വോള്‍ക്കര്‍ ടര്‍ക്ക്
വോള്‍ക്കര്‍ ടര്‍ക്ക്

ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം ശക്തം; തീരുമാനം ആശങ്കപ്പെടുത്തുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷണർ

ബ്രിട്ടന്റെ ഈ തീരുമാനം അന്താരാഷ്ട്ര മനുഷ്യാവകാശ- അഭയാര്‍ഥി നിയമ പ്രകാരമുള്ള ഉടമ്പടിയില്‍ നിന്നുള്ള വ്യതിചലനമാണ്

ബ്രിട്ടന്റെ കുടിയേറ്റ വിരുദ്ധ തീരുമാനത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ബ്രിട്ടന്റെ ഈ നടപടി ആശങ്കയുണ്ടാക്കുന്നതെന്നും രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നും ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പ്രതികരിച്ചു. അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറുന്നവര്‍ക്കൊന്നും അഭയം നല്‍കില്ലെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ് ബ്രിട്ടണ്‍.

ഇംഗ്ലീഷ് ചാനല്‍ വഴി ചെറു ബോട്ടുകളില്‍ രാജ്യത്തേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. ഇങ്ങനെയെത്തുന്നവരെ സ്വന്തം രാജ്യത്തേക്കോ റുവാണ്ട പോലുള്ള രാജ്യങ്ങളിലേക്കോ അയക്കുമെന്നാണ് പ്രഖ്യാപനം. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുമാവില്ല. തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭാ അഭയാര്‍ഥി കൗണ്‍സിലും ആശങ്കയറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടര്‍ക്കിന്‌റെ പ്രതികരണം.

ഈ തീരുമാനം അന്താരാഷ്ട്ര മനുഷ്യാവകാശ- അഭയാര്‍ഥി നിയമങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്നുള്ള ബ്രിട്ടന്‌റെ വ്യതിചലനമാണെന്ന് വോള്‍ക്കര്‍ ടര്‍ക്ക് കുറ്റപ്പെടുത്തി. 'ബ്രിട്ടന്റെ ഈ പുതിയ നിയമം മനുഷ്യാവകാശമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ആളുകളുടെ വ്യക്തിഗത വിലയിരുത്തലിനുള്ള അവകാശത്തെപ്പോലും ഇത് ലംഘിക്കുന്നതാണ്. സ്വന്തം രാജ്യം വിടേണ്ടിവരുന്നവര്‍, അനധികൃത കുടിയേറ്റക്കാരാണെങ്കില്‍ പോലും മനുഷ്യത്വപരമായ എല്ലാ ബഹുമാനവും അർഹിക്കുന്നു.' ടര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

നിയമവിരുദ്ധമായി ബ്രിട്ടനിലെത്തുന്നവരെ തടഞ്ഞുവെച്ച് അവരവരുടെ രാജ്യത്തേക്കോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്കോ തിരിച്ചയക്കുകയും പിന്നീട് ഒരിക്കലും ബ്രിട്ടനിലേക്ക് തിരിച്ച് വരാന്‍ കഴിയാത്ത രീതിയില്‍ വിലക്കാനുമാണ് ബ്രിട്ടന്റെ പുതിയ തീരുമാനം. കഴിഞ്ഞ വര്‍ഷം 4500 ലധികം പേരാണ് അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in