വാഗ്നർ സേനയ്ക്ക് പുതിയ തലവനെ നിർദേശിച്ച് പുടിൻ; പ്രിഗോഷിൻ എവിടെ?

വാഗ്നർ സേനയ്ക്ക് പുതിയ തലവനെ നിർദേശിച്ച് പുടിൻ; പ്രിഗോഷിൻ എവിടെ?

കലാപനീക്കത്തിന് ശേഷം പ്രിഗോഷിൻ എവിടെയാണെന്നതിൽ അഭ്യൂഹങ്ങൾ തുടരുകയാണ്

ആന്ദ്രേ ട്രോഷേവിനെ വാ​ഗ്നർ ​ഗ്രൂപ്പിന്റെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നിർദേശവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. കഴിഞ്ഞമാസം റഷ്യയിലെ വിമത സൈനിക വിഭാഗമായ വാഗ്‍നർ ഗ്രൂപ്പിന്റെ തലവനായ യെവ്ഗെനി പ്രിഗോഷിന്റെ നേതൃത്വത്തിൽ മോസ്കോ ലക്ഷ്യമിട്ട് നടന്ന വിമതം നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് പുടിന്റെ നിർണായക നീക്കം. അതേസമയം, പ്രിഗോഷിൻ എവിടെയാണെന്നതിൽ അഭ്യൂഹങ്ങൾ തുടരുകയാണ്.

ജൂൺ അവസാനമാണ് റഷ്യയിലെ വിമത സൈനിക വിഭാഗമായ വാഗ്‍നർ ഗ്രൂപ്പിന്റെ തലവനായ യെവ്ഗെനി പ്രിഗോഷിന്റെ നേതൃത്വത്തിൽ റഷ്യയിൽ അട്ടിമറിനീക്കമുണ്ടായത്. ഇത് സൈന്യം പരാജയപ്പെടുത്തി. വിമത നീക്കം നടന്ന് അഞ്ച് ദിവസത്തിന് ശേഷം പ്രിഗോഷിനുമായി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ചര്‍ച്ച നടത്തിയിരുന്നു എന്ന് കഴിഞ്ഞ ദിവസം റഷ്യൻ സർക്കാർ വ്യക്തമാക്കിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ വാഗ്നർ സൈന്യത്തിന്റ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നിലധികം നിർദേശങ്ങൾ പുടിൻ മുന്നോട്ട് വച്ചുവെന്നും അതിലൊന്ന് ആന്ദ്രേ ട്രോഷേവിന്റെ കീഴിൽ തുടർന്നും പ്രവർത്തിക്കാമെന്നുള്ളതാണ്. കൊമ്മേഴ്‌സന്റ് പത്രമാണ് ഇക്കാര്യം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

വാഗ്നർ സേനയ്ക്ക് പുതിയ തലവനെ നിർദേശിച്ച് പുടിൻ; പ്രിഗോഷിൻ എവിടെ?
കലാപനീക്കത്തിന് പിന്നാലെ വാഗ്നർ മേധാവിയുമായി പുടിന്‍ ചർച്ച നടത്തിയിരുന്നെന്ന് റഷ്യ

അതേസമയം, വാഗ്നർ ​ഗ്രൂപ്പിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ എവിടെയാണെന്നത് സംബന്ധിച്ച ഒരു വ്യക്തതയും ഇതുവരെയില്ല. വിമത നീക്കത്തിന് പിന്നാലെ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് നീക്കം ഉപേക്ഷിച്ച് റഷ്യ വിടാനുളള തീരുമാനത്തിലേക്ക് പ്രിഗോഷിൻ എത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. പ്രി​ഗോഷിനെ ബെലാറസിലേക്ക് അലക്സാണ്ടര്‍ ലുകാഷെങ്കോ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രി​ഗോഷിൻ ഇപ്പോഴും റഷ്യയിലാണെന്നായിരുന്നു ബെലാറസ് പ്രസിഡന്റ് കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

വാഗ്നർ സേനയ്ക്ക് പുതിയ തലവനെ നിർദേശിച്ച് പുടിൻ; പ്രിഗോഷിൻ എവിടെ?
പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?

വിരമിച്ച റഷ്യൻ കേണലും വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപക അംഗവും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആന്ദ്രേ നിക്കോളേവിച്ച് ട്രോഷേവിനെയാണ് പുടിൻ വാഗ്നർ ഗ്രൂപ്പിന്റെ പുതിയ സൈനിക മേധാവിയായി കൊണ്ടുവരാൻ നിർദേശിച്ചിരിക്കുന്നത്. സോവിയറ്റ്-അഫ്ഗാനിസ്ഥാൻ യുദ്ധത്തിലും രണ്ടാം ചെച്നിയൻ യുദ്ധത്തിലും സൈനിക സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ സേവനത്തിന്, റഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ റഷ്യൻ ഫെഡറേഷന്റെ ഹീറോ പദവി നൽകി രാജ്യം ആദരിച്ചിരുന്നു. സിറിയൻ ഭരണകൂടത്തെ പിന്തുണച്ചിരുന്ന സിറിയയിലെ വാഗ്നർ ഗ്രൂപ്പ് ഓപ്പറേഷൻസിന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിലുള്ള ട്രോഷേവിന്റെ സ്ഥാനവും പ്രധാനമാണ്.

വാഗ്നർ സേനയ്ക്ക് പുതിയ തലവനെ നിർദേശിച്ച് പുടിൻ; പ്രിഗോഷിൻ എവിടെ?
വാഗ്നർ തലവൻ റഷ്യ വിട്ടു; വിമത നീക്കത്തിനു പിന്നില്‍ പുടിനോ?

ആരാണ് ആന്ദ്രേ ട്രോഷെവ്?

സോവിയറ്റ് യൂണിയനിലെ ലെനിൻഗ്രാഡിൽ (ഇപ്പോഴത്തെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ) 1962 ഏപ്രിൽ 5 നാണ് ട്രോഷെവ് ജനിച്ചത്. ബിരുദ പഠനത്തിന് ശേഷം സൈന്യത്തിന്റെ ഭാഗമായി. വിവിധ പീരങ്കി യൂണിറ്റുകളിൽ കമാൻഡർ, ഓഫീസർ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. പിന്നാലെ സോവിയറ്റ് സൈനികരുടെ സംഘത്തിന്റെ ഭാഗമായി അദ്ദേഹം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനിൽ യുദ്ധം ചെയ്തു. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം റഷ്യൻ സായുധ സേനയിൽ സേവനം തുടർന്നു. തുടർന്ന് രണ്ടാം ചെച്നിയൻ യുദ്ധത്തിലും പങ്കെടുത്തിരുന്നു. സിറിയയിലെ വാഗ്നർ ഗ്രൂപ്പിന്റെ സൈനിക നടപടികളിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് ട്രോഷെവ്. സംഘർഷത്തിൽ നേരിട്ട് പങ്കെടുക്കുന്നതിന് പകരം, വാഗ്നർ ഗ്രൂപ്പിന്റെ ലോജിസ്റ്റിക് സുരക്ഷാ വിഭാഗങ്ങളിലാണ് അദ്ദേഹം പ്രവർത്തിച്ചത്.

റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നോർത്ത് വെസ്റ്റേൺ ഫെഡറൽ ഡിസ്ട്രിക്റ്റിന്റെ പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ഡിറ്റാച്ച്‌മെന്റിലെ മുൻ ജീവനക്കാരൻ കൂടിയാണ് ട്രോഷെവ്. 2021 ഡിസംബർ 13-ന്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധ പട്ടികയിലും ട്രോഷെവിന്റെ പേര് ഉണ്ടായിരുന്നു. 2022 ജൂൺ 29-ന്, സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ബഷർ അൽ-അസദിന്റെയും സർക്കാർ സേനയുടെയും പക്ഷത്ത് പങ്കെടുത്ത വാഗ്നർ ഗ്രൂപ്പിന്റെ നേതാക്കളിൽ ഒരാളായി ട്രോഷേവിനെ യുകെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഒരു വർഷമായപ്പോഴേക്കും ഈ വർഷം ഫെബ്രുവരി 26 ന് ട്രോഷേവിനെതിരെ യുക്രെയ്നും ഉപരോധം ഏർപ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in