പോപ് ഗായകൻ ആരോൺ കാർട്ടറിന്റെ മരണകാരണം മയക്കുമരുന്ന് ഉപയോഗം

പോപ് ഗായകൻ ആരോൺ കാർട്ടറിന്റെ മരണകാരണം മയക്കുമരുന്ന് ഉപയോഗം

2022 നവംമ്പര്‍ അഞ്ചിനാണ് കാലിഫോര്‍ണിയയിലെ ലാന്‍കാസ്റ്ററിലുളള വീട്ടിലെ ബാത്ത് ടബില്‍ കാര്‍ട്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്

അമേരിക്കന്‍ പോപ് ഗായകൻ ആരോണ്‍ കാര്‍ട്ടറിന്റെ മരണത്തിന് കാരണം ഉപയോഗിച്ച മയക്കുമരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 2022 നവംബര്‍ അഞ്ചിനാണ് കാലിഫോര്‍ണിയയിലെ ലാന്‍കാസ്റ്ററിലുളള വീട്ടിലെ ബാത്ത് ടബില്‍ കാര്‍ട്ടറെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപയോഗിച്ച മയക്കുമരുന്നിന്റെയും ശ്വസിച്ച പ്രത്യേക വായുവിന്റെയും സ്വാധീനത്താലാണ് കാര്‍ട്ടര്‍ വെള്ളത്തിൽ മുങ്ങിപ്പോയതെന്നാണ് കണ്ടെത്തൽ.

സനാക്‌സ് എന്ന പേരില്‍ വില്‍ക്കപ്പെടുന്ന അല്‍പ്രസോലം എന്ന മയക്കുമരുന്ന് കാര്‍ട്ടറിന്റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. അതോടൊപ്പം ഡൈസ്ഫ്‌ളൂറോ ഇഥേനും കണ്ടെത്തി. ഇവ രണ്ടുമാണ് മരണകാരണം. സാധാരണയായി അന്തരീക്ഷ വായു ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വാതകമാണ് ഡൈസ്ഫ്‌ളൂറോ ഇഥേൻ. ഇത് ശ്വസിച്ചാൽ അമിത സന്തോഷം അനുഭവപ്പെടുന്നു.

ഇൻസ്റ്റഗ്രാം ലെെവിൽ കാർട്ടറെ അസാധാരണമായി കണ്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് എത്തിയിരുന്നു. മരിക്കുന്നതിന് നാല് മണിക്കൂർ മുൻപാണ് ഇത്. കാർട്ടറെ അവസാനമായി ജീവനോടെ കണ്ടത് ഇവരാണ്. പിറ്റേന്ന് സഹായിയായ സ്ത്രീ എത്തിയപ്പോൾ പ്രതികരണമുണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാക്ക് സ്ട്രീറ്റ് ബോയ്‌സിന്റെ ബോയ് ബാൻഡിലൂടെയാണ് കാർട്ടർ സംഗീത ജീവിതം ആരംഭിക്കുന്നത്. ഒൻപതാം വയസിൽ ആദ്യ ആൽബം പുറത്തിറക്കി. വലുതായപ്പോൾ റാപ്പ് സംഗീതത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗ്രാമിയടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ കാർട്ടർ ലഹരി മരുന്ന് കൈവശം വച്ചതിനടക്കം നേരത്തെ പിടിക്കപ്പെട്ടിട്ടുണ്ട്. ബാക്ക് സ്ട്രീറ്റ് ബോയ്സ് ബാൻഡിലെ നിക്ക് കാർട്ട്റിന്റെ സഹോദരൻ കൂടിയാണ് 34 കാരനായിരുന്ന ആരോൺ കാർട്ടർ.

logo
The Fourth
www.thefourthnews.in