പുടിൻ ചൈനയിലേക്ക്; ​​അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം റഷ്യൻ പ്രസിഡന്റിന്റെ ആദ്യ വിദേശ യാത്ര

പുടിൻ ചൈനയിലേക്ക്; ​​അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം റഷ്യൻ പ്രസിഡന്റിന്റെ ആദ്യ വിദേശ യാത്ര

അറസ്‌റ്റ് ചെയ്യാനുള്ള ഐസിസി ഉത്തരവ് നടപ്പിലാക്കുമെന്ന് അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച, ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പുടിൻ പങ്കെടുത്തിരുന്നില്ല.
Updated on
1 min read

ഒക്ടോബറിൽ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ പങ്കെടുക്കാനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് (യുക്രെയ്നിൽ) അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. ബ്ലൂംബർഗ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. അതേസമയം, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റിപ്പോർട്ടിനോട് പ്രതികരിച്ചില്ല.

ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ പങ്കെടുക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം പുടിൻ സ്വീകരിച്ചതായും ക്രെംലിൻ പുടിന്റെ സന്ദർശനത്തിനുള്ള ഒരുക്കത്തിലാണെന്നുമാണ് റിപ്പോർട്ട്. യുക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കും മുൻ സോവിയറ്റ് യൂണിയന്റെ അയൽരാജ്യങ്ങളിലേക്കും തന്റെ സൈന്യത്തിന് ഡ്രോണുകൾ വിതരണം ചെയ്യുന്ന ഇറാനിലേക്കുമല്ലാതെ അറസ്റ്റ് വാറന്റിന് ശേഷമുള്ള പുടിന്റെ ആദ്യ അന്താരാഷ്ട്ര സന്ദർശനമാണിത്.

അറസ്‌റ്റ് ചെയ്യാനുള്ള ഐസിസി ഉത്തരവ് നടപ്പിലാക്കുമെന്ന് അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച, ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പുടിൻ പങ്കെടുത്തിരുന്നില്ല. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ നിന്നും പുടിൻ പിന്മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ജി-20 സമ്മേളനത്തിലും പുടിൻ പങ്കെടുത്തിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് സമ്മേളനത്തിലും ബാലിയിൽ നടന്ന ജി-20 സമ്മേളനത്തിലും പുടിന് പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് പങ്കെടുത്തത്.

2022 ഫെബ്രുവരിയിൽ യുക്രൈയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ, പുടിൻ അയൽരാജ്യങ്ങളായ മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിലേക്കും ഇറാനിലേക്കും മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ. 2022 ഫെബ്രുവരിയിൽ കീവിൽ സൈനിക ആക്രമണം ആരംഭിക്കുന്നതിന് മുൻപ് പുടിൻ ചൈന സന്ദർശിച്ചിരുന്നു. അതേസമയം, ഈ വർഷം മാർച്ചിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌പിങ് മോസ്കോ സന്ദർശിച്ചിരുന്നു. ഷി ജിൻപിങ് മോസ്‌കോ സന്ദർശിച്ച് മാസങ്ങൾക്ക് ശേഷമാണ് പുടിന്റെ ചൈന സന്ദർശനം.

തന്റെ സുരക്ഷ പൂർണമായി ഉറപ്പുനൽകുന്ന രാജ്യങ്ങൾ സന്ദർശിക്കാൻ മാത്രമേ പുടിൻ തയ്യാറുള്ളൂവെന്നും ആ സ്ഥലങ്ങളിൽ ഒന്നാണ് ചൈനയെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റിൽ പുടിനുമായി ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഈ മാസം ആദ്യം പറഞ്ഞിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ പുടിനെ കാണാൻ അടുത്തയാഴ്ച റഷ്യയിലെ സോചിയിലേക്ക് പോകാനാണ് എർദോഗന്റെ പദ്ധതി.

മാർച്ചിലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) യുക്രെയിനിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളുടെ പശ്ചാത്തലത്തിൽ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജനങ്ങളെ നിയമവിരുദ്ധമായി നാടുകടത്തുക എന്ന യുദ്ധക്കുറ്റത്തിനും യുക്രൈയ്‌നിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിനുമുളള ഉത്തരവാദിത്വം പുടിനാണെന്ന് ഹേഗിലെ അന്താരാഷ്‌ട്ര ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു. 2022 ഫെബ്രുവരി 24 മുതൽ യുക്രെയ്ൻ അധിനിവേശ പ്രദേശത്ത് ഈ കുറ്റകൃത്യങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നതായി ഐസിസി പറഞ്ഞു.

logo
The Fourth
www.thefourthnews.in