അക്രമം അവസാനിപ്പിക്കണം; മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും ബഹുമാനിക്കണം: മ്യാന്മറിനെതിരെ യുഎന്‍

അക്രമം അവസാനിപ്പിക്കണം; മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും ബഹുമാനിക്കണം: മ്യാന്മറിനെതിരെ യുഎന്‍

എല്ലാ തരത്തിലുള്ള അക്രമങ്ങളും ഉടൻ അവസാനിപ്പിക്കണം. ഓങ് സാന്‍ സ്യൂചി, വിൻ മൈന്റ് ഉള്‍പ്പെടെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്നും പ്രമേയം

മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും ബഹുമാനിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. എല്ലാ തരത്തിലുള്ള അക്രമങ്ങളും ഉടൻ അവസാനിപ്പിക്കണം. ഓങ് സാന്‍ സ്യൂചി, വിൻ മൈന്റ് ഉള്‍പ്പെടെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. മ്യാന്മര്‍ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്തെ പ്രക്ഷുബ്ധമായ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎന്‍ ആദ്യമായാണ് പ്രമേയം പാസാക്കുന്നത്. 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയും ചൈനയും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

രാജ്യത്തെ എല്ലാ തരത്തിലുള്ള അക്രമങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രമേയം മ്യാന്മറിനോട് ആവശ്യപ്പെടുന്നു

രാജ്യത്തെ എല്ലാ തരത്തിലുള്ള അക്രമങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രമേയം മ്യാന്മറിനോട് ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്കുനേരെയുള്ള അക്രമം അവസാനിപ്പിച്ച് പൗരസ്വാതന്ത്ര്യത്തിന് വില കല്പിക്കാന്‍ സൈനിക ഭരണകൂടം തയ്യാറാകണം. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും ബഹുമാനിക്കണം. പീഡിപ്പിക്കപ്പെടുന്ന മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യകൾ ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കും കുടിയിറക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട്, അക്രമത്തിന് ഇരയായവർക്ക് കൂടുതൽ മാനുഷിക സഹായം നൽകണം. ഓങ് സാന്‍ സ്യൂചി, മുന്‍ പ്രസിഡന്റ് വിന്‍ മിന്റ് തുടങ്ങി അന്യായമായി തടവില്‍വെച്ചിരിക്കുന്ന നേതാക്കളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

മ്യാന്മര്‍ സ്വാതന്ത്ര്യം നേടിയ ശേഷം, രാജ്യത്തെ പ്രക്ഷുബ്ധമായ സ്ഥിതിഗതികള്‍ സംബന്ധിച്ച് യുഎന്‍ ആദ്യമായാണ് പ്രമേയം പാസാക്കുന്നത്. ഇതിന് മുന്‍പ്, അംഗത്വം അംഗീകരിച്ചുകൊണ്ട് 1948ലാണ് യുഎന്‍ പ്രമേയം പാസാക്കിയിട്ടുള്ളത്. അതേസമയം, മ്യാന്മറിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച 15 അംഗ രക്ഷാസമിതിയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത പ്രമേയത്തിന്റെ വോട്ടെടുപ്പിലും പ്രതിഫലിച്ചു. 12 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍, ഇന്ത്യക്കൊപ്പം റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്ന് വിട്ടു.

ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയാകെ അട്ടിമറിച്ചുകൊണ്ട് സൈന്യ ഭരണം ഏറ്റെടുത്തശേഷം, രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ 16,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായവരിൽ 13,000-ത്തിലധികം പേർ ഇപ്പോഴും തടവിലാണ്. ഇക്കാലയളവിൽ ഏകദേശം 2,465 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സൈനിക അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു

2020 നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ സ്യൂചിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി, സൈനിക പിന്തുണയുള്ള പാര്‍ട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് വന്‍ ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്കുശേഷം തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സ്യൂചിയുടെ പാര്‍ട്ടിയെ സര്‍ക്കാര്‍ രുപീകരിക്കുന്നതില്‍നിന്ന് സൈന്യം തടഞ്ഞു. അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈന്യം സ്യൂചി ഉള്‍പ്പെടെ നേതാക്കളെ തടവിലാക്കുകയും ചെയ്തു. സൈനിക അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജനാധിപത്യ അനുകൂല പ്രക്ഷോഭകർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരെ സൈന്യം നടപടികൾ സ്വീകരിച്ച് വരികയായിരുന്നു.

പ്രമേയത്തെ യുഎസ് സ്വാഗതം ചെയ്തു. പ്രമേയം അംഗീകരിച്ചതിന് രക്ഷാ സമിതിയെ അഭിനന്ദിക്കുന്നതായി യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പ്രസ്താവനയിൽ പറഞ്ഞു. ഇത് രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് മാത്രമാണ്. ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മ്യാന്മർ സൈനിക ഭരണകൂടത്തിന്റെ അക്രമങ്ങൾക്കെതിരെ രക്ഷാ സമിതി തുടർന്നും നടപടികൾ സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in