ഖേഴ്സണ്‍ അണക്കെട്ട് തകര്‍ച്ചയ്ക്ക് പിന്നിലാര്? അപകടമുണ്ടായത് എങ്ങനെ? റഷ്യക്കും യുക്രെയിനും ഇനി എന്ത് സംഭവിക്കും?

ഖേഴ്സണ്‍ അണക്കെട്ട് തകര്‍ച്ചയ്ക്ക് പിന്നിലാര്? അപകടമുണ്ടായത് എങ്ങനെ? റഷ്യക്കും യുക്രെയിനും ഇനി എന്ത് സംഭവിക്കും?

70 വർഷം മുൻപ് നിർമിച്ച കൂറ്റൻ ഡാമിന്റെ തകർച്ച റഷ്യയിലും യുക്രെയിനും വൻ ആഘാതമുണ്ടാക്കുമെന്നും വിദഗ്‌ധർ

ഖേഴ്‌സണ്‍ നഗരത്തിലെ കഖോവ്ക ഡാം തകര്‍ന്നതിന് പിന്നാലെ ദക്ഷിണ യുക്രൈനില്‍ വെള്ളപ്പൊക്കം രൂക്ഷം. ഖേഴ്‌സണ്‍ നഗരത്തിന് ചുറ്റുമുള്ള ഇരുപത്തി നാലോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിലായെന്ന് യുക്രെയ്ന്‍ അറിയിച്ചിരിക്കുന്നത്.16,000 പേര്‍ ക്രിട്ടിക്കല്‍ സോണിലാണെന്നും ഇവരെ മാറ്റി പാർപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. അണക്കെട്ട് തകർച്ചയുടെ ഉത്തരവാദിത്തം ഇരു രാജ്യങ്ങളും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, 70 വർഷം മുൻപ് നിർമിച്ച കൂറ്റൻ അണക്കെട്ടിന്റെ തകർന്നത് റഷ്യയിലും യുക്രെയ്നിലും വൻ ആഘാതമുണ്ടാക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

ഖേഴ്‌സന്‍ അണക്കെട്ടിന്റെ പ്രാധാന്യം

സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മിച്ച ആറ് അണക്കെട്ടുകളില്‍ ഏറ്റവും വലുതാണ് കഖോവ്ക. 1956ലാണ് 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്ക് കുറുകെയാണ് നിർമിച്ചത്. ബെലാറസുമായുള്ള വടക്കൻ അതിർത്തി മുതൽ കരിങ്കടൽ വരെ നീളുന്ന നിപ്രോ നദിയിലെ ആറ് അണക്കെട്ടിൽ അഞ്ചെണ്ണം യുക്രെയ്നിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, കഖോവ്ക അണക്കെട്ട് 2014 മുതൽ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യയില്‍ റിയാക്ടര്‍ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് ഈ അണക്കെട്ടിലെ വെള്ളമായിരുന്നു. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയുടെ വൈദ്യുതി, ജലസേചന, കുടിവെള്ള ആവശ്യങ്ങൾക്കും ഈ അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്.

240 കിലോ മീറ്റർ (150 മൈല്‍) നീളവും 23 കി.മീ (14 മൈല്‍) വരെ വീതിയുമുള്ള തെക്കന്‍ യുക്രെയ്‌നിന്റെ പ്രധാന ഭൂമിശാസ്ത്രപരമായ സവിശേഷതകളില്‍ ഒന്നാണ് അണക്കെട്ടിന് പിന്നിലുള്ള വിശാലമായ ജലസംഭരണി. യുക്രെയ്ന്റെ ഹൃദയമാണ് കൃഷി. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ധാന്യം, സൂര്യകാന്തി എണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യമാണ് യുക്രെയ്ൻ. എന്നാൽ വെള്ളപ്പൊക്ക പ്രതിസന്ധിയെ തുടർന്ന് ഗോതമ്പ് അടക്കമുള്ള ധാന്യങ്ങളുടെ ഉത്പാദനം തടസപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ ഗോതമ്പിന്റെ വില വർധിപ്പിച്ചിരുന്നു.

അണക്കെട്ട് തകർന്നതെങ്ങനെ?

തുടര്‍ച്ചയായ സ്ഫോടനത്തിലൂടെ ഡാമിന് തകരാർ സംഭവിച്ചിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഫോട്ടോയിലും വീഡിയോയിലും വ്യക്തമാണ്. അണക്കെട്ട് തകർന്നതിന് പിന്നാലെ കെർസണിലും സമീപപ്രദേശത്തും അതിവേഗത്തിൽ വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു അതേസമയം അണക്കെട്ടിൽ ആദ്യമായി കേടുപാടുകൾ സംഭവിച്ചത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല. കുറച്ച് ദിവസങ്ങളായി അണക്കെട്ട് തകർച്ചയുടെ വക്കിലായിരുന്നുവെന്നും ഉപഗ്രഹചിത്രങ്ങൾ സൂചന നൽകുന്നു.

