അവസാനം ബൈഡനും ഇസ്രയേലിനോടു പറഞ്ഞു, 'ഒന്നു നിര്‍ത്തൂ'; ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ്

അവസാനം ബൈഡനും ഇസ്രയേലിനോടു പറഞ്ഞു, 'ഒന്നു നിര്‍ത്തൂ'; ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ അമേരിക്ക ഇതുവരെ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള വ്യതിചലനമായാണ് ലോക രാജ്യങ്ങള്‍ ബൈഡന്റെ വെടിനിര്‍ത്തല്‍ ആവശ്യത്തെക്കാണുന്നത്

ആയിരങ്ങളുടെ മരണത്തിനിടയാക്കിയ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ഒടുവില്‍ ഗാസയില്‍ ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒക്‌ടോബര്‍ ഏഴിന് സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് യുഎസ് വെടിനിര്‍ത്തല്‍ ആവശ്യം ഉന്നയിക്കുന്നത്. ഇന്നലെ യുഎസിനെ മിനിാേഡസയിലെ ഒരു പ്രചാരണപരിപാടിയ്ക്കിടെയാണ് സംഘര്‍ഷത്തിന് ഒരു ഇടവേള ആവശ്യമാണെന്ന് ബൈഡന്‍ പരസ്യമായി ചൂണ്ടിക്കാട്ടിയത്.

പ്രചാരണപരിപാടിയില്‍ ബൈഡന്‍ പ്രസംഗിക്കുന്നത് തടസപ്പെടുത്തി ഒരു യുവതി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷത്തിന് ഒരു ഇടവേള വേണമെന്ന് യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. ''ഒരു ഇടവേള വേണമെന്ന് എനിക്കും തോന്നുന്നു'' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ പരസ്യപ്രതികരണം. പിന്നീട് എന്തിനു വേണ്ടിയുള്ള ഇടവേളയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ''ഇടവേളയെന്നാല്‍ ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള സമയം'' എന്ന് ബൈഡന്‍ വിശദീകരണം നല്‍കി.

ഇതിനു ശേഷം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രസിഡന്റിന്റെ പരാമര്‍ശത്തിന് കൂടുതല്‍ വിശദീകരണം നല്‍കി. ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 240 പേരുകെ കാര്യമാണ് ബൈഡന്‍ ഉദ്ദേശിച്ചതെന്നും അവരെ സംഘര്‍ഷ മേഖലയില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള സമയമാണ് ആവശ്യപ്പെട്ടതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ അമേരിക്ക ഇതുവരെ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള വ്യതിചലനമായാണ് ലോക രാജ്യങ്ങള്‍ ബൈഡന്റെ വെടിനിര്‍ത്തല്‍ ആവശ്യത്തെക്കാണുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ എതിര്‍ക്കില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു. ''ഞങ്ങള്‍ ഇസ്രയേലിന് മുന്നില്‍ ഒരു അതിര് നിശ്ചയിക്കില്ല. അവര്‍ക്ക് നല്‍കുന്ന പിന്തണ തുടരും''- എന്നായിരുന്നു കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയിലും വെടിനിര്‍ത്തല്‍ വേണ്ടെന്ന നിലപാടായിരുന്നു യുഎസിന്റേത്. ജോര്‍ദാന്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഗാസയില്‍ വെടിനിര്‍ത്തില്‍ പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത 14 രാജ്യങ്ങളില്‍ ഒന്ന് യുഎസ് ആയിരുന്നു. എന്നാല്‍ ഇതിനെല്ലാം ഘടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ബൈഡന്‍ സ്വീകരിച്ചിരിക്കുന്നത്.

സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും മറ്റ് ലോകരാഷ്ട്രങ്ങളില്‍ നിന്നും നേരിടുന്ന കടുത്ത സമ്മര്‍ദ്ദമാണ് നിലപാട് മാറ്റാന്‍ ബൈഡനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരേ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ലോകസമൂഹം കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് യുഎസിന്റെ നയമാറ്റം. അതേസമയം ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയി. ഇതില്‍ 3,760 കുട്ടികളും 2,326 സ്ത്രീകളും ഉള്‍പ്പെടും. 32,000 പേര്‍ക്ക് ഇതുവരെ പരുക്കേറ്റിട്ടുണ്ട്.

logo
The Fourth
www.thefourthnews.in