കോവിഡിന്റെ ഉത്ഭവം എങ്ങനെയെന്ന് കൃത്യമായി പറയണം; ചൈനയോട് കടുപ്പിച്ച് ലോകാരോഗ്യ സംഘടന

കോവിഡിന്റെ ഉത്ഭവം എങ്ങനെയെന്ന് കൃത്യമായി പറയണം; ചൈനയോട് കടുപ്പിച്ച് ലോകാരോഗ്യ സംഘടന

ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ, ഭാവിയിൽ കൂടുതൽ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കൂവെന്നും ഡബ്ല്യുഎച്ച്ഒ

കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് ചൈന കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടന. ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ, ഭാവിയിൽ കൂടുതൽ കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കൂവെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇനിയും കൃത്യമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ അത് ധാർമികമല്ല. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനിടെ വാക്സിനുകൾ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ടെഡ്രോസ് അദാനം.

ലോകം ഇപ്പോൾ പകർച്ചവ്യാധിയുടെ കടുത്ത പ്രതിസന്ധിയിലല്ലെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നുണ്ടെങ്കിലും, വകഭേദം സംഭവിച്ച ബിഎ.2.86 പേലുള്ള ഒമിക്രോണ്‍ വകഭേദങ്ങള്‍ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ചൈനീസ് നഗരമായ വുഹാനിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് നാല് വർഷം പിന്നിട്ടിട്ടും ഇതുവരെ പകർച്ചവ്യാധിയുടെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രണ്ടാമത്തെ സംഘത്തെ ചൈനയിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന് ടെഡ്രോസ് അദാനം പറഞ്ഞതായും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

"കോവിഡുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങള്‍ നൽകാൻ ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഉഭയകക്ഷി ചർച്ചകളിൽ ഇത് ഉന്നയിക്കാനും ലോകാരോഗ്യ സംഘടനയുമായി സഹകരിക്കാനും രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. കൃത്യമായ വിവരങ്ങള്‍ കൈമാറണമെന്ന് ഇതിനകം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന അനുവദിക്കുകയാണെങ്കില്‍ ഒരു ടീമിനെ അയയ്ക്കാനും തയ്യാറാണ്." ടെഡ്രോസിനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഒന്നുകിൽ വുഹാനിലെ മാർക്കറ്റുകൾ വഴി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പകർന്നിരിക്കാം. അല്ലെങ്കില്‍, നഗരത്തിലെ വൈറോളജി ലബോറട്ടറിയിൽ നിന്ന് വൈറസ് പകർന്നതാകാം

ലോകം ഇപ്പോൾ പകർച്ചവ്യാധിയുടെ കടുത്ത പ്രതിസന്ധിയിലല്ലെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നുണ്ടെങ്കിലും, വകഭേദം സംഭവിച്ച ബിഎ.2.86 പേലുള്ള ഒമിക്രോണ്‍ വകഭേദങ്ങള്‍ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച് രണ്ട് സാധ്യതകളാണ് തള്ളിക്കളയാനാകാത്തത്. ഒന്നുകിൽ വുഹാനിലെ മാർക്കറ്റുകൾ വഴി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പകർന്നിരിക്കാം. അല്ലെങ്കില്‍, നഗരത്തിലെ വൈറോളജി ലബോറട്ടറിയിൽ നിന്ന് വൈറസ് പകർന്നതാകാം. എന്നാൽ ഇത് സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല" ടെഡ്രോസ് ആവർത്തിച്ചു. ശരിയായ തെളിവുകളില്ലാതെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായി പറയാൻ സാധിക്കില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇത് തടസമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

logo
The Fourth
www.thefourthnews.in