ടെക്‌സാസിൽ വിലക്ക്, വാഷിങ്ടണിൽ അനുമതി; ഗർഭച്ഛിദ്ര മരുന്നുകളുടെ കാര്യത്തിൽ വിരുദ്ധ വിധികളുമായി അമേരിക്കൻ കോടതികൾ

ടെക്‌സാസിൽ വിലക്ക്, വാഷിങ്ടണിൽ അനുമതി; ഗർഭച്ഛിദ്ര മരുന്നുകളുടെ കാര്യത്തിൽ വിരുദ്ധ വിധികളുമായി അമേരിക്കൻ കോടതികൾ

അമേരിക്കയിൽ 20 വർഷമായി ഗർഭച്ഛിദ്രത്തിന് ഉപയോഗിക്കുന്ന ഗുളികയാണ് മിഫെപ്രിസ്‌റ്റോൺ

ഗർഭച്ഛിദ്രത്തിനുള്ള ഗുളികയുടെ ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കയിൽ കോടതികൾക്ക് ഭിന്ന നിലപാട്. ഗർഭച്ഛിദ്രത്തിനുള്ള ഗുളികയായ മിഫെപ്രിസ്‌റ്റോണിന്റെ വില്പന, ടെക്സാസ് കോടതി തടഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇതിനെതിരെ വാഷിങ്ടൺ കോടതി വിധി പുറപ്പെടുവിച്ചു. ടെക്‌സാസ് ജഡ്ജിയെ നിയമിച്ചത് ഡോണൾഡ് ട്രംപും വാഷിങ്ടൺ ജഡ്ജിയെ നിയമിച്ചത് ബറാക് ഒബാമയുമാണെന്നതാണു കൗതുകകരം.

ഗർഭച്ഛിദ്രത്തിനായി അമേരിക്കയിൽ 20 വർഷമായി ഉപയോഗിക്കുന്ന ഗുളികയാണ് മിഫെപ്രിസ്‌റ്റോൺ. ഗർഭച്ഛിദ്രത്തെ എതിർക്കുന്ന ടെക്സാസിലെ അലയൻസ് ഡിഫൻഡിങ് ഫ്രീഡം എന്ന സംഘമാണ് മരുന്നിന്റെ സുരക്ഷയെ സംബന്ധിച്ച് ശരിയായി പഠനം നടന്നിട്ടില്ലെന്ന് ആരോപിച്ച് കേസ് നൽകിയത്. വാദം കേട്ട ടെക്‌സാസിലെ ജഡ്ജി മാത്യു കാക്‌സ്‌മാരിക് മരുന്നിന്റെ അംഗീകാരം തടയുകയായിരുന്നു. അപ്പീൽ പോകാൻ ഏഴു ദിവസം അനുവദിച്ചതിനാൽ നിരോധനം ഉടൻ നിലവിൽ വരില്ല.

അതേസമയം, ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മരുന്നുവിപണിയിൽ മിഫെപ്രിസ്‌റ്റോണിന് നിരോധനം ഏർപ്പെടുത്തരുതെന്ന് വാഷിങ്ടണിലെ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. ടെക്സാസ് വിധി വന്ന് ഒരു മണിക്കൂറിന് ശേഷമായിരുന്നു ഈ ഉത്തരവ്. ഈ വിധി ഡെമോക്രറ്റുകൾ ഭരണത്തിലുള്ള 18 സംസ്ഥാനങ്ങൾക്ക് 'വലിയ വിജയം' ആണെന്ന് വാഷിങ്ടൺ അറ്റോർണി ജനറൽ ബോബ് ഫെർഗൂസൻ പറഞ്ഞു. സ്ത്രീകളെയും ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും മറികടക്കാൻ ഒരു വലതുപക്ഷ തീവ്രവാദിയെ അനുവദിക്കില്ലെന്ന് മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റർ എലിസബത്ത് വാറനും പറഞ്ഞു.

രണ്ടു കോടതികൾ ഭിന്നവിധി പുറപ്പെടുവിച്ചതോടെ പ്രശ്നം സുപ്രീംകോടതി വരെ നീളാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ടെക്സാസ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യുഎസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച രാത്രി അറിയിച്ചിരുന്നു. അമേരിക്കയിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താനുള്ള അവസരം നിഷേധിക്കുന്നതാണ് ടെക്‌സാസ് കോടതിയുടെ തീരുമാനമെന്നാണു നീതിന്യായ വകുപ്പിന്റെ നിലപാട്. ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ സംരക്ഷണം നീക്കം ചെയ്ത സുപ്രീംകോടതിയുടെ ഉത്തരവാണ് പുതിയ നിരോധനങ്ങൾക്ക് വഴിതെളിച്ചത്.

ഗർഭച്ഛിദ്രത്തിനായി ഉപയോഗിക്കുന്ന രണ്ട് പ്രധാന മരുന്നുകളിലൊന്നാണ് മിഫെപ്രിസ്‌റ്റോൺ. മിഫെപ്രിസ്റ്റോൺ, ഗർഭമലസിപ്പിക്കുകയും രണ്ടാമത്തെ മരുന്നായ മിസോപ്രോസ്റ്റോൾ ഗർഭാശയത്തെ വൃത്തിയാക്കുകയും ചെയ്യുന്നു. ഈ മരുന്നുകൾ ഗർഭാവസ്ഥയുടെ ഏഴാമത്തെ ആഴ്ച വരെ ഉപയോഗിക്കാനായിരുന്നു നേരത്തെ അനുമതിയുണ്ടായിരുന്നത്. 2016ൽ മരുന്നിന്റെ അംഗീകൃത ഉപയോഗം 10 ആഴ്ചവരെയാക്കി നീട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in