അന്‌റോണിയോ ഗൂട്ടെറെസ്
അന്‌റോണിയോ ഗൂട്ടെറെസ്Michael Gottschalk/photothek.net

ലോകത്തെ ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനം സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം: യുഎന്‍ സെക്രട്ടറി ജനറല്‍

ശ്രദ്ധ വാള്‍ക്കർ കൊലപാതകം അടക്കം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി അന്റോണിയോ ഗുട്ടെറസ്

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളാണ് ലോകത്ത് നടക്കുന്നതില്‍ ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‌റോണിയോ ഗൂട്ടെറെസ്. അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് ലോകരാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോ 11 മിനിറ്റിലും ലോകത്ത് ഒരു സ്ത്രീ വീതം ആക്രമിക്കപ്പെടുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ കേസുകളിലും അക്രമി കാമുകനോ പങ്കാളിയോ ആണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി അവബോധം സൃഷ്ടിക്കാന്‍ നവംബര്‍ 25 അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. ദിനാചരണത്തോട് ബന്ധപ്പെട്ട നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്‌റെ പരാമര്‍ശം.

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ അവരുടെ അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുക മാത്രമല്ല, അവരുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്യും

''ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സ്ത്രീകള്‍ പലതരത്തില്‍ ആക്രമിക്കപ്പെടുന്നുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വിദ്വേഷ പ്രസംഗവും തുടങ്ങി ലൈംഗികാതിക്രമങ്ങള്‍ വരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ഇത്തരത്തിലുള്ള പ്രവണതകളാല്‍ അവരുടെ അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുന്നു. മാത്രമല്ല, അവരുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുകയും അതുവഴി ഓരോ രാജ്യങ്ങളിലും സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റത്തില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് കുറയുകയും ചെയ്യുന്നു. ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ വാള്‍ക്കർ കൊലപാതകവും സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന മറ്റ് അതിക്രമങ്ങളും മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്‌റെ പ്രസ്താവന.

 'UNITE: Activism to End Violence Against Women and Girls' എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.

ഇത്തരം അതിക്രമങ്ങള്‍ തടയാനായി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനോടൊപ്പം അതിനുള്ള തുക സമാഹരിക്കാനുള്ള വഴിയും ഓരോ രാജ്യത്തെയും സര്‍ക്കാരുകള്‍ കണ്ടെത്തേണ്ടതുണ്ട്. കര്‍മ്മ പദ്ധതികളില്‍ സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. ഇരകള്‍ക്ക് സുരക്ഷിതത്വവും സാമൂഹികനീതിയും ഉറപ്പാക്കാന്‍ സാധിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2026-ഓടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള ധനസഹായം 50 ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ ഫെമിനിസ്റ്റ് ചിന്താഗതി വളര്‍ത്തിയെടുക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

 'UNITE: Activism to End Violence Against Women and Girls' എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി നിരന്തരം പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരോടൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരുപോലെ സാധിച്ചാല്‍ മാത്രമേ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന, വിവേചനങ്ങള്‍ ഇല്ലാത്ത ലോകത്തെ വാർത്തെടുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in