മുഴുവൻ പിന്തുണയും നൽകാമെന്ന് റഷ്യ; ബഖ്‌മുത്ത് നഗരത്തിൽ നിന്ന് പിന്മാറുമെന്ന തീരുമാനം മാറ്റി വാഗ്നർ ഗ്രൂപ്പ് തലവൻ

മുഴുവൻ പിന്തുണയും നൽകാമെന്ന് റഷ്യ; ബഖ്‌മുത്ത് നഗരത്തിൽ നിന്ന് പിന്മാറുമെന്ന തീരുമാനം മാറ്റി വാഗ്നർ ഗ്രൂപ്പ് തലവൻ

ഞായറാഴ്ച ടെലഗ്രാമിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെയാണ് തീരുമാനം പിൻവലിച്ച തീരുമാനം പ്രിഗോഷിൻ അറിയിച്ചത്

യുക്രെയ്‌നിയൻ നഗരമായ ബഖ്‌മുത്തിൽ നിന്ന് പിന്മാറുന്നുവെന്ന പ്രഖ്യാപനം പിൻവലിച്ച് റഷ്യയുടെ സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗനി പ്രിഗോഷിൻ. റഷ്യൻ പ്രതിരോധ സേനയുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പിന്തുണയില്ലെന്നും അതിനാൽ വലിയ തിരിച്ചടികളാണ് ഏൽക്കുന്നതെന്നും ചൂണ്ടിക്കാട്ടി സൈന്യത്തെ പിൻവലിക്കുകയാണെന്ന് പ്രിഗോഷിൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആവശ്യമായ എല്ലാ ആയുധ സഹായങ്ങളും നൽകാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് മുൻപെടുത്ത തീരുമാനം പിന്‍വലിക്കുകയാണെന്നും പ്രിഗോഷിൻ അറിയിച്ചു.

റഷ്യയെ സംബന്ധിച്ചിടത്തോളം ഡോൻബാസ് മേഖലയുടെ നിയന്ത്രണം പൂർണമായും നേടുന്നതിന് ബഖ്‌മുത്ത് നഗരം അതിപ്രധാനമാണ്

തങ്ങൾക്കുണ്ടായ നഷ്ടം വലുതാണെന്നും അതുകൊണ്ട് മെയ് പത്തിന് ബഖ്‌മൂത്തിൽ നിന്ന് പിന്മാറും എന്നുമായിരുന്നു പ്രിഗോഷിൻ നേരത്തെ നടത്തിയ പ്രഖ്യാപനം. പിന്തുണ നൽകാത്തതിൽ റഷ്യൻ പ്രതിരോധ മന്ത്രിക്കും ജനറൽ സ്റ്റാഫ് മേധാവിക്കും പങ്കുണ്ടെന്നും വാഗ്നർ തലവൻ കുറ്റപ്പെടുത്തിയിരുന്നു.

ഞായറാഴ്ച ടെലഗ്രാമിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെയാണ് തീരുമാനം പിൻവലിച്ച തീരുമാനം പ്രിഗോഷിൻ അറിയിച്ചത്. "ഒറ്റരാത്രികൊണ്ട് ഞങ്ങൾക്ക് പോരാടാനുള്ള ഉത്തരവ് ലഭിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായത്രയും യുദ്ധസാമഗ്രികളും വെടിക്കോപ്പുകളും നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. ശത്രുക്കളെ നേരിടാൻ ആവശ്യമായതെല്ലാം വിന്യസിക്കുമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്" പ്രിഗോഷിൻ പറഞ്ഞു. യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത് മുതൽ റഷ്യയ്ക്ക് വേണ്ടി പോരാടിയ വാഗ്നർ ഗ്രൂപ്പിന്റെ പുതിയ തീരുമാനം റഷ്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.

മുഴുവൻ പിന്തുണയും നൽകാമെന്ന് റഷ്യ; ബഖ്‌മുത്ത് നഗരത്തിൽ നിന്ന് പിന്മാറുമെന്ന തീരുമാനം മാറ്റി വാഗ്നർ ഗ്രൂപ്പ് തലവൻ
'യുക്രെയ്നിലെ ബഖ്‌മൂത്തിൽ നിന്ന് ഉടൻ പിന്മാറും'; അപ്രതീക്ഷിത പ്രഖ്യാപനവുമായി റഷ്യൻ കൂലിപ്പടയാളി സംഘത്തലവൻ

അതേസമയം വാഗ്നർ ഗ്രൂപ്പിനൊപ്പം പ്രവർത്തിക്കാൻ ജനറൽ സെർഗെ സുറോവിക്കിനെ തന്നെ റഷ്യൻ പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തി. യുദ്ധം ചെയ്യാനറിയുന്ന ഏക ജനറൽ സുറോവിക്ക് മാത്രമാണെന്നും പ്രിഗോഷിൻ പ്രതികരിച്ചു. റഷ്യയെ സംബന്ധിച്ചിടത്തോളം ഡോൻബാസ് മേഖലയുടെ നിയന്ത്രണം പൂർണമായും നേടുന്നതിന് ബഖ്‌മുത്ത് നഗരം അതിപ്രധാനമാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഈ മേഖലയിലുള്ള റഷ്യൻ ആക്രമണം ശക്തമായി തുടരുകയായിരുന്നു. ഇരുസൈന്യവും തമ്മിലുള്ള പോരാട്ടത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. എന്നാൽ വ്യക്തമായൊരു മുൻകൈ നേടാൻ റഷ്യക്ക് സാധിച്ചിട്ടില്ല.

റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രിഗോഷിനും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ ഭാഗമാണ് പിന്മാറ്റ പ്രഖ്യാപനമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. മുൻപും സമാനമായ പ്രഖ്യാപനങ്ങൾ വാഗ്നർ തലവൻ നടത്തിയെങ്കിലും പിന്നീട് അതൊരു തമാശയായിരുന്നുവെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. അതുകൊണ്ട് തന്നെ പിന്മാറുമെന്ന പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ടോ എന്ന സംശയവും പല കോണുകളിൽ നിന്നുയർന്നിരുന്നു.

logo
The Fourth
www.thefourthnews.in