യുദ്ധക്കുറ്റങ്ങൾ ഇല്ലാത്ത യുദ്ധമുണ്ടോ? പലസ്തീൻ- ഇസ്രയേൽ സംഘർഷത്തിലെ കൊടുംക്രൂരതകൾ

യുദ്ധക്കുറ്റങ്ങൾ ഇല്ലാത്ത യുദ്ധമുണ്ടോ? പലസ്തീൻ- ഇസ്രയേൽ സംഘർഷത്തിലെ കൊടുംക്രൂരതകൾ

1949 ലെ ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 8 ല്‍ ആണ് യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള നിര്‍വചനമുള്ളത്

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ കെടുതികള്‍ ലോകം കണ്ടുകൊണ്ടിരിക്കെയാണ് പലസ്തീന്‍ ജനതയെ വലിയ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചിരിക്കുന്നത്. ഇത്തവണ ഹമാസ് ഇസ്രയേലിലേക്ക് 'ഓപറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ്' എന്ന പേരില്‍ നടത്തിയ ആക്രമണവും അതിനുള്ള തിരിച്ചടിയുമാണ് പശ്ചിമേഷ്യയെ യുദ്ധ ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തോടെ ആരംഭിച്ച സംഘര്‍ഷത്തിന്റെ മൂന്നാം നാള്‍ തന്നെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ മേഖലയില്‍ യുദ്ധക്കുറ്റങ്ങള്‍ നടക്കുന്നതായി ആരോപിച്ചിരുന്നു. ഇസ്രയേല്‍-ഹമാസ് വിഭാഗങ്ങള്‍ പരസ്പരം യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. മാരകമായ ആക്രമണങ്ങള്‍ക്കിടെ നടന്ന യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു കഴിഞ്ഞു.

എന്താണ് യുദ്ധക്കുറ്റം

1949 ലെ ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 8 ല്‍ ആണ് യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള നിര്‍വചനമുള്ളത്. യുദ്ധത്തില്‍ പിന്തുടരേണ്ട രീതികളുടെയും യുദ്ധ നിയമങ്ങള്‍ക്ക് വിരുദ്ധമായ മനുഷ്യാവകാശങ്ങളുടെ ഗൗരവ ലംഘനങ്ങളെയുമാണ്‌ യുദ്ധക്കുറ്റം എന്ന് അടയാളപ്പെടുത്തുന്നത്.

യുദ്ധത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന അധിനിവേശ പ്രദേശത്തിലെ സാധാരണ പൗരന്മാരെ കൊല്ലുക, അവരുടെ അന്തസിന് കളങ്കം വരുത്തുംവിധം പെരുമാറുക, അടിമപ്പണിക്ക് ഉപയോഗിക്കുക. സിവിലിയന്‍ ഇന്റേണീ (ആയുധമെടുക്കേണ്ടിവന്ന സാധാരണക്കാരന്‍) ആയിട്ടുള്ളവരെയോ യുദ്ധ തടവുകാരെയൊ കൊല്ലുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യുക, സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികളെ (protected persons) സൈനിക സേവനത്തിന് നിര്‍ബന്ധിക്കുക. അഭയാര്‍ത്ഥികളെ വകവരുത്തുക, യുദ്ധ തടവുകാരെയോ ചാരവൃത്തി ആരോപിക്കപ്പെട്ടവരെയോ ശരിയായ വിചാരണ കൂടാതെ കൊല്ലുകയോ ശിക്ഷിക്കുകയോ ചെയ്യുക, നഗരങ്ങളോ പട്ടണങ്ങളോ ഗ്രാമങ്ങളോ കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ സൈനികാവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ നശിപ്പിക്കുക തുടങ്ങിയവയാണ് ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധക്കുറ്റങ്ങളായി കണക്കാക്കുന്നത്.

പലസ്തീനില്‍ നടക്കുന്നത്

ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ ഇരുപക്ഷവും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെ ചീഫ് പ്രോസിക്യൂട്ടറും അന്താരാഷ്ട്ര നിയമ വിദഗ്ദനുമായ ഡേവിഡ് ക്രെയിന്‍ ചൂണ്ടിക്കാട്ടുന്നത്. നഗരങ്ങളോ പട്ടണങ്ങളോ ഗ്രാമങ്ങളോ കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ സൈനികാവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ നശിപ്പിക്കരുത് എന്ന നിര്‍ദേശത്തിന് വിരുദ്ധമാണ് ഗാസയിലെ സംഭവങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാധാരണക്കാര്‍ക്ക് എതിരായ എല്ലാ ആക്രമണവും യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുമോ?

യുദ്ധമുഖത്ത് സിവിലിയന്‍സിനെ ലക്ഷ്യമിട്ടുള്ള എല്ലാ ആക്രമണങ്ങളും യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരില്ലെന്നതാണ് മറ്റൊരു വസ്തുത. യുദ്ധ നിയമങ്ങള്‍ എല്ലായിപ്പോഴും സാധാരണക്കാരെ മരണത്തില്‍ നിന്നും സംരക്ഷിക്കുന്നില്ല. സൈനിക നീക്കത്തിനുള്ള ന്യായീകരണങ്ങളാണ് പലപ്പോഴും ഇത്തരത്തിലുള്ള നടപടികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. സൈനിക നടപടികളില്‍ അത്യാവശ്യമെങ്കില്‍ സ്‌കൂളുകള്‍, ഗാര്‍ഹിക കെട്ടിടങ്ങള്‍ എന്നിവയ്ക്ക് എതിരായ ബോംബാക്രമണം എന്നിവപോലും ഈ സാഹചര്യങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കുന്നില്ല.

2.2 ദശലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നായ ഗാസയില്‍ സിവിലിയന്‍മാരെ കൊല്ലാതെ എങ്ങനെ ആക്രമണം സാധ്യമാകുമെന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഇത്തരം സാഹചര്യങ്ങളില്‍, ഒരു ആക്രമണത്തിന്റെ ലക്ഷ്യം നിര്‍ണ്ണയിക്കുന്നത് യുദ്ധക്കുറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതില്‍ പ്രധാനമാണ്.

യുദ്ധക്കുറ്റങ്ങള്‍ നിര്‍ണയിക്കുന്നത് എങ്ങനെ

വിവേചനം (distinction), ആനുപാതികത (proportionality ), മുന്‍കരുതല്‍ (precaution)- തുടങ്ങിയ മൂന്ന് തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക കോടതികള്‍ സൈനിക നടപടി യുദ്ധക്കുറ്റമാണോ എന്ന് നിര്‍ണ്ണയിക്കുന്നത്. സാധാരണ ജനങ്ങളെയും പോരാളികളെയും തിരിച്ചറിയാന്‍ കഴിയണം എന്നതാണ് വിവേചനം എന്ന് നിര്‍വചിക്കുന്നത്. രൂക്ഷമായ ആക്രമണങ്ങളോടെയുള്ള പ്രതിരോധം വിലക്കുന്നതാണ് ആനുപാതികത (proportionality ) അര്‍ത്ഥമാക്കുന്നത്. സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് മുന്‍കരുതല്‍ (precaution) എന്നതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി യുദ്ധക്കുറ്റങ്ങളെ നിര്‍ണയിക്കുക എന്നത് വളരെ ദുഷ്‌കരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു കൊണ്ട് ഇസ്രയേല്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം 'മുന്നറിയിപ്പ്' ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. എന്നാല്‍ യുഎന്‍, റെഡ് ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ ഈ മുന്നറിയിപ്പിനെ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമായാണ് വിലയിരുത്തുന്നത്.

ആക്രമണത്തിന് മുന്‍പ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള അവസരം എന്ന നിലയിലാണ് ഇസ്രയേല്‍ വടക്കന്‍ ഗാസ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഗാസാ നിവാസികള്‍ക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്യാന്‍ സുരക്ഷിതമായ പാതകളോ, സൗകര്യങ്ങളോ ഇല്ലെന്നതാണ് മറ്റൊരു വസ്തുത. ഇതിനൊപ്പം കാര്യക്ഷമമായ മുന്നറിയിപ്പ് പോലും നല്‍കിയില്ലെന്നും ആരോപണമുണ്ട്. ഈ ഉത്തരവ് ഒരിക്കലും ഒരു രക്ഷാ പ്രവര്‍ത്തനത്തിനുള്ള അവസരം ആയിരുന്നില്ല. ഇത് മാറി താമസിക്കാനുള്ള നിര്‍ദേശമായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് നിര്‍ബന്ധിച്ചുള്ള കുടിയിറക്കല്‍ യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ പെടുന്നതാണ്.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ആനുപാതികത (proportionality ) എന്ന ആശയവും ചര്‍ച്ചാ വിഷയമാണ്. ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണം അതിക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി ഗാസയിലെ ഇസ്രയേല്‍ സൈന്യത്തിന്റെ നടപടികള്‍ ന്യായമാണെന്ന് ചിലര്‍ അവകാശപ്പെടുന്നു. ഈ വിഷയം ഉള്‍പ്പെടെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിഗണനയിലാണ്. ഹമാസ് ബന്ധികളാക്കിയവരുടെ ദുരവസ്ഥയാണ് ഇതിന്റെ മറ്റൊരു വശം.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പങ്ക്

നെതര്‍ലന്റ്‌സിലെ ഹേഗില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് യുദ്ധക്കുറ്റങ്ങള്‍ പരിഗണിക്കുന്ന അന്താരാഷ്ട്ര സ്ഥാപനം. യുദ്ധക്കുറ്റങ്ങള്‍, വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ വിചാരണയാണ് ഐസിസിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍. 60 രാജ്യങ്ങള്‍ അംഗീകരിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടം (2002) പ്രകാരമാണ് സ്ഥിരം ജുഡീഷ്യല്‍ ബോഡി എന്ന നിലയില്‍ കോടതി സിറ്റിങ്ങുകള്‍ ആരംഭിച്ചത്. ഐസിസിയുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ സാക്ഷി വിസ്താരം, തെളിവ് നല്‍കല്‍, കുറ്റാരോപിതരായ വ്യക്തികളെ അറസ്റ്റ് ചെയ്യല്‍ തുടങ്ങിയ നടപടികള്‍ അനുസരിക്കാനും ബാധ്യസ്ഥരാണ്.

ഗാസ സംഘര്‍ഷവും ഐസിസിയും

2015 മുതല്‍ പലസ്തീന്‍ ഐസിസി അംഗരാജ്യമാണ്. എന്നാല്‍ ഇസ്രയേല്‍, യുഎസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിന്റെ ഭാഗമല്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷ മേഖല അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയില്‍വരുന്നില്ല. കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇസ്രയേല്‍ ബാധ്യസ്ഥരുമല്ല.

റോം സ്റ്റാറ്റിയൂട്ടില്‍ കക്ഷികളായ രാജ്യങ്ങളും യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ആരോപണ വിധേയരായിട്ടുണ്ട് എങ്കിലും വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ ഏറെ ബുദ്ധിമുട്ടേറിയതാണ്. പ്രവര്‍ത്തനം തുടങ്ങി രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും വിരലിലെണ്ണാവുന്ന നടപടികള്‍ മാത്രമാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈക്കൊള്ളാനായിട്ടുള്ളത്.

logo
The Fourth
www.thefourthnews.in