അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പ്;  രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പ്; രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട ഹെസദ്ദീനും അംജദും പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് അംഗങ്ങള്‍

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ രണ്ട് പലസ്തീന്‍ യുവാക്കളെ വെടിവെച്ച് കൊന്നു. ഹെസദ്ദീന്‍ ബേസം ഹമാമ്രെ (24), അംജദ് അദ്നാന്‍ ഖലിലിയെ (23)എന്നിവരാണ് കൊല്ലപ്പെട്ടത് . തെക്കന്‍ ജെനിനിലെ ജബാ മേഖലയിലാണ് ഇസ്രായേല്‍ സൈന്യത്തിന്‌റെ ക്രൂരമായ നടപടിയുണ്ടായതെന്ന് പലസ്തീന്‍ സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട ഹെസദ്ദീനും അംജദും സംഘാംഗങ്ങളാണെന്ന് വ്യക്തമാക്കി പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് രംഗത്തെത്തി. ഇരുവരെയും 'വീര രക്തസാക്ഷികള്‍' എന്നാണ് സംഘടന വിശേഷിപ്പിച്ചത്. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ക്രൂരതയ്ക്കെതിരെ പ്രതികരിച്ചപ്പോഴാണ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തതെന്നും സംഘടന വ്യക്തമാക്കുന്നു.

ഇസ്രായേലികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പലസ്തീന്‍ യുവാവ് യാസീൻ സമർ ജബാരി ജനുവരി രണ്ടിനാണ് മരിച്ചത്. ജനീനിന് സമീപം കുഫ്ർദാനിൽ സൈനിക റെയ്ഡിനിടെയാണ് ജബാരിക്ക് പരുക്കേറ്റത്. മറ്റ് രണ്ട് പലസ്തീന്‍ പൗരന്മാര്‍ കൂടി ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ 2023ല്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12 ആയി. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

കഴിഞ്ഞവര്‍ഷം ഇസ്രയേലില്‍ 149 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മുപ്പതിലേറെ പേരും കുട്ടികളാണ്. 9,000ത്തിലേറെ പേര്‍ക്കാണ് വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പരുക്കേറ്റത്.

1967ലാണ് വെസ്റ്റ്ബാങ്കില്‍ ഇസ്രയേൽ ആധിപത്യം ഉറപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചില്‍ ഇസ്രായേലിലുള്ള പലസ്തീനികള്‍ സൈന്യത്തിനെതിരെ സായുധപോരാട്ടം ആരംഭിച്ചു. ഇതോടെ ബ്രേക്ക് ദ വേവ് എന്ന പേരിൽ ഇസ്രായേലി സൈന്യം ഒരു ക്യാമ്പെയ്‌നിന് തുടക്കമിട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രതിദിനം റെയ്ഡുകളും കൂട്ട അറസ്റ്റുകളും ഈ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു. ഇതോടെയാണ് പലസ്തീൻ സായുധ പ്രതിരോധം കൂടുതൽ സംഘടിതമായി വളർന്നത്.

അതിനിടെ ബ്രസീലില്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ലുല ഡ സിൽവ, പലസ്തീന്‍ അനുകൂല നിലപാട് വ്യക്തമാക്കി ഇസ്രായേലിലെ ബ്രസീലിന്റെ അംബാസഡര്‍ സ്ഥാനം റദ്ദ് ചെയ്തു. ഇസ്രായേലിലെ ബ്രസീലിന്റെ പ്രതിനിധി ഗെർസൺ മെനാൻഡ്രോ ഗാർസിയ ഡി ഫ്രീറ്റാസിനെയാണ് ലുല സിൽവ സ്ഥാനഭൃഷ്ടനാക്കിയത്.

logo
The Fourth
www.thefourthnews.in