ജൂൺ രണ്ടിന് അണക്കെട്ടിന് കുറുകെയുള്ള ഒരു റോഡ് തകർന്നതായും റിപ്പോർട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ ആഘാതം എത്രത്തോളം ആയിരിക്കുമെന്ന ഔദ്യോഗിക റിപ്പോർട്ട് പുറത്തു വന്നിട്ടില്ലെങ്കിലും 16,000 ത്തോളം ആളുകൾ താമസിക്കുന്ന ഒരുമേഖലയെ പൂർണമായും ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള മുന്നറിയിപ്പ് ഇതിനോടകം നൽകിയിട്ടുണ്ട്. ഖേഴ്‌സണിലെ എട്ട് ഗ്രാമങ്ങൾ പൂർണ്ണമായും ഇതിനോടകം വെള്ളത്തിനടിയിലായിട്ടുണ്ടെന്നും അധികാരികൾ വ്യക്തമാക്കി. ഇനിയും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യത കൂടുതലാണെന്നും ഖേഴ്‌സണിലെ അധികാരികൾ അറിയിച്ചു.

അണക്കെട്ട് തകർച്ചയ്ക്ക് പിന്നിൽ ആര്?

അണക്കെട്ട് തകർന്നതിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല, എന്നാൽ റഷ്യ മനഃപൂർവം അപകടമുണ്ടാക്കിയതാണെന്നാണ് യുക്രെയ്ൻ സൈന്യത്തിന്റെ ആരോപണം. റഷ്യക്കെതിരെ പ്രത്യാക്രമണം നടത്തുന്നതിനായി നദിക്ക് കുറുകെയുള്ള റോഡിലൂടെ യുക്രെയ്ൻ സൈന്യത്തെ കടത്തിവിടുമെന്ന് ഭയന്ന് റഷ്യ അണക്കെട്ട് തകർത്തതാകാമെന്നും യുക്രെയ്ൻ ആരോപിച്ചു. എന്നാൽ, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റഷ്യക്കെതിരായ ആരോപണം തള്ളി. 2014 മുതൽ റഷ്യയുടെ അധീനതയിലുള്ള ഡാം നശിപ്പിക്കാനുള്ള യുക്രെയ്ന്റെ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഇരുരാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് ഖേഴ്‌സണിലെ അണക്കെട്ട്. രാജ്യത്തെ ജനങ്ങൾ അണക്കെട്ടിലെ വെള്ളം ആശ്രയിച്ചാണ് ജീവിക്കുന്നത്. കൃഷി ചെയ്യുന്നതിന് വേണ്ടി പ്രധാനമായും വെള്ളം ശേഖരിക്കുന്നതും ഈ അണക്കെട്ടിൽ നിന്നാണ്.

അണക്കെട്ടിൽ ജലത്തിന്റെ അളവ് 12.7 മീറ്ററിന് താഴെ ആയാൽ സാപ്രോഷ്യ ആണവ നിലയത്തെ തണുപ്പിക്കാൻ ബദൽ ജലസ്രോതസ്സുകൾ ഉണ്ടെന്ന് ഐഎഇഎ

ഖേഴ്‌സണിലെ ഡാമിൽ നിന്നും ഏകദേശം 150 കിലോമീറ്റർ (90 മൈൽ) അകലെയുള്ള റഷ്യൻ അധിനിവേശ സാപ്രോഷ്യ ആണവ നിലയത്തിലെ റിയാക്ടറുകളെ തണുപ്പിക്കാൻ ജലം പ്രദാനം ചെയ്യുന്നത് ഈ അണക്കെട്ടാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) അറിയിച്ചു.അണക്കെട്ടിൽ വെള്ളത്തിൽ അളവ് 12.7 മീറ്ററിന് താഴെ ആയാൽ സാപ്രോഷ്യ ആണവനിലയത്തെ തണുപ്പിക്കാൻ ബദൽ ജലസ്രോതസുകൾ ഉണ്ടെന്നും ഐഎഇഎയുടെ പ്രസ്താവനയിൽ പറയുന്നു.

യുക്രെയ്നിലെ നിപ്രോയിൽനിന്ന് റഷ്യൻ അധിനിവേശ പ്രദേശമായ ക്രിമിയയിൽ ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള പ്രധാന ചാലകശക്തിയായി പ്രവർത്തിച്ചിരുന്നത് ഖേഴ്‌സണിലെ അണക്കെട്ടായിരുന്നു. എന്നാൽ അണക്കെട്ടിന്റെ തകർച്ച അവിടേക്കുള്ള ജലവിതരണത്തെ താറുമാറാക്കും. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായശേഷം അണക്കെട്ടിന് നേരെ റഷ്യ മുമ്പും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. തുടർന്ന് യുക്രെയ്നിൽ വ്യാപകമായി വെള്ളപ്പൊക്കമുണ്ടാവുകയും വൈദ്യുതി വിതരണം തടസപ്പെടുത്തുകയും ചെയ്തു.

