സാങ്കേതിക തകരാറോ സൈബര്‍ ആക്രമണമോ? യുഎസില്‍ വൈകിയത് ഏഴായിരത്തോളം വിമാനങ്ങള്‍

സാങ്കേതിക തകരാറോ സൈബര്‍ ആക്രമണമോ? യുഎസില്‍ വൈകിയത് ഏഴായിരത്തോളം വിമാനങ്ങള്‍

സൈബര്‍ ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഗതാഗത സെക്രട്ടറി പീറ്റ് ബൂട്ടിജിജും പ്രതികരിച്ചതോടെ അന്വേഷണം തുടരുകയാണ്

യുഎസില്‍ ബുധനാഴ്ച വൈകിയത് ഏഴായിരത്തോളം വിമാനങ്ങള്‍. ആയിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. കംപ്യൂട്ടര്‍ സംവിധാനത്തിലെ സാങ്കേതിക തകരാറാണ് വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മണിക്കൂറുകള്‍ക്കുശേഷം വ്യോമയാന ഗതാഗതം ക്രമേണ പുനരാരംഭിക്കുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്എഎ) ട്വിറ്ററില്‍ അറിയിച്ചു. അതേസമയം, ഇത്തരമൊരു തകരാര്‍ സ്വഭാവികമായി സംഭവിച്ചതാണോ അല്ലെങ്കില്‍ ആരെങ്കിലും വരുത്തിയതാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സൈബര്‍ ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഗതാഗത സെക്രട്ടറി പീറ്റ് ബൂട്ടിജിജും പ്രതികരിച്ചതോടെ അന്വേഷണം തുടരുകയാണ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനെ (എഫ്എഎ) കൂടാതെ എഫ്ബിഐയും സംഭവം അന്വേഷിക്കുന്നുണ്ട്.

വിമാന ജീവനക്കാര്‍ക്ക് അപകടങ്ങള്‍, വിമാനത്താവളത്തിലെ സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, മറ്റ് അവശ്യ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന നോട്ടീസ് ടു എയര്‍ മിഷന്‍ സിസ്റ്റത്തിലാണ് (NOTAM) സാങ്കേതിക തകരാര്‍ സംഭവിച്ചത്.

അത്യപൂര്‍വ സംഭവമാണ് യുഎസിനെ ബാധിച്ചത്. വിമാന ജീവനക്കാര്‍ക്ക് അപകടങ്ങള്‍, വിമാനത്താവളത്തിലെ സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, മറ്റ് അവശ്യ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന നോട്ടീസ് ടു എയര്‍ മിഷന്‍ സിസ്റ്റത്തിലാണ് (NOTAM) സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഇതോടെ, യുഎസ് ഈസ്റ്റേണ്‍ സമയം രാവിലെ ഏഴ് വരെ രാജ്യത്തേക്ക് വരേണ്ടതും പോകേണ്ടതും, ആഭ്യന്തര സര്‍വീസ് നടത്തേണ്ടതുമായ 6988 വിമാനങ്ങള്‍ വൈകിയതെന്ന് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1100ഓളം വിമാനങ്ങള്‍ റദ്ദാക്കിയതായും ഫ്‌ളൈറ്റ് അവെയ്ര്‍ വിവരങ്ങളെ ഉദ്ധരിച്ച് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ആകെ 21,464 സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. 29 ലക്ഷം യാത്രക്കാരാണ് യാത്രയ്ക്കായി തയ്യാറെടുത്തിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവര്‍ത്തനരഹിതമാകുന്നതിന് മുന്‍പ് നല്‍കിയ വിവരങ്ങള്‍ മാത്രമാണ് സിസ്റ്റത്തില്‍ ഉണ്ടായിരുന്നത്. പുതുതായി നല്‍കിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ആയിട്ടുണ്ടായിരുന്നില്ല.

ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്നതില്‍ നോട്ടീസ് ടു എയര്‍ മിഷന്‍ സിസ്റ്റം പരാജയപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രവര്‍ത്തനരഹിതമാകുന്നതിന് മുന്‍പ് നല്‍കിയ വിവരങ്ങള്‍ മാത്രമാണ് സിസ്റ്റത്തില്‍ ഉണ്ടായിരുന്നത്. പുതുതായി നല്‍കിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ആയിട്ടുണ്ടായിരുന്നില്ല. ഇത്തരമൊരു സാങ്കേതിക തകരാര്‍ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് അന്വേഷണം തുടരുന്നത്. സൈബര്‍ ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഗതാഗത സെക്രട്ടറി പീറ്റ് ബൂട്ടിജിജ് പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യത്തിന് പ്രത്യക്ഷ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എഫ്എഎയും എഫ്ബിഐയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ നാശം സൃഷ്ടിക്കാന്‍ എങ്ങനെ സാധിച്ചു എന്നതാണ് ഉത്തരം ലഭിക്കേണ്ട സുപ്രധാന ചോദ്യമെന്നും ബൂട്ട്ജിജ് കൂട്ടിച്ചേര്‍ത്തു.

ബൂട്ട്ജിജുമായി വിഷയം ചര്‍ച്ച ചെയ്തതായി പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചു. സാങ്കേതിക തകരാറിനുള്ള കാരണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സൈബര്‍ ആക്രമണത്തിന് തെളിവുകളില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in