boris johnson
boris johnson

അപ്രതീക്ഷിത തിരിച്ചടിയിൽ അടിപതറി; ബോറിസ് ജോൺസൺ രാജിവച്ചു

കാവല്‍ പ്രധാനമന്ത്രിയായി തുടരും

ബ്രിട്ടനിൽ രണ്ട് ദിവസമായി നടമാടുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു. സർക്കാരിനെ നയിക്കാൻ ബോറിസ് യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാരുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും രാജി സൃഷ്‌ടിച്ച സമ്മർദ്ദമാണ് ബോറിസിനെ രാജിയിലേക്ക് നയിച്ചത്.

കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്ത് നിന്ന് രാജി വെച്ച ബോറിസ്, പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും. വരുന്ന ഒക്ടോബറിലായിരിക്കും പാർട്ടി ഇലക്ഷൻ നടക്കുക.

ബോറിസിന്റെ മന്ത്രിസഭയിലെ 50-ലധികം ജൂനിയർ, സീനിയർ അംഗങ്ങളും ഉയർന്ന റാങ്കിംഗ് ഉദ്യോഗസ്ഥരും രാജിവെച്ചിരുന്നു

മുൻ ധനമന്ത്രി ഋഷി സുനക്കും മുൻ ആരോഗ്യമന്ത്രി സാജിദ് ജാവിദും ചൊവ്വാഴ്ച രാജിവച്ചതിന് ശേഷം ബോറിസിന്റെ മന്ത്രിസഭയിലെ 50-ലധികം ജൂനിയർ, സീനിയർ അംഗങ്ങളും ഉയർന്ന റാങ്കിംഗ് ഉദ്യോഗസ്ഥരും രാജിവെച്ചിരുന്നു. തന്റെ വിശ്വസ്ഥരടങ്ങുന്ന ഒരു കൂട്ടം മന്ത്രിമാർ രാജി വെച്ചിട്ടും, സ്ഥാനമൊഴിയാൻ കൂട്ടാക്കാതെ തുടരുകയായിരിന്നു ബോറിസ്.

ബുധനാഴ്ച രാത്രി വൈകും വരെ ജോൺസൺ രാജിവെക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നിരുന്നു. കഴിഞ്ഞ മാസം വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ച ബോറിസ് പുതിയൊരു വോട്ടെടുപ്പ് കൂടി നേരിടാൻ ഒരുങ്ങുകയാണ് എന്നായിരുന്നു റിപ്പോർട്ടുകൾ. പാർട്ടിയിൽ നിന്നും വർധിച്ചുവരുന്ന സമ്മർദ്ദമാണ് ഇപ്പോൾ രാജിയിലേക്ക് എത്തിച്ചിരിക്കുന്നത്.

ലൈംഗിക ദുരുപയോഗ ആരോപണങ്ങൾ നേരിടുന്ന ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതും 'പാർട്ടിഗേറ്റ്' വിവാദം ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങളും ബോറിസിനെതിരെയുള്ള അമർഷവും അതൃപ്തിയും കൺസർവേറ്റീവ് പാർട്ടിയിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായി.

2016 ൽ നടന്ന ബ്രെക്സിറ്റ് തർക്കങ്ങൾ പരിഹരിച്ച് ബ്രിട്ടനെ യൂറോപ്പ്യൻ യൂണിയനിൽ നിന്ന് പുറത്തുകൊണ്ടുവരാമെന്ന വാഗ്ദാനം നൽകിയാണ് മൂന്ന് വർഷം മുമ്പ് ജോൺസൺ അധികാരത്തിൽ എത്തിയത്. 2019 ഡിസംബറിൽ നടന്ന തെരെഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടായി. വലിയ ഭൂരിപക്ഷത്തിലാണ് ബോറിസ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഭരണത്തിൽ കേറിയ ശേഷം സ്വീകരിച്ച ജനവിരുദ്ധ നടപടികളും അഴിമതി ആരോപണങ്ങളും ബോറിസിന്റെ ജനപ്രീതി ഇല്ലാതാക്കി. അടുത്തിടെ ബ്രിട്ടനിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പും ഈ വാദത്തിന് അടിവരയിടുന്നു.

logo
The Fourth
www.thefourthnews.in