ചൈന കൃത്യമായ കോവിഡ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

ചൈന കൃത്യമായ കോവിഡ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

രാജ്യം പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് ഡിസംബർ മുതൽ 22 കോവിഡ് മരണം മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്

രാജ്യത്തെ കോവിഡ് കണക്കുകൾ ചൈന കൃത്യമായി കാണിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ മാസം കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തത് കേസുകൾ വർധിക്കാന്‍ കാരണമായി. ഇതിനു പിന്നാലെയാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ചൈന നിർത്തുകയും ചെയ്തത്. നിലവിൽ പുറത്തു വിടുന്ന കണക്കുകൾ ആശുപത്രികളിലും, ഐസിയുവിലും ഉള്ള രോഗികളുടെ കൃത്യമായ കണക്കുകൾ ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വിഭാഗം ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു. രാജ്യം പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് ഡിസംബർ മുതൽ 22 കോവിഡ് മരണങ്ങൾ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് ഒരിക്കലും നിലവിലെ സ്ഥിതി അനുസരിച്ചുള്ള യഥാർഥ കണക്കുകൾ അല്ലെന്ന് അവർ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നത് മാത്രമേ കോവിഡ് മരണമായി കണക്കാക്കുകയുള്ളു എന്ന രീതിയിലേക്ക് കോവിഡ് മരണത്തിന്റെ മാനദണ്ഡം കഴിഞ്ഞ ദിവസം മുതൽ ചൈന മാറ്റിയിരുന്നു. ഇത് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്ക് എതിരാണ്. മറ്റുള്ള രാജ്യങ്ങളും ഇതേ രീതിയിൽ മാനദണ്ഡങ്ങൾ മാറ്റിയാൽ കോവിഡ് മരണകണക്കെടുപ്പിൽ വലിയ വ്യത്യാസം ആയിരിക്കും സംഭവിക്കുക. സമീപ നാളുകളിൽ ലോകാരോഗ്യ സംഘടനയുമായി ചൈന കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഇത് കൂടുതൽ വ്യക്തമായ കണക്കുകൾ ചൈനയിൽ നിന്ന് ലഭിക്കാൻ സഹായിച്ചേക്കുമെന്നും ഡയറക്ടർ റയാൻ പറഞ്ഞു.

എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് അവർക്ക് ലഭിക്കുന്ന വിവരങ്ങളും അനുബന്ധ അനുഭവങ്ങളും റിപ്പോർട്ട് ചെയ്യാൻ തടസമില്ലെന്നും, മരണങ്ങളും കേസുകളും റിപ്പോർട്ട് ചെയ്യുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും നിരുത്സാഹപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. യുകെ സയൻസ് ഡാറ്റാ കമ്പനിയായ എയർഫിനിറ്റി ചൈനയിൽ പ്രതിദിനം രണ്ട് ദശലക്ഷത്തിലധികം കോവിഡ് കേസുകളും 14,700 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു മാസം മുൻപ് കോവിഡ് നിയന്ത്രണങ്ങൾ ചൈന പിൻവലിച്ച ശേഷം ആശുപത്രികളും ശ്‌മശാനങ്ങളും നിറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ നിരവധി രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള ആളുകൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ പുതിയ മാർഗനിർദേശ പ്രകാരം എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനെതിരെ ചൈന രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in