യുക്രെയ്ൻ സൈനിക റിക്രൂട്ട്മെന്റിൽ അഴിമതിയും തിരിമറിയും; പ്രാദേശിക മേധാവികളെ പിരിച്ചുവിട്ട് സെലൻസ്കി

യുക്രെയ്ൻ സൈനിക റിക്രൂട്ട്മെന്റിൽ അഴിമതിയും തിരിമറിയും; പ്രാദേശിക മേധാവികളെ പിരിച്ചുവിട്ട് സെലൻസ്കി

നിർബന്ധിത സൈനിക സേവനം ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തൽ

യുക്രെയ്ൻ സൈനിക റിക്രൂട്ട്മെന്റിൽ അഴിമതി, കൈക്കൂലി, തിരിമറി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മേധാവിമാർക്കെതിരെ നടപടിയെടുത്ത് പ്രസിഡന്റ് വോളിഡിമിർ സെലൻസ്കി. രാജ്യത്തെ പ്രാദേശിക സൈനിക റിക്രൂട്ട്മെന്റ് സെന്ററുകളുടെ മേധാവിമാരെയെല്ലാം പിരിച്ചുവിട്ടതായി പ്രസിഡന്റ് പ്രഖ്യാപിച്ചു. ഖാർകിവിൽ റഷ്യയിൽ നിന്ന് ശക്തമായ തിരിച്ചടി നേരിടുന്നതിനിടെയാണ് രാജ്യത്തെ പുതിയ സംഭവവികാസങ്ങൾ.

കൈക്കൂലി വാങ്ങി നിർബന്ധിത സൈനിക സേവനം ഒഴിവാക്കി കൊടുക്കാൻ സൈനിക റിക്രൂട്ട്മെന്റ് മേധാവികൾ ശ്രമിച്ചതായി കണ്ടെത്തി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തോട് ചെയ്യുന്ന വഞ്ചനയാണ് നടപടിയെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇത്തരം സംവിധാനങ്ങൾ സുതാര്യതയോടെ പ്രവർത്തിപ്പിക്കേണ്ടവർ തന്നെ രാജ്യദ്രോഹക്കുറ്റം ചെയ്യുകയാണെന്ന് സെലൻസ്കി വിലയിരുത്തി. സൈന്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കുന്നതിന് പകരം, പരുക്കേറ്റവരെ സൈന്യത്തിൽ നിലനിർത്തി അപമാനിക്കാനാണ് ശ്രമങ്ങൾ നടന്നതെന്നും യുക്രെയ്ൻ സർക്കാർ വിലയിരുത്തി. പല പ്രാദേശിക സൈനിക റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥരും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ വലിയ സമ്പാദ്യങ്ങളുണ്ടാക്കിയതായും കണ്ടെത്തി.

രാജ്യത്തെ അഴിമതി ഇല്ലാതാക്കുമെന്ന് ജനങ്ങൾക്ക് വാ​ഗ്ദാനം ചെയ്തുകൊണ്ടാണ് 2019ൽ സെലൻസ്കി അധികാരത്തിൽ എത്തിയത്. ഇതിന്റെ ഭാ​ഗമായി യുദ്ധത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധമേഖലകളിലുണ്ടാകുന്ന അഴിമതികളെ സെലൻസ്കി പരസ്യമായി വെല്ലുവിളിച്ചിരുന്നു. കൂടാതെ, ഈ വർഷം ജനുവരിയിൽ അഴിമതി ആരോപണ വിധേയനായ മന്ത്രിസഭാംഗം വാസിൽ ലോസിൻസ്‌കിയെ പ്രസിഡന്റ് പിരിച്ചുവിടുകയും ചെയ്തു. ഇതിന് പിന്നാലെ ലോസിൻസ്കിയുമായി അടുപ്പമുള്ളവർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.

''ഒരുവിഭാഗം പണിയെടുത്തപ്പോൾ, ചിലർ ക്രിപ്‌റ്റോകറൻസി എടുക്കുകയായിരുന്നു, ഇതിന് തെളിവുണ്ട്. സൈനിക ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കെതിരെ 112 ക്രിമിനൽ കേസുകൾ നടക്കുന്നുണ്ട്. നിയമവിരുദ്ധമായി നേടിയ ഫണ്ടുകൾ, ഇവ നിയമവിധേയമാക്കുന്നതിനായി നടത്തിയ അട്ടിമറി, നിയമവിരുദ്ധമായ ആനുകൂല്യം, സൈനിക സേവനത്തിന് ബാധ്യസ്ഥരായ വ്യക്തികളെ അതിർത്തികടത്തിൽ എന്നിവയെല്ലാം ഇതിലുൾപ്പെടും'' -സെലൻസ്കി വ്യക്തമാക്കി. പ്രാദേശിക റിക്രൂട്ട്‌മെന്റ് സെന്ററുകളുടെ പുതിയ മേധാവികളെ നിയമിക്കാൻ സൈനിക മേധാവിക്ക് സെലൻസ്കി നിർദേശം നൽകി.

എന്നാൽ, സൈനിക അഴിമതിയുമായി ബന്ധപ്പെട്ട മറ്റ ചില മേഖലകളെപ്പറ്റി പ്രസിഡന്റ് പരാമർശിച്ചില്ല. സൈനികർക്ക് ശൈത്യകാലത്ത് ഉപയോ​ഗിക്കുന്നതിന് തുർക്കിയിൽ നിന്നും വാങ്ങിയ കോട്ടുകൾ ഉൾപ്പെടുന്ന കിറ്റിന് അമിതപണം നൽകിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 142,000 ഡോളർ വിലയുള്ളവ 421,000 ഡോളർ നൽകിയാണ് വാങ്ങിയതെന്നാണ് ആരോപണം. എന്നാൽ വിഷയത്തിൽ ജൂൺ മുതൽ അന്വേഷണം നടന്നുവരികയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in