സെനറ്റ് അംഗീകരിച്ചു; എറിക്ക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസിഡർ

സെനറ്റ് അംഗീകരിച്ചു; എറിക്ക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസിഡർ

സെനറ്റിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ രണ്ട് വർഷമായി അമേരിക്കൻ അംബാസിഡർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു

ലോസ് ആഞ്ചലസ് മുൻ മേയർ എറിക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസിഡർ ആകും. ഗാർസെറ്റിയെ അംബാസിഡറായി നിയമിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ശുപാർശയ്ക്ക് സെനറ്റിന്റെ അംഗീകാരം ലഭിച്ചു. 2021ൽ ഇന്ത്യൻ അംബാസിഡറായി എറിക് ഗാർസെറ്റിയെ നോമിനേറ്റ് ചെയ്‌തെങ്കിലും സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. സെനറ്റിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ രണ്ട് വർഷമായി അമേരിക്കൻ അംബാസിഡർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഭൂരിഭാഗം ഡെമോക്രറ്റുകളോടൊപ്പം ഏഴ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ കൂടി വോട്ട് നേടിയതോടെ 52-42 ഭൂരിപക്ഷത്തിലാണ് ഗാർസെറ്റിക്ക് സെനറ്റിന്റെ അംഗീകാരം ലഭിച്ചത്.

ലോസ് ആഞ്ചലസ് മേയറായിരിക്കെ തന്റെ ജീവനക്കാരിലൊരാൾക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ ആരോപണത്തിൽ ഗാർസെറ്റി അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നില്ല. അടുത്ത സുഹൃത്തും ഉപദേശകനുമായ റിക് ജേക്കബിനെതിരായ പരാതിയിലാണ് എറിക് മൗനം പാലിച്ചത്. അദ്ദേഹത്തിന്റെ ഈ നിലപാടാണ് സെനറ്റിൽ തിരിച്ചടിയായത്. സെനറ്റിന്റെ അനുമതി ലഭിച്ചതിനാൽ ഗാർസെറ്റി എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തി സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021 വരെ കെന്നത്ത് ജസ്റ്റർ ആയിരുന്നു ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ. 2013 മുതൽ ലോസ് ആഞ്ചലസ് നഗരത്തിന്റെ മേയറാണ് എറിക്. 12 വർഷത്തോളം കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. യുഎസ് നേവി റിസേർവ് കമ്പോണറ്റിൽ 12 വര്ഷം ഇന്റലിജിൻസ് ഓഫീസറായി ഗാർസെറ്റി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2017 ൽ ലഫ്റ്റനന്റായാണ് നാവിക സേനയിൽ നിന്ന് വിരമിച്ചത്. പ്രസിഡന്റ് ജോ ബൈഡന്റെ അടുത്ത അനുയായികളിൽ ഒരാളാണ് ഗാർസെറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബൈഡന്റെ പ്രചാരണ വിഭാഗത്തിന്റെ തലവനായിരുന്നു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുക്കാറുണ്ട്.

2021ലാണ് എറിക്കിന് ആദ്യ നോമിനേഷന്‍ നല്‍കിയത്. എന്നാല്‍ ഇതിന് അംഗീകാരം ലഭിക്കാതെ വന്നതിന് പിന്നാലെ ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു.

logo
The Fourth
www.thefourthnews.in