പിന്നിൽ യുദ്ധമോ?

റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം മുതൽ ഖേഴ്‌സണിലെ അണക്കെട്ട് നിയന്ത്രിച്ചിരുന്നത് റഷ്യയാണ്.ഷെല്ലാക്രമണമാണ് അണക്കെട്ട് തകർച്ചയ്ക്ക് വഴിതെളിച്ചതെന്ന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണമുയർത്തുമ്പോൾ റഷ്യക്കെതിരായ ചില തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് യുക്രൈൻ വെളിപ്പെടുത്തി. അണക്കെട്ടിന്റെ ജലനിരപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് സ്ലൂയിസ് ഗേറ്റുകൾ നശിപ്പിക്കാൻ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കൾ കണ്ടുകിട്ടിയതായും അവർ വ്യക്തമാക്കി. റഷ്യൻ സൈന്യം അണക്കെട്ട് പരിപാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും യുക്രൈൻ ആരോപിച്ചു. 2023ന്റെ തുടക്കത്തിൽ അണക്കെട്ടിലെ ജലനിരപ്പ് വൻതോതിൽ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ സാപ്രോഷ്യ ആണവനിലയത്തിൽ താപനില ഉയർന്ന് തീപടർന്നേക്കാമെന്നും വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സാപൊറീഷ്യ ആണവനിലയം
സാപൊറീഷ്യ ആണവനിലയം

വെള്ളപ്പൊക്കത്തിന് പിന്നാലെ പാരിസ്ഥിതിക ദുരന്തം?

അണക്കെട്ടിന്റെ തകർച്ചയ്ക്ക് പിന്നാലെ സമീപ പ്രദേശങ്ങളിൽ വെള്ളപൊക്കമുണ്ടാവുകയും അപകടസാധ്യതയുള്ള 80 നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ഇരു രാജ്യങ്ങളും ഉത്തരവിടുകയും ചെയ്തു. ഇതുവരെയും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. റഷ്യയിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ഏകദേശം 22,000 പേർ താമസിക്കുന്നുണ്ടെന്നും യുക്രൈനിൽ 16,000 പേർ താമസിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഏകദേശം 16,000 പേർക്ക് ഇതിനകം വീടുകൾ നഷ്ടപ്പെട്ടതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു, ദുരിതബാധിതർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാനുള്ള ശ്രമം നടന്നുവരികയാണ്. ഖേഴ്‌സൻ നഗരത്തിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും 12,000 ഉപഭോക്താക്കൾ പ്രതിസന്ധിയിലാണെന്നും ഊർജമന്ത്രാലയം അറിയിച്ചു. കൂടാതെ ജലവിതരണവും അപകടത്തിലാണ്.

കരിങ്കടലിലേക്കുള്ള ശുദ്ധജലത്തിന്റെ ദ്രുതഗതിയിലുള്ള ഒഴുക്ക് മത്സ്യസമ്പത്തിനെയും കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ വിശാലമായ പരിസ്ഥിതിയെയും നശിപ്പിക്കും: മാർക്ക് മുള്ളിഗൻ

അതിനിടെ കസ്‌കോവ ഡിബ്രോവ മൃഗശാല പൂര്‍ണമായും വെള്ളത്തിനടിയിലായി. 300 മൃഗങ്ങൾ ചത്തതായി മൃഗശാല അധികൃതര്‍ അറിയിച്ചു.ഇതോടെ ഒരു പാരിസ്ഥിതിക ദുരന്തത്തിന്റെ സാധ്യതയെക്കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'ഏഴ് പതിറ്റാണ്ടുകളായി ഡാമിലെ വെള്ളം ആശ്രയിച്ച് ജീവിക്കുന്ന വൈവിധ്യമാർന്ന ജീവജാലങ്ങൾക്കും വന്യജീവികൾക്കും ഗുരുതരമായ അപകടമുണ്ടാകും. ചില പ്രദേശങ്ങൾ വറ്റിവരണ്ടുപോകുകയും കുടിവെള്ള പ്രതിസന്ധി നേരിടുകയും ചെയ്യും. കരിങ്കടലിലേക്കുള്ള ശുദ്ധജലത്തിന്റെ ദ്രുതഗതിയിലുള്ള ഒഴുക്ക് മത്സ്യസമ്പത്തിനെയും കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ വിശാലമായ പരിസ്ഥിതിയെയും നശിപ്പിക്കുമെന്നും ഗ്ലോബൽ ഡാം വാച്ചിലെ ഗവേഷകനായ മാർക്ക് മുള്ളിഗൻ പറഞ്ഞു'.

logo
The Fourth
www.thefourthnews.in