ഗർഭച്ഛിദ്ര മരുന്നിന്റെ വിലക്ക് 
താത്കാലികമായി നീക്കി അമേരിക്കൻ സുപ്രീംകോടതി

ഗർഭച്ഛിദ്ര മരുന്നിന്റെ വിലക്ക് താത്കാലികമായി നീക്കി അമേരിക്കൻ സുപ്രീംകോടതി

ഗര്‍ഭച്ഛിദ്രത്തിനായി ഉപയോഗിച്ചിരുന്ന മിഫെപ്രിസ്‌റ്റോൺ ടെക്സാസ് കോടതിയാണ് നിരോധിച്ചത്

ഗര്‍ഭച്ഛിദ്ര ഗുളികയ്ക്കുള്ള വിലക്ക് താത്കാലികമായി നീക്കി അമേരിക്കൻ സുപ്രീംകോടതി. രാജ്യത്ത് ഗർഭച്ഛിദ്രത്തിനായി പ്രധാനമായും ഉപയോഗിച്ച് വരുന്ന മിഫെപ്രിസ്‌റ്റോൺ എന്ന ഗര്‍ഭച്ഛിദ്ര ഗുളിക നിരോധിക്കുകയും മരുന്നിന്റെ ലഭ്യതയെ പരിമിതപ്പെടുത്ത കയും ചെയ്ത കീഴ്ക്കോടതി വിധികൾ സുപ്രീം കോടതി മരവിപ്പിച്ചു. നിരോധനത്തിനും നിയന്ത്രണത്തിനുമെതിരെ അമേരിക്കൻ സർക്കാരും മരുന്ന് നിര്‍മാതാക്കളായ ഡാന്‍കോ ലബോറട്ടറീസും നല്‍കിയ അടിയന്തര അപേക്ഷയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിൽ രണ്ട് പേർ വിധിയോടെ വിയോജിച്ചു. ഇവരുടെ വിയോജന കുറിപ്പോടെയാണ് വിധി പുറപ്പെടുവിച്ചത്. അമേരിക്കയിൽ പകുതിയില്‍ അധികം ഗര്‍ഭച്ഛിദ്രത്തിനായി ഉപയോഗിക്കുന്നത് മിഫെപ്രിസ്‌റ്റോൺ എന്ന മരുന്നാണ്. ഇത് നിരോധിക്കാനുള്ള ടെക്സാസ് കോടതി നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. അതേസമയം ഗർഭച്ഛിദ്ര വിഷയത്തിൽ നിയമനടപടി തുടരുകയാണ്. സുപ്രീംകോടതി വിധിയോടെ ഒരു വർഷക്കാലത്തോളം ഗർഭച്ഛിദ്ര മരുന്നുകൾ അനായാസം ലഭ്യമാകും.

2000 മുതലാണ് അമേരിക്കയിൽ മിഫെപ്രിസ്‌റ്റോണിന് അംഗീകാരം ലഭിച്ചത്. ഗർഭച്ഛിദ്രത്തിനായി ഉപയോഗിക്കുന്ന രണ്ട് പ്രധാന മരുന്നുകളിലൊന്നാണ് മിഫെപ്രിസ്‌റ്റോൺ. മിഫെപ്രിസ്റ്റോൺ, ഗർഭമലസിപ്പിക്കുകയും രണ്ടാമത്തെ മരുന്നായ മിസോപ്രോസ്റ്റോൾ ഗർഭാശയത്തെ വൃത്തിയാക്കുകയും ചെയ്യുന്നു. ഈ മരുന്നുകൾ ഗർഭാവസ്ഥയുടെ ഏഴാമത്തെ ആഴ്ച വരെ ഉപയോഗിക്കാനായിരുന്നു നേരത്തെ അനുമതിയുണ്ടായിരുന്നത്. 2016ൽ മരുന്നിന്റെ അംഗീകൃത ഉപയോഗം 10 ആഴ്ചവരെയാക്കി നീട്ടിയിരുന്നു.

ഗര്‍ഭച്ഛിദ്ര വിരുദ്ധ സംഘടനകളാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് ടെക്സാസ് കോടതി മിഫെപ്രിസ്‌റ്റോൺ നിരോധിച്ചു. അപ്പീൽ കോടതി, നിരോധനം പിൻവലിച്ചെങ്കിലും മിഫെപ്രിസ്‌റ്റോണിന്റെ ലഭ്യതയിൽ വലിയ നിയന്ത്രണം ഏർപ്പെടുത്തി. ബൈഡൻ ഭരണകൂടം തീരുമാനത്തോട് കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അരനൂറ്റാണ്ടായി ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പ് നല്‍കിയിരുന്ന പ്രസിദ്ധമായ റോ വേഴ്‌സസ് വെയ്ഡ് വിധി സുപ്രീംകോടതി റദ്ദാക്കിയതോടെ 13 സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്രം നിരോധിക്കുകയും മറ്റുള്ളവയില്‍ കർശനമായി നിയന്ത്രിക്കപ്പെടുകയും ചെയ്തു.

logo
The Fourth
www.thefourthnews.in