പുതിയ രാഷ്ട്രീയ നീക്കവുമായി ഇമ്രാന്‍ ഖാന്‍: പിടിഐ പ്രവശ്യ അസംബ്ലികളില്‍ നിന്ന് രാജിവെയ്ക്കും

പുതിയ രാഷ്ട്രീയ നീക്കവുമായി ഇമ്രാന്‍ ഖാന്‍: പിടിഐ പ്രവശ്യ അസംബ്ലികളില്‍ നിന്ന് രാജിവെയ്ക്കും

റാവല്‍പിണ്ടിയില്‍ പാർട്ടി സമ്മേളനത്തിൽ ലക്ഷക്കണക്കിന് അനുയായികളാണ് തടിച്ചുകൂടിയത്

പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി രാജ്യത്തെ എല്ലാ പ്രവശ്യാ അസംബ്ലികളിൽ നിന്നും രാജിവെയ്ക്കുമെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നിലവിലെ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായി തുടരില്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കാൻ ഷഹബാസ് ഷരീഫ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്രാന്‍ ഖാന്റെ പുതിയ നീക്കം. ലോങ് മാര്‍ച്ചിനിടെ വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയും വിശ്രമവും പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. റാവല്‍പിണ്ടിയില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാന്‍ ഖാന്‍. ലക്ഷകണക്കിന് അനുയായികളാണ് മുന്‍ പ്രധാനമന്ത്രിയുടെ റാലിയുടെ ഭാഗമാകാന്‍ റാവല്‍പിണ്ടിയില്‍ ഒത്തുചേര്‍ന്നത്.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ നിന്നും ഒഴിയുന്ന കാര്യം മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്തിട്ടുണ്ട്. പിടിഐയുടെ പാർലമെൻററി പാർട്ടി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് അരാജകത്വവും അട്ടിമറികളും ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ തന്റെ പാർട്ടിയുടെ “ഹഖീഖി ആസാദി” മാർച്ച് ഇസ്ലാമാബാദിലേക്ക് കടക്കില്ലെന്നും ഇമ്രാൻഖാൻ പ്രഖ്യാപിച്ചു. “സർക്കാരിന് പിടിഐയുടെ ഇസ്ലാമാബാദ് മാർച്ച് താങ്ങാൻ കഴിയില്ല. ദശലക്ഷക്കണക്കിന് ആളുകൾ ഇസ്ലാമാബാദിലേക്ക് പ്രവേശിക്കുന്നത് തടയാൻ അവർക്ക് കഴിയില്ല. ഞങ്ങൾക്ക് ശ്രീലങ്കയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാമായിരുന്നു” - പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ ഒരു നിർണായക ഘട്ടത്തിലാണ് നിൽക്കുന്നത്. ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ''എന്നെ ആക്രമിക്കാൻ മൂന്ന് പേർ ഇപ്പോഴും തയ്യാറായി നിൽപ്പുണ്ട്. എന്നാൽ ഭയം നിങ്ങളെ അടിമകളാക്കും. അതിനാൽ ഭയപ്പെട്ട് ജീവിക്കരുത്''. ഇമ്രാൻ ഖാൻ പറഞ്ഞു. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി റാണാ സനാവുല്ല, ഐഎസ്‌ഐ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ ഫൈസൽ നസീർ എന്നിവരാണെന്ന് ആവർത്തിച്ച് ആരോപിച്ചു.

ലാഹോറിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് റാവൽപിണ്ടിയിലെ പാക് വ്യോമസേന എയർ ബേസില്‍ ഖാന്‍ എത്തിയത്. ഹെലികോപ്റ്ററില്‍ റാവൽപിണ്ടിയിലെ വേദിക്ക് സമീപത്തെത്തിച്ചു. ഡോക്ടര്‍മാരുടെ സംഘവും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

പുതിയ രാഷ്ട്രീയ നീക്കവുമായി ഇമ്രാന്‍ ഖാന്‍: പിടിഐ പ്രവശ്യ അസംബ്ലികളില്‍ നിന്ന് രാജിവെയ്ക്കും
റാലിക്ക് നേരെ വെടിവെപ്പ്; ഇമ്രാന്‍ ഖാന് വെടിയേറ്റു

പാർലമെൻറിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇമ്രാൻ ഖാനെ ഈ വർഷം ആദ്യം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നാലെ പൊതുപദവികൾ വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്തു. എന്നാൽ തനിക്കെതിരായ കുറ്റങ്ങൾ ഇമ്രാൻ ഖാൻ നിഷേധിക്കുകയും അവ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ, ആസാദ് കശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നിവിടങ്ങളിൽ പിടിഐയാണ് അധികാരത്തിലുള്ളത്.

logo
The Fourth
www.thefourthnews.in