മാർ-എ-ലാഗോ, എഫ്ബിഐ
മാർ-എ-ലാഗോ, എഫ്ബിഐ

ട്രംപിന്റെ വസതിയിലെ റെയ്ഡ്: എഫ്ബിഐ സമർപ്പിച്ച സത്യവാങ്മൂലം പുറത്തുവിടണമെന്ന് കോടതി

സത്യവാങ്മൂലം പുറത്തുവിടുന്നതിലൂടെ മാർ-എ-ലാഗോ റെയ്ഡിലെ കൂടുതൽ വിവരങ്ങളും തെളിവുകളും പൊതുജനങ്ങളിലേക്ക് എത്തും
Published on

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയായ മാർ എ ലാഗോയിൽ റെയ്ഡ് നടത്തുന്നതിനായി എഫ്ബിഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്തുവിടാൻ ഉത്തരവ്. തിരച്ചിലിനുള്ള ഉത്തരവ് ലഭിക്കാൻ വേണ്ടി എഫ്ബിഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ നിർദ്ദിഷ്ട മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് പരസ്യപ്പെടുത്താനാണ് യുഎസ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ലോറിഡ മജിസ്‌ട്രേറ്റ് ജഡ്ജ് ബ്രൂസ് റെയിൻഹാർട്ടാണ് വ്യാഴാഴ്ച ഉത്തരവിറക്കിയത്. ഓഗസ്റ്റ് എട്ടിനാണ് എഫ്ബിഐ മാർ-എ-ലാഗോയില്‍ റെയ്ഡ് നടത്തിയത്.

2021 ജനുവരിയിൽ ട്രംപ് സ്ഥാനമൊഴിഞ്ഞപ്പോൾ വൈറ്റ് ഹൗസിൽ നിന്ന് നിയമവിരുദ്ധമായി രഹസ്യ രേഖകൾ മാറ്റി സൂക്ഷിച്ചിരിക്കുകയാണെന്ന കേസിന്റെ ഭാഗമായായാണ് റെയ്‌ഡുകൾ നടന്നത്. സത്യവാങ്മൂലം പുറത്തുവിടുന്നതിലൂടെ ഈ കേസിലെ കൂടുതൽ വിവരങ്ങളും തെളിവുകളും പൊതുജനങ്ങൾക്ക് ലഭ്യമാകും. വെള്ളിയാഴ്ച ഉച്ചയോടെ രേഖകള്‍ പുറത്തുവിടണമെന്നാണ് കോടതി ഉത്തരവ്.

സത്യവാങ്മൂലം പുറത്തുവിടണമെന്ന ആവശ്യത്തെ നീതിന്യായ വകുപ്പ് ശക്തമായി എതിർത്തിരുന്നു. വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്ന് മാധ്യമങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്‌ച നടന്ന വാദത്തിനിടെ, രേഖകള്‍ പുറത്തുവിട്ടാല്‍ നിലവിലുള്ള അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും എഫ്ബിഐ ഏജന്റുമാരുടെ സുരക്ഷ അപകടത്തിലാക്കുമെന്നും പോസിക്യൂഷൻ വാദിച്ചു. ഈ ആവശ്യം ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് സെൻസർ ചെയ്ത സത്യവാങ്മൂലം പുറത്തുവിട്ടാൽ മതിയെന്ന നിർദേശം കോടതി നല്‍കിയത്. നിർദിഷ്ട തിരുത്തലുകളുള്ള പകർപ്പ് അവലോകനത്തിനായി ജഡ്ജിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത് വിലയിരുത്തിയതിന് ശേഷമാണ് സത്യവാങ്മൂലം പരസ്യമാക്കാനുള്ള നിര്‍ദേശം ജഡ്ജി നല്‍കിയത്.

പാം ബീച്ചിലെ മാർ എ ലാഗോയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ 11 സെറ്റ് രേഖകളിൽ ചിലത് അതീവ രഹസ്യ രേഖകളിൽ പെടുന്നതാണെന്ന് എഫ് ബി ഐ നേരത്തെ പ്രസിദ്ധപ്പെടുത്തിയ രേഖകൾ വ്യക്തമാക്കിയിരുന്നു.

റെയ്ഡിന് പിന്നാലെ, എഫ്‌ബിഐയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് ആക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെ എഫ്ബിഐയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് വാറന്റ് രേഖകൾ പുറത്തുവിടാൻ കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.

ഇതിനെല്ലാം പുറമെ എക്‌സിക്യൂട്ടീവ് പ്രിവിലേജിന് കീഴിലുള്ള രേഖകൾ പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ, പിടിച്ചെടുത്ത രേഖകൾ എഫ്ബിഐ അവലോകനം ചെയ്യുന്നത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപും സിവിൽ കേസ് ഫയൽ ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in