'കത്തോലിക്ക പുരോഹിതര്‍ക്ക്‌ സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാം'; സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് മാര്‍പാപ്പ

'കത്തോലിക്ക പുരോഹിതര്‍ക്ക്‌ സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാം'; സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് മാര്‍പാപ്പ

സ്വവര്‍ഗ ദമ്പതികള്‍ പതിവ് പള്ളി ആചാരങ്ങളുടെയും ആരാധനാക്രമങ്ങളുടെയും ഭാഗമാകില്ല

സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാന്‍ കത്തോലിക്ക പുരോഹിതര്‍ക്ക് വ്യവസ്ഥകളോടെ അനുമതി നല്‍കി വത്തിക്കാന്‍. ഇതുസംബന്ധിച്ച് വിശ്വാസപ്രമാണങ്ങളില്‍ ഭേദഗതി വരുത്തിയുള്ള രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. അതേസമയം സ്വവര്‍ഗ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയില്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗ ദമ്പതികള്‍ പതിവ് പള്ളി ആചാരങ്ങളുടെയും ആരാധനാക്രമങ്ങളുടെയും ഭാഗമാകില്ലെങ്കിലും അവരെ അനുഗ്രഹിക്കാനുള്ള അനുവാദം മാര്‍പാപ്പ നല്‍കുകയായിരുന്നു. ഇത്തരം അനുഗ്രഹങ്ങള്‍ എല്ലാവരെയും ദൈവം സ്വാഗതം ചെയ്യുന്നതിന്റെ അടയാളമാണെന്നും വത്തിക്കാനിലെ ഡോക്ട്രിനല്‍ ഓഫീസിലെ രേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അനുഗ്രഹത്തിലൂടെ വൈവാഹിക ജീവിതത്തില്‍ ദൈവസഹായം തേടുന്ന സാഹചര്യത്തില്‍ ആളുകളെ അകറ്റി നിര്‍ത്തരുതെന്നും അനുഗ്രഹം നല്‍കുന്നതിലെ നിലപാട് വിശാലവും സമ്പന്നവുമാക്കണമെന്നും അതിന്റെ ഭാഗമായാണ് വിശ്വാസ പ്രമാണത്തില്‍ ഭേദഗതി വരുത്തുന്നതെന്നും വത്തിക്കാന്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം സ്വവര്‍ഗ വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നതില്‍ ബാധകമല്ലെന്നും ആ വിഷയത്തില്‍ നിലവിലെ രീതി തുടരുമെന്നും വ്യവസ്ഥ വച്ചിട്ടുണ്ട്.

'കത്തോലിക്ക പുരോഹിതര്‍ക്ക്‌ സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാം'; സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് മാര്‍പാപ്പ
ഹൂതി വിമതരുടെ ആക്രമണം വര്‍ധിക്കുന്നു; ചെങ്കടല്‍ വഴിയുള്ള എണ്ണകയറ്റുമതി നിര്‍ത്തിവച്ച് ബ്രിട്ടീഷ് പെട്രോളിയം

സ്വവര്‍ഗ ആകര്‍ഷണം പാപമല്ലെന്നും സ്വവര്‍ഗ പ്രവൃത്തികള്‍ പാപമാണെന്നുമായിരുന്നു സഭ പഠിപ്പിച്ചുകൊണ്ടിരുന്നത്. 2013ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ സ്വവര്‍ഗ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ധാര്‍മിക സിദ്ധാന്തം മാറ്റാതെ 130 കോടി ജനങ്ങള്‍ അംഗമായ സഭയില്‍ എല്‍ജിബിടി ആളുകളെ കൂടുതല്‍ സ്വാഗതം ചെയ്യാന്‍ മാര്‍പാപ്പ ശ്രമിക്കുകയായിരുന്നു. സ്വവര്‍ഗ ദമ്പതികള്‍ക്ക് അനുഗ്രഹം നല്‍കുന്ന വിഷയത്തില്‍ മാറ്റമുണ്ടാകുമെന്ന് ഒക്ടോബറില്‍ വത്തിക്കാനില്‍ നടന്ന ബിഷപ്പുമാരുടെ സിനഡിന്റെ തുടക്കത്തില്‍ കര്‍ദിനാള്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മാര്‍പാപ്പ പറഞ്ഞിരുന്നു.

'സ്വന്തം സ്വത്വത്തെ വെളിപ്പെടുത്താത്ത, എന്നാല്‍ അവരുടെ ജീവിതവും പരസ്പരമുള്ള ബന്ധം സമ്പുഷ്ടമാക്കാനും സൗഖ്യമാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹം നല്‍കാം. ആത്യന്തികമായി ആളുകള്‍ക്ക് ദൈവത്തോടുള്ള വിശ്വാസം വര്‍ധിക്കുന്നതിന് അനുഗ്രഹം ഒരു മാര്‍ഗമാകുന്നു'',- എന്നാണ് ഇന്നത്തെ രേഖയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇത്തരം അനുഗ്രഹങ്ങള്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോഴോ, പുരോഹിതനുമായുള്ള കൂടിക്കാഴ്ചയിലോ, കൂട്ടപ്രാര്‍ത്ഥനയ്ക്കിടയിലോ നടത്താമെന്നും സൂചിപ്പിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in