അമേരിക്കയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നു;  64.5 ശതമാനം ആക്രമണവും വംശീയതയുടെ പേരിൽ

അമേരിക്കയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; 64.5 ശതമാനം ആക്രമണവും വംശീയതയുടെ പേരിൽ

കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ 19 പീഡനങ്ങളും 18 കൊലപാതകങ്ങളും ഉൾപ്പെടുന്നു. കൂടാതെ 267 എണ്ണം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളായും തരംതിരിച്ചിട്ടുണ്ട്

അമേരിക്കയിൽ വിദ്വേഷ കുറ്റകൃത്യങ്ങളുടെ തോത് വർധിക്കുന്നതായി അന്വേഷണ ഏജൻസിയായ എഫ്ബിഐ. തിങ്കളാഴ്ച എഫ്ബിഐ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ്, മുൻ വർഷത്തെ അപേക്ഷിച്ച് 2021ൽ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 12ശതമാനം വർധനവ് ഉണ്ടായതായി പറയുന്നത്. 2020ൽ അമേരിക്കയിൽ മൊത്തമായി 8120 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ 2021 ആയപ്പോഴേക്കും അതിന്റെ എണ്ണം വർധിച്ച് 9,065 ആയി. അധികം കേസുകളിലും ഇരയുടെ വംശമോ പാരമ്പര്യമോ ആണ് പ്രകോപനത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. കറുത്തവര്‍ഗക്കാരെ ലക്ഷ്യമിട്ടാണ് കൂടുതല്‍ ആക്രമണങ്ങളുണ്ടായത്. വംശീയത, ജെന്‍ഡര്‍, മതം എന്നിവയുടെ അടിസ്ഥാനത്തിലും ആക്രമണങ്ങള്‍ നടന്നെന്ന് എഫ്ബിഐ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുറ്റകൃത്യങ്ങൾക്കും അവ സമൂഹത്തിലുണ്ടാക്കുന്ന നാശങ്ങൾക്കും ഈ രാജ്യത്ത് സ്ഥാനമില്ല.
അറ്റോർണി ജനറൽ

അതേസമയം, അമേരിക്കയിലെ മുഴുവൻ അന്വേഷണ വിഭാഗങ്ങളും കുറ്റകൃത്യങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെയും സമർപ്പിച്ചിട്ടില്ലെന്നും എഫ്ബിഐ ചൂണ്ടിക്കാട്ടി. വംശവും പാരമ്പര്യവും കാരണം ആക്രമിക്കപ്പെട്ടവർ മൊത്തം കുറ്റകൃത്യത്തിന്റെ 64.4 ശതമാനമാണ്. മറ്റൊരു 15.9 ശതമാനം വിദ്വേഷ കുറ്റകൃത്യങ്ങളിൽ ലൈംഗിക ആഭിമുഖ്യവും 14.1 ശതമാനം പേർ മതത്തിന്റെ അടിസ്ഥാനത്തിലുമാണ് ആക്രമിക്കപ്പെട്ടത്. കൂടാതെ വ്യക്തികൾക്കെതിരെ നടന്ന 8,327 വിദ്വേഷ കുറ്റകൃത്യങ്ങളിൽ 43.2 ശതമാനം ഭീഷണിപ്പെടുത്തൽ മാത്രമായിരുന്നു. 35.5 ശതമാനം ചെറിയ ആക്രമണങ്ങളും 20.1 ശതമാനം ഗുരുതര ആക്രമണങ്ങളുമാണ് നടന്നിട്ടുള്ളതെന്നും എഫ്ബിഐ പുറത്തിവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ 19 പീഡനങ്ങളും 18 കൊലപാതകങ്ങളും ഉൾപ്പെടുന്നു. കൂടാതെ 267 എണ്ണം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളായും തരംതിരിച്ചിട്ടുണ്ട്.

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വെളുത്ത വർഗക്കാരായ മേധാവിത്വവാദികൾ നടത്തുന്ന ആക്രമണങ്ങൾ വർധിക്കുന്നുവെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് എഫ് ബി ഐ റിപ്പോർട്ട് പുറത്തുവിട്ടത്. വാർത്ത ഏജൻസിയായ റോയ്‌റ്റേഴ്സിന്റെ കണക്കനുസരിച്ച്, കറുത്ത വർഗക്കാർ, സ്വവർഗാനുരാഗികൾ, ഏഷ്യക്കാർ, ജൂതന്മാർ എന്നിവരാണ് കൂടുതലായും ഇരയാക്കപ്പെട്ടിരിക്കുന്നത്.

വിദ്വേഷ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ എഫ്ബിഐക്ക് റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതിന് രാജ്യത്തുടനീളമുള്ള സംസ്ഥാന, പ്രാദേശിക നിയമ നിർവഹണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് അസോസിയേറ്റ് അറ്റോർണി ജനറൽ വനിതാ ഗുപ്ത പറഞ്ഞു. ഒന്നും ഇവിടെ നിർത്താൻ ഉദ്ദേശിക്കുന്നില്ല. വിദ്വേഷ കുറ്റകൃത്യങ്ങൾക്കും അവ സമൂഹത്തിലുണ്ടാക്കുന്ന നാശങ്ങൾക്കും ഈ രാജ്യത്ത് സ്ഥാനമില്ല. പക്ഷപാതപരമായ അക്രമത്തെ അതിന്റെ എല്ലാ രൂപങ്ങളിലും ചെറുക്കുന്നതിന് നീതിന്യായ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അറ്റോർണി ജനറൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in