'മാധ്യമപ്രവർത്തനം കുറ്റകരമല്ല': ചാരവൃത്തി കുറ്റം ആരോപിച്ച് തടവിലാക്കിയ മാധ്യമപ്രവർത്തകനെ മോചിപ്പിക്കണമെന്ന് അമേരിക്ക

'മാധ്യമപ്രവർത്തനം കുറ്റകരമല്ല': ചാരവൃത്തി കുറ്റം ആരോപിച്ച് തടവിലാക്കിയ മാധ്യമപ്രവർത്തകനെ മോചിപ്പിക്കണമെന്ന് അമേരിക്ക

സോവിയറ്റ് കാലഘട്ടത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ മാധ്യമപ്രവർത്തകനെതിരെ റഷ്യ ചാരവൃത്തിക്കുറ്റം ചുമത്തുന്നത്

ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് റഷ്യയിൽ അറസ്റ്റിലായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിന്റെ മോചനത്തിനായി സമ്മർദം ശക്തമാക്കി അമേരിക്ക. ഇവാൻ ഗെർഷ്‌കോവിച്ചിനെ റഷ്യ തെറ്റായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും ഉടൻ മോചിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ''മാധ്യമപ്രവർത്തനം കുറ്റകരമല്ല. സ്വതന്ത്ര ശബ്ദങ്ങളെ ക്രെംലിൻ തുടർച്ചയായി അടിച്ചമർത്തുന്നതിനെയും സത്യത്തിനെതിരായ യുദ്ധത്തെയും ഞങ്ങൾ അപലപിക്കുന്നു''- അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു. ഗെർഷ്‌കോവിച്ചിനും കുടുംബത്തിനും അമേരിക്ക ഉചിതമായ എല്ലാ പിന്തുണയും നൽകുമെന്നും പട്ടേൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് അമേരിക്കയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഇവാൻ ഗെർഷ്കോവിച്ചിന് മേൽ റഷ്യ ഔപചാരികമായി ചാരക്കുറ്റം ചുമത്തിയത്.

റഷ്യൻ പ്രതിരോധ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവെന്ന് ആരോപിച്ച് റഷ്യയുടെ എഫ്എസ്ബി സെക്യൂരിറ്റി സർവീസ് മാർച്ച് 30 നാണ് ഗെർഷ്കോവിച്ചിനെ അറസ്റ്റ് ചെയ്തത്. സോവിയറ്റ് കാലഘട്ടത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ മാധ്യമപ്രവർത്തകനെതിരെ റഷ്യ ചാരവൃത്തിക്കുറ്റം ചുമത്തുന്നത്.

അതേസമയം, വാഷിംഗ്ടണിലെ റഷ്യൻ എംബസി വിഷയത്തോട് പ്രതികരിച്ചില്ല. ഗെർഷ്‌കോവിച്ച് ചാരവൃത്തി നടത്തിയെന്ന ആരോപണം വാൾസ്ട്രീറ്റ് ജേർണൽ നിഷേധിച്ചു. അന്യായവും തെറ്റായതുമായ ആരോപണങ്ങളാണിതെന്നും ഇവാനെ ഉടൻ വിട്ടയയ്ക്കണമെന്നും വാൾസ്ട്രീറ്റ് ജേർണൽ പ്രസ്താവനയിൽ പറഞ്ഞു. ഇവാനെ മോചിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ചാരവൃത്തിക്കുറ്റം പരിഹാസ്യമാണെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു. മാധ്യമ പ്രവർത്തകനെ തടങ്കലിലാക്കിയ റഷ്യൻ നടപടി ലജ്ജാകരമായ പ്രവൃത്തിയാണെന്നും മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉൾപ്പെടെയുള്ള മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും വേൾഡ് ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രതികരിച്ചു.

ഏപ്രിൽ 2ന് യു എസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റഷ്യൻ പ്രതിനിധിയുമായ നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഇവാനെ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുന്നതിൽ അമേരിക്കയുടെ ആശങ്ക പങ്കുവച്ചിരുന്നു. യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് പടിഞ്ഞാറും റഷ്യയും ഇരുധ്രുവങ്ങളില്‍ നില്‍ക്കെയാണ് മേഖലയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയുള്ള റഷ്യന്‍ നടപടി. അതിനിടെ യുഎസ് കോൺസുലർ ഉദ്യോഗസ്ഥർക്ക് ഇവാനെ കാണാനുള്ള അനുമതി റഷ്യ ഇതുവരെയും നൽകിയിട്ടില്ലെന്നും വേദാന്ത് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇവാന്റെ മോചനത്തിനായി കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് പരമാവധി പിന്തുണ ഉറപ്പാക്കുമെന്നും വാൾസ്ട്രീറ്റ് ജേർണൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാള്‍ സ്ട്രീറ്റ് ജേണലിന്റെ മോസ്കോ ബ്യൂറോയിൽ ജോലി ചെയ്തുവരികയായിരുന്നു ഗെര്‍ഷ്കോവിച്ച്‌. റഷ്യ, യുക്രെയ്ന്‍, മറ്റ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വാർത്തകളാണ് ഇവാൻ കൈകാര്യം ചെയ്യുന്നത്. ചാരവൃത്തി നടത്തിയെന്ന് സ്ഥിരീകരിച്ചാല്‍ 20 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെയെടുത്താകും അന്വേഷണം പൂര്‍ത്തിയാകുക. ഈ സമയത്ത് പുറംലോകവുമായി ബന്ധപ്പെടാന്‍ അവസരം തീരെ കുറവാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകനാണ് ഗെര്‍ഷ്കോവിച്ച്‌. വാള്‍ സ്ട്രീറ്റ് ജേണലിന് പുറമെ എഎഫ്പി, ന്യൂയോര്‍ക് ടൈംസ് എന്നിവയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in