദണ്ഡങ്ങളുമായും പിടിച്ച് നില്‍ക്കാന്‍ കമ്പനിക്ക് സാധിക്കുമോ എന്ന ഭയത്തിലേയ്ക്ക് നയിച്ചിരിക്കുകയാണ്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിനുളള യൂറോപ്യന്‍ യൂണിയന്റെ റെഗുലേഷന് തയ്യാറല്ലെന്ന് ട്വിറ്റര്‍ മുമ്പെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. യൂണിയന്‍ മുമ്പോട്ട് വെയ്ക്കുന്ന മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ആഗോള വിറ്റുവരവിന്റെ 6% പിഴയും ഏറ്റവും മോശമായ കേസുകളില്‍ സേവനം താത്കാലികമായി നിര്‍ത്തിവയ്ക്കലുമായിരിക്കും ശിക്ഷ.

ഓരോ പ്ലാറ്റ്ഫോമുകളും യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ പ്രകാരം, തെറ്റായ വിവരങ്ങള്‍, സ്ത്രീവിരുദ്ധത, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങൾ, തിരഞ്ഞെടുപ്പ് കൃത്രിമം എന്നിവ പോലുള്ള ഹാനികരമായ ഉള്ളടക്കത്തിന്റെ അപകടസാധ്യതകള്‍ വിവരിക്കുന്ന പ്രതിവര്‍ഷ റിസ്‌ക് വിലയിരുത്തലുകള്‍ നടത്തേണ്ടതായിട്ടുണ്ട്. ഇത്തരം അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് അതത് പ്ലാറ്റ്‌ഫോമുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മോഡറേഷന്‍ സംവിധാനങ്ങളും മാനദണ്ഡങ്ങളും യൂറോപ്യന്‍ യൂണിയന്‍ പരിശോധിക്കുന്നതുമാണ്.

തുടർന്ന് പരസ്യം ഉപയോഗിച്ച് കുട്ടികളെ തെറ്റായ രീതികളിലേക്ക് ആകർഷിക്കുന്ന കമ്പനികളെ പ്രൊഫൈലുകൾ നിർമ്മിക്കുന്നതിൽ നിന്നും വിലക്കും.പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനും അവരെ സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികളും ഏർപ്പെടുത്തേണ്ടതായുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കം എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയണം.

logo
The Fourth
www.thefourthnews.in