സൊമാലിയയിൽ യുഎസ്
സൈനിക നടപടി; 11 ഐഎസ് ഭീകരരെ വധിച്ചു

സൊമാലിയയിൽ യുഎസ് സൈനിക നടപടി; 11 ഐഎസ് ഭീകരരെ വധിച്ചു

ഐഎസ് നേതാവ് ബിലാൽ അൽ സുഡാനിയെ പിടികൂടാനുള്ള ശ്രമത്തിന് പിന്നാലെ ഏറ്റുമുട്ടല്‍

വടക്കൻ സൊമാലിയയുടെ ഉൾപ്രദേശങ്ങളിൽ യുഎസ് സൈന്യത്തിന്റെ പ്രത്യേക സൈനിക ഓപ്പറേഷന്‍. ഐ എസിന്റെ പ്രധാന സാമ്പത്തിക സഹായിയായ ബിലാൽ അൽ സുഡാനിയെ ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടി . ബിലാൽ അൽ സുഡാനി ഉള്‍പ്പെടെ 11 ഭീകരര്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഐ എസിന്റെ പ്രധാന സാമ്പത്തിക സഹായിയായ ബിലാൽ അൽ സുഡാനിയെ ലക്ഷ്യമിട്ട് സൊമാലിയയിലെ പണ്ട്‌ലാൻഡ് മേഖലയിലെ ഒരു പർവത ഗുഹ സമുച്ചയത്തിൽ വ്യാഴാഴ്ച പുലർച്ചെ ആണ് സൈന്യം ആക്രമണം നടത്തിയത്. സംഘടനയുടെ പ്രധാന പ്രാദേശിക നേതാക്കളിൽ ഒരാളാണ് ബിലാൽ അൽ-സുഡാനി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിന് പിന്നാലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളടക്കം 11 ഭീകരർ കൊല്ലപ്പെട്ടത്.

ആഫ്രിക്കയിൽ ഐഎസിന്റെ സ്വാധീനം വളർത്തിയെടുക്കുന്നതിനും അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ ലോകമെമ്പാടും ഐഎസിന്റെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനും അൽ സുഡാനി മുഖ്യ പങ്ക് വഹിച്ചിരുന്നുവെന്ന് യുഎസ് വ്യക്തമാക്കുന്നു. ഏറ്റുമുട്ടലുകളില്‍ അമേരിക്കയുടെ ഒരു സൈനികന് പോലും പരുക്കേറ്റിട്ടിട്ടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.

2021 ഓഗസ്റ്റിൽ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബാക്രമണം നടത്തിയ ഐഎസ് സംഘത്തിന് ബിലാൽ അൽ സുഡാനിയുടെ സ്വാധീനമുണ്ടായിരുന്നെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ഏറ്റുമുട്ടലിന് ശേഷം ഭീകരരുടെ താവളത്തില്‍ നിന്നും സുപ്രധാന തെളിവുകള്‍ ശേഖരിച്ചതായും യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു. ആക്രമണങ്ങളില്‍ തദ്ദേശവാസികള്‍ക്കോ വസ്തുവകകള്‍ക്കോ നാശനഷ്ടമുണ്ടായില്ലെന്ന് യുഎസ് അറിയിച്ചു. എന്നാല്‍ സൈനിക നീക്കം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും യുഎസ് പുറത്തുവിട്ടിട്ടില്ല.

logo
The Fourth
www.thefourthnews.in