റോണ്‍ ഡിസാന്റിസ്
റോണ്‍ ഡിസാന്റിസ്

ട്രംപിന് വെല്ലുവിളിയായി ഡിസാന്റിസ്; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു

തത്സമയ പ്രഖ്യാപനം കേൾക്കാൻ ലക്ഷക്കണക്കിനാളുകളെത്തിയതോടെ ട്വിറ്റർ തകരാറിലായി

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി അമേരിക്കയില്‍ കളംമുറുകി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള പോരാട്ടത്തിന് ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പ്രചാരണം ആരംഭിച്ചു. ട്വിറ്റർ വഴിയുള്ള പ്രചാരണത്തുടക്കം സാങ്കേതിക തകരാറുകള്‍ കാരണം നിരവധി തവണ തടസപ്പെട്ടിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കടുത്ത വെല്ലുവിളിയാകും റോണ്‍ ഡിസാന്റിസ്. ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിലൂടെയാണ് ഡിസാന്റിസ് തന്‌റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 44 കാരനായ റോണ്‍ ഡി സാന്റിസ് ഇത് രണ്ടാം തവണയാണ് ഫ്ലോറിഡയില്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത്.

റോൺ ഡിസാന്റിസ് അഥവാ ട്രംപ് ജൂനിയർ

ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളുടെയും നിലപാടുകളുടെയും ആരാധകനായ ഡിസാന്റിസ് ട്രംപിന്‌റെ അശിര്‍വാദത്തോടെയാണ് ഫ്‌ളോറിഡയില്‍ ഗവര്‍ണര്‍ പദവിയില്‍ എത്തുന്നത്. ട്രംപിന്റെ ശരീരഭാഷ പോലും ഡിസാന്റിസ് പിന്തുടരുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ ട്രംപിനെ പോലെ കേസുകളോ നിയമനടപടികളോ നേരിടുന്നില്ല എന്നത് അദ്ദേഹത്തിന് അനുകൂലവുമാണ്. റിപ്പബ്ലിക്കന്‍ നിരയില്‍ ട്രംപ് പക്ഷം ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നതും ഡിസാന്റിസിനെയാണ്.

യാഥാസ്ഥിതിക നിലപാടുകള്‍ പിന്‍പറ്റിയാണ് ഡിസാന്റിസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ശക്തനാകുന്നത്. തോക്കുകള്‍ ഒളിപ്പിച്ച് കൈവശം വയ്ക്കാനുള്ള അവകാശം നല്‍കുക, സര്‍വകലാശാലകള്‍ക്കുള്ള ഫണ്ടിങ് നിര്‍ത്തലാക്കുക, പുസ്തകങ്ങള്‍ നിരോധിക്കുക, സ്‌കൂളുകളിലെ ലിംഗസ്വത്വ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നതടക്കം എല്‍ജിബിടിക്യൂ വിഭാഗത്തിന് എതിരായ നയങ്ങള്‍ നടപ്പാക്കുക, ഏറ്റവുമൊടുവില്‍ ആറ് ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിക്കുക തുടങ്ങി കടുത്ത യാഥാസ്ഥിതിക സമീപനങ്ങളാണ് ഡിസാന്റിസിന്‌റെത്. ലിംഗസത്വവുമായി ബന്ധപ്പെട്ട നയത്തില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനിയുമായുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരായ നിലപാടുകൊണ്ടും ഡിസാന്റിസ് വിവാദങ്ങളിലായിട്ടുണ്ട്. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ വേഗത്തിലൊഴിവാക്കിയ ഡിസാന്റിസ്, ട്രംപിന്റെ ഉദാസീന സമീപനങ്ങൾ സംസ്ഥാനത്തും പിന്തുടർന്നു.

റോണ്‍ ഡിസാന്റിസ്
ഫ്ലോറിഡ ഗവർണറുമായി തർക്കം; 82,000 കോടിയുടെ കോർപ്പറേറ്റ് ക്യാമ്പസ് പദ്ധതി ഉപേക്ഷിച്ച് വാൾട്ട് ഡിസ്നി

ട്രംപിനായി നിലകൊള്ളാന്‍ കഴിഞ്ഞത് തനിക്ക് ബഹുമതിയാണെന്നും ആ യാത്രയുടെ അടുത്ത സ്വാഭാവിക ഘട്ടമാണ് തന്‌റെ സ്ഥാനാര്‍ഥിത്വമെന്നുമാണ് ഡിസാന്റിസിന്‌റെ പ്രഖ്യാപനം. ട്രംപിന്റെ പിൻഗാമിഎന്ന നിലയിൽ തന്നെയാകും തന്‌റെ പ്രചാരണമെന്ന് തന്നെയാണ് അദ്ദേഹം സൂചന നൽകുന്നത്.

റോണ്‍ ഡിസാന്റിസും ഡോണൾഡ് ട്രംപും
റോണ്‍ ഡിസാന്റിസും ഡോണൾഡ് ട്രംപും

'ട്വിറ്റർ ക്രഷ്ഡ്'

ഡിസാന്റിസിന്‌റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ട്വിറ്ററിന്റെ സാങ്കേതിക തകരാറുകൊണ്ടും ശ്രദ്ധേയമായി. ലക്ഷക്കണക്കിനാളുകള്‍ എത്തിയതോടെ ട്വിറ്റര്‍ പ്രവര്‍ത്തനം തകരാറിലായി. നിശ്ചയിച്ചതിലും 25 മിനിറ്റ് വൈകിയാണ് ട്വിറ്റര്‍ സ്‌പേസില്‍ സെഷന്‍ തുടങ്ങിയത്. രണ്ടര ലക്ഷത്തോളം ശ്രോതാക്കള്‍ നിമിഷം നേരം കൊണ്ട് എത്തി. അതോടെ ട്വിറ്റര്‍ പ്രവര്‍ത്തനം അവതാളത്തിലായി. ഫെയ്‌ലര്‍ ടു ലോഞ്ച്, ക്രാഷ്ഡ് ഡിസാസ്റ്റര്‍ തുടങ്ങിയ ഹാഷ് ടാഗുകളാണ് ചാറ്റ് ഷോ സമയത്ത് അമേരിക്കയില്‍ ട്രെന്‍ഡിങ് ആയത്. ഈ ലിങ്ക് പ്രവര്‍ത്തിക്കും എന്ന് ട്വീറ്റ് ചെയ്ത്, പ്രസിഡന്‌റ് ജോ ബൈഡന്‍ വരെ തമാശയില്‍ പങ്കാളിയായി. എന്നാൽ എല്ലാ പ്രസിഡന്റ് സ്ഥാനാർഥികൾക്കും ട്വിറ്ററിലേക്ക് സ്വാഗതമെന്നാണ് ഇലോൺ മസ്കിന്റെ പ്രഖ്യാപനം.

ഇറ്റലിയില്‍ വേരുകളുള്ള ഡിസാന്റിസ്, അമേരിക്കന്‍ നാവികസേനയില്‍ നിയമ ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 2012 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 2018ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് ഫ്ലോറിഡയില്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്. 2022 ലെ തിരഞ്ഞെടുപ്പില്‍ , മിക്ക റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളും പതറിയപ്പോഴും വലിയ ഭൂരിപക്ഷത്തിന് വിജയിക്കാന്‍ ആയത് ഡിസാന്റിസിന്‌റെ ജനപിന്തുണയുടെ തെളിവാണ്.

മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കിഹാലെ, സൗത്ത്കരോലിന സെനറ്റര്‍ ടിം സ്‌കോട്ട്, അര്‍ക്കാനസ് മുന്‍ ഗവര്‍ണര്‍ അസ ഹട്ച്ചിന്‍സണ്‍, ബിസിനസുകാരനായ വിവേക് രാമസ്വാമി എന്നിവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സാഥാനാര്‍ഥിയാകാനുള്ള മത്സരത്തിലുള്ളത്. മുന്‍ വൈസ് പ്രസിഡന്‌റ് മൈക് പെനസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും പോരാട്ടത്തിലുണ്ടാകുമെന്നാണ് സൂചന.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in