രേഖകളില്ലാത്ത അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തി പാകിസ്താന്‍; നടപടിക്ക് പിന്നിലെന്ത് ?

രേഖകളില്ലാത്ത അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തി പാകിസ്താന്‍; നടപടിക്ക് പിന്നിലെന്ത് ?

കുടിയേറ്റക്കാരിൽ പലരും 1970-കളിൽ സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്തവരാണ്. ഇവർക്ക് മാതൃ രാജ്യങ്ങളുമായി വലിയ ബന്ധമില്ലെന്ന് തന്നെ പറയാം.

രേഖകളില്ലാത്ത കുടിയേറ്റക്കാരോട് രാജ്യം വിടാൻ പാകിസ്താൻ ഉത്തരവിട്ടതിന് പിന്നാലെ വലിയ പലായനമാണ് രാജ്യത്ത് നിന്നുണ്ടായിട്ടുള്ളത്. അഫ്ഗാനിസ്താനുമായുള്ള പാകിസ്താന്റെ അതിർത്തികളിൽ രാജ്യം വിടാൻ ഒരുങ്ങി നിൽക്കുന്ന ആളുകളുടെയും ട്രക്കുകളുടെയും നീണ്ട നിരയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഉത്തരവ് എല്ലാ വിദേശികൾക്കും വേണ്ടിയുള്ളതാണെങ്കിലും, ഇത് വലിയ ആഘാതമാവുക പാകിസ്താനിലെ ഏറ്റവും വലിയ അഭയാർത്ഥി ഗ്രൂപ്പായ അഫ്ഗാനികൾക്കാണ്. അനധികൃത കുടിയേറ്റക്കാർക്ക് ഒക്‌ടോബർ 31 വരെ പോകാനുള്ള സമയപരിധി സർക്കാർ നൽകിയിരുന്നു. അതിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ അറസ്റ്റും പുറത്താക്കലും നേരിടേണ്ടിവരും. സമയപരിധി തീരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, രേഖകളില്ലാത്തവർക്ക് നേരെ നടപടികൾ ഉണ്ടായി. ചിലരുടെ വീടുകൾ ഇടിച്ച് നിരത്തിയിട്ടുണ്ട്. 4 ദശലക്ഷത്തിലധികം അഫ്ഗാനികൾ പാകിസ്താനിൽ താമസിക്കുന്നുണ്ട്. ഇവരിൽ 1.7 ദശലക്ഷത്തിലധികം പേർ രേഖകളില്ലാത്തവരാണെന്ന് സർക്കാർ കണക്കാക്കുന്നു.

കുടിയേറ്റക്കാരിൽ പലരും 1970-കളിൽ സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്തവരാണ്. ഇവർക്ക് മാതൃ രാജ്യങ്ങളുമായി വലിയ ബന്ധമില്ലെന്ന് തന്നെ പറയാം. പലരും പാകിസ്താനിൽ ജനിച്ചവരാണ്. കൂടാതെ, പല നടപടിക്രമങ്ങളിലെയും കാലതാമസം കാരണം സ്വന്തം രേഖകൾ അവർക്ക് ശരിയാക്കാൻ സാധിച്ചില്ല.

ഐക്യരാഷ്ട്രസഭ, അവകാശ ഗ്രൂപ്പുകൾ, പാശ്ചാത്യ എംബസികൾ എന്നിവരിൽ നിന്നുള്ള എതിർപ്പുകൾ ഉണ്ടായിട്ട് പോലും അഫ്ഗാൻ കുടിയേറ്റക്കാർ രാജ്യം വിടണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പാകിസ്താൻ. താലിബാൻ ഭരണത്തിന് കീഴിലെ അനിശ്ചിതത്തിലേക്കും അരക്ഷിതാവസ്‌തിയിലേക്കുമാണ് ഈ കുടിയേറ്റക്കാരുടെ മടങ്ങിപ്പോക്ക്. തകർന്ന സമ്പദ്‌വ്യവസ്ഥ, വിനാശകരമായ ഭൂകമ്പങ്ങൾ, ഭക്ഷ്യ അരക്ഷിതാവസ്ഥ, താലിബാൻ ഭരണകൂടത്തിന് കീഴിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിൽ വീർപ്പ് മുട്ടുകയാണ് അഫഗാനിസ്ഥാൻ. തിരികെ വരുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസമോ ജോലിയോ അനുവദിക്കില്ല.

അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്താനുള്ള പാകിസ്താന്റെ നീക്കത്തിന് പിന്നിലെന്താണ് ?

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് ബുധനാഴ്ച മാത്രം 24,000-ലധികം അഫ്ഗാനികൾ ടോർഖാം ക്രോസിംഗ് കടന്ന് അഫ്ഗാനിസ്താനിലെത്തിയിട്ടുണ്ട്. സർക്കാർ ഉത്തരവിന് ശേഷം ഏകദേശം 1,28,000 അഫ്ഗാനികൾ ടോർഖാം ക്രോസിംഗ് വഴി രാജ്യം വിട്ടതായും റിപ്പോർട്ടിൽ പറയുന്നു. വലിയൊരു പങ്ക് ബലൂചിസ്താനിലെ ചമൻ വഴി കടന്ന് പോകുന്നