പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കം തടുക്കാൻ നടപടി; സോളമൻ ദ്വീപുകളില്‍ എംബസി തുറന്ന് അമേരിക്ക

പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കം തടുക്കാൻ നടപടി; സോളമൻ ദ്വീപുകളില്‍ എംബസി തുറന്ന് അമേരിക്ക

തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവർത്തിക്കുക. 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകള്‍

ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യവുമായി 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്ക സോളമൻ ദ്വീപുകളില്‍ എംബസി തുറക്കുന്നു. കഴിഞ്ഞ വര്‍ഷം സോളമൻസുമായി സുരക്ഷാ ഉടമ്പടി ഉണ്ടാക്കിയതിന് ശേഷം ഇന്തോ-പസഫിക് മേഖലയില്‍ ബീജിങ്ങിന്റെ സൈനിക നീക്കങ്ങളുണ്ടാക്കിയ ആശങ്കകള്‍ക്കിടയിലാണ് തീരുമാനം. പസഫിക്ക് ലക്ഷ്യം വെച്ചുള്ള ചൈനയുടെ നീക്കം പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമാണ് പുതിയ എംബസി. തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവർത്തിക്കുക. 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകള്‍.

കഴിഞ്ഞ വർഷം യുഎസ് നയതന്ത്രജ്ഞർ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ തന്നെ പസഫിക് ദ്വീപ് രാഷ്ട്രത്തില്‍ ഒരു നയതന്ത്ര ദൗത്യം ആരംഭിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. 'ലോകത്തെ മറ്റേത് ഭാഗത്തെക്കാളും 21-ാം നൂറ്റാണ്ടില്‍ ലോകത്തിലെ സഞ്ചാരപഥം രൂപപ്പെടുത്തുന്നത് പസഫിക് ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖലയാണ്'-യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ശീതയുദ്ധാനന്തരമുള്ള ബജറ്റ് വെട്ടിച്ചുരുക്കലുകളുടെ ഭാഗമായി 1993ലാണ് സോളമൻ ദ്വീപുകളിലെ എംബസി യുഎസ് അടച്ചുപൂട്ടിയത്. പാപ്പുവാ ന്യൂ ഗിനിയ ആസ്ഥാനമാക്കിയുള്ള അംബാസിഡര്‍ ആണ് പിന്നീട് യുഎസിനെ പ്രതിനിധീകരിച്ചത്.

ശീതയുദ്ധാനന്തരമുള്ള ബജറ്റ് വെട്ടിച്ചുരുക്കലുകളുടെ ഭാഗമായി 1993ലാണ് സോളമൻ ദ്വീപുകളിലെ എംബസി യുഎസ് അടച്ചുപൂട്ടിയത്

ജനുവരി 27 മുതല്‍ പുതിയ എംബസി തുറക്കുന്നത് ഔദ്യോഗിക തീരുമാനമായെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സോളമൻ ദ്വീപ് അധികൃതരെ അറിയിച്ചതായി ബ്ലിങ്കന്‍ വ്യക്തമാക്കി. എംബസി തുറക്കുന്നതിലൂടെ മേഖലയിലുടനീളം കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കുക മാത്രമല്ല,തങ്ങളുടെ അയല്‍ക്കാരായ പസഫിക് ദ്വീപുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ നടന്ന വാഷിങ്ടൺ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പസഫിക് ദ്വീപ് നേതാക്കളെയും പങ്കെടുപ്പിച്ചിരുന്നു. ദ്വീപ് നിവാസികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും ചൈനയുടെ സാമ്പത്തിക ആധിപത്യം ഇല്ലാതാക്കാനായി കഠിനമായി പരിശ്രമിക്കുമെുന്നും അമേരിക്ക ഉറപ്പ് നല്‍കിയിട്ടുണ്ട്.വാഷിങ്ടണും 14 പസഫിക് ദ്വീപ് രാഷ്ട്രങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനായി സംയുക്ത പ്രഖ്യാപനം നടത്തിയിട്ടുമുണ്ട്. പ്രധാനമന്ത്രി മനശ്ശെ സൊഗവാരെയുടെ കീഴിലുള്ള സോളമൻ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട രേഖകളിലൊന്നും ഒപ്പിടില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് ചൈനയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു.എന്നാല്‍ പിന്നീടദ്ദേഹം നിലപാടില്‍ മാറ്റം വരുത്തി.

പസഫിക് ദ്വീപ് രാഷ്ട്രങ്ങളായ മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, പലാവു എന്നിവയുമായുള്ള സഹകരണ കരാറുകള്‍ പുതുക്കുന്നത് സംബന്ധിച്ച് ചർച്ചകള്‍ പുരോഗമിക്കുകയാണ്

മൂന്ന് പ്രധാന പസഫിക് ദ്വീപ് രാഷ്ട്രങ്ങളായ മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, പലാവു എന്നിവയുമായുള്ള സഹകരണ കരാറുകള്‍ പുതുക്കുന്നത് സംബന്ധിച്ച് വാഷിംഗ്ടണ്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ദ്വീപില്‍ എംബസി വീണ്ടും തുറക്കുന്നത്. മാര്‍ഷല്‍ ദ്വീപുകളുമായും പലാവുമായും കഴിഞ്ഞ മാസം ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചതായും യുഎസിന്റെ ഭാവി സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ അവരുമായി സമവായത്തിലെത്തിയതായും യുഎസ് അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in