'ബൈഡൻ' ജയിച്ചില്ല, 'ട്രംപ്' തോറ്റു: സങ്കീർണം യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് വിധി

'ബൈഡൻ' ജയിച്ചില്ല, 'ട്രംപ്' തോറ്റു: സങ്കീർണം യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് വിധി

ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകമായി വിലയിരുത്തുന്നത് യുവ വോട്ടര്‍മാരുടെ സാന്നിധ്യമാണ്

യുഎസ് സെനറ്റിലേക്കും ജനപ്രതിനിധിസഭയിലേക്കുമുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഒരു വമ്പൻ റിപ്പബ്ലിക്കന്‍ അനുകൂല 'ചുവപ്പ് തരംഗം' ഉണ്ടാകുമെന്നായിരുന്നു മാധ്യമങ്ങളും, രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായ വോട്ടെടുപ്പ് കേന്ദ്രങ്ങളും പ്രവചിച്ചിരുന്നത്. പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധന വിലവര്‍ധന, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം എന്നിവ ബൈഡൻ ഭരണകൂടത്തിനെതിരായ ഘടകങ്ങളായി മാറും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ നെവാഡയില്‍ സെനറ്ററായി കാതറിന്‍ കോര്‍ട്ടസ് മാസ്റ്റയുടെ വിജയത്തോടെ 50 സീറ്റുകളുമായി ഡെമോക്രാറ്റിക്‌ പാർട്ടി സെനറ്റിൽ ആധിപത്യം നേടി. ജനപ്രതിനിധിസഭ റിപ്പബ്ലിക്കൻ പാർട്ടി പിടിച്ചെടുത്തുവെങ്കിലും അവർ പ്രതീക്ഷിച്ച വിജയം നേടാനായില്ല.

ഇപ്പോള്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് 50ഉം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49ഉം സീറ്റുകളാണ് ഉളളത്. കൂടാതെ ജോര്‍ജിയയിലെ ഡെമോക്രാറ്റ് സെനറ്റര്‍ റഫായേൽ വാര്‍നോക്കും റിപ്പബ്ലിക്കൻ ഹെര്‍ഷല്‍ വാക്കറും തമ്മിലുള്ള മത്സരത്തില്‍ ആര്‍ക്കും 50% വോട്ട് നേടാനാകാത്തതുകൊണ്ടു ജോര്‍ജിയയില്‍ വീണ്ടും മത്സരത്തിന് കളമൊരുങ്ങി. ഡിസംബര്‍ ആറിന് നടക്കുന്ന പോരാട്ടത്തില്‍ വാര്‍നോക്ക് പരാജയപ്പെട്ടാലും ഡെമോക്രാറ്റുകള്‍ വലിയ പ്രതിസന്ധി നേരിട്ടേക്കില്ല. 50-50 എന്ന സീറ്റുനിലയിലെത്തുന്ന ഉപരിസഭയായ സെനറ്റില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നതിനാല്‍ ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ മുന്‍തൂക്കം നേടാനാവും. ഫെഡറല്‍ ജഡ്ജിമാര്‍, സുപ്രീം കോടതി ജസ്റ്റിസുമാര്‍ എന്നിവരുടെ നിയമനം ഉള്‍പ്പെടെയുള്ള വൈറ്റ് ഹൗസിന്റെ ശുപാര്‍ശകള്‍ അംഗീകരിക്കേണ്ടതും സെനറ്റാണ്. ഗര്‍ഭഛിദ്രാവകാശം പോലുള്ള നിര്‍ണായക നയങ്ങളില്‍ 60 വോട്ടുകള്‍ എങ്കിലും സെനറ്റിൽ നേടിയാലെ നിയമനിര്‍മാണം നടത്താനാകൂ എന്ന വെല്ലുവിളി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.

അവസാനവട്ട സീറ്റുനില അറിയാൻ ഇനിയും ദിവസങ്ങൾ എടുക്കുമെങ്കിലും 218 സീറ്റുകളോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ജനപ്രതിനിധി സഭയില്‍ പ്രസിഡന്റ് ജോ ബൈഡന്റെ അജണ്ടകള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരും എന്നതിൽ തർക്കമില്ല. ബൈഡന്റെ മകന്‍ ഹണ്ടറിന്റെ ബിസിനസ് ഇടപാടുകള്‍ അന്വേഷിക്കുന്നതിന് പ്രാമുഖ്യം കൊടുക്കുമെന്ന് അവർ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. എന്നിരുന്നാലും ഇപ്പോൾ തന്നെ 210 ഡെമോക്രാറ്റിക്‌ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ട് പ്രധാന ബില്ലുകളില്‍ ചില മധ്യപക്ഷ റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ നേടി നിയമനിര്‍മാണങ്ങളുമായി മുന്നോട്ടുപോകാനായിരിക്കും ബൈഡൻ ഭരണകൂടത്തിന്റെ ശ്രമം.

ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ അധികാരത്തിലുള്ള പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടുമെന്നതാണ് അമേരിക്കയുടെ ചരിത്രം. അതിനാല്‍ നിലവിലെ സാഹചര്യങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ വിജയം തന്നെയാണ്.

ഏത് അളവുകോലെടുത്ത് പരിശോധിച്ചാലും ഇടക്കാല തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പ്രഹരമേറ്റത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ്. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ട്രംപിന്റെ പ്രചാരണങ്ങളത്രയും. രാജ്യവ്യാപകമായി നടത്തിയ റാലികളിലെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആവര്‍ത്തിച്ചു. എന്നാല്‍ ട്രംപിന്റെ നിലപാടുകള്‍ ഏറ്റുപിടിച്ച ഭൂരിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കും തോല്‍വി ഏറ്റുവാങ്ങാനായിരുന്നു വിധി. ഗര്‍ഭച്ഛിദ്രാവകാശം, 2020 തിരഞ്ഞെടുപ്പ് ഫലങ്ങളെ തള്ളി പറയുക തുടങ്ങിയ വിഷയങ്ങളില്‍ തീവ്രനിലപാട് സ്വീകരിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ജനങ്ങളുടെ മറുപടി കൂടിയായിരുന്നു ഈ വിധി. പിന്തിരിപ്പൻ അജണ്ടകള്‍ക്കും ക്യാപിറ്റോള്‍ ആക്രമണത്തിനും ചുക്കാന്‍ പിടിച്ച ട്രംപ് അനുകൂല റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ജനങ്ങള്‍ നിരാകരിക്കുന്നു എന്നതിന്റെ ഉദാഹരണവുമാണിത്. ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളിലും ഇത് പ്രകടമാണ്. ട്രംപിന്റെ അവകാശവാദങ്ങളെ ഏറ്റുപിടിച്ച റിപ്പബ്ലിക്കന്‍ ഗവർണർ സ്ഥാനാർഥി കാരി ലേക്, റിപ്പബ്ലിക്കന്‍ ചായ്‌വുള്ള അരിസോണയില്‍ പരാജയപെട്ടത് ശ്രദ്ധേയമാണ്.

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്കു കാരണം ട്രംപാണെന്ന് ചില റിപ്പബ്ലിക്കന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരുകാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്ന ചിലരും പുതിയ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. എന്നാല്‍ 2024 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ചൊവ്വാഴ്ച ഉണ്ടായത്. ഇവിടെ ട്രംപിന് പ്രധാന വെല്ലുവിളിയാകുന്നത് ഫ്ലോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് നേടിയ ഉജ്ജ്വല വിജയമാണ്. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രൈമറി തിരഞ്ഞെടുപ്പിലെ ട്രംപിന്റെ മുഖ്യ എതിരാളിയായേക്കാം ഡിസാന്റിസ്. അതുകൊണ്ട് തന്നെ ഡിസാന്റിസിനെതിരായ നീക്കങ്ങളും ട്രംപ് ആരംഭിച്ചിട്ടുണ്ട്.

ഇത്തവണത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകമായി വിലയിരുത്തുന്നത് യുവ വോട്ടര്‍മാരുടെ സാന്നിധ്യമാണ്. വോട്ടിങ്ങില്‍ യുവാക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഭാവിയിലെ അമേരിക്കന്‍ രാഷ്ട്രീയത്തെ എങ്ങനെ രൂപപ്പെടുത്താന്‍ പോകുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. 90കളുടെ അവസാന പകുതിയില്‍ ജനിച്ച (ജനറേഷൻ Z) തലമുറയില്‍ പെട്ട മാക്‌സ്വെല്‍ ഫ്രോസ്റ്റ് ഫ്ലോറിഡയിലെ 10-ാമത് കോണ്‍ഗ്രസ്സ് ഡിസ്ട്രിക്ടില്‍ നേടിയ വിജയം തിളക്കമാർന്നതാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ ഈ ഇരുപത്തിയഞ്ചുകാരന്റെ വിജയം തോക്ക് സുരക്ഷാ നിയമങ്ങള്‍, കാലാവസ്ഥാ മുന്നേറ്റം മുതലായവയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയും പുരോഗമന ആശയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്ക് ആവേശം പകരുന്നതാണ്.

(തിരുവനന്തപുരം സ്വദേശിയായ വിനീത കൃഷ്ണൻ ന്യൂ ജേഴ്സിയിൽ സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ്)

logo
The Fourth
www.thefourthnews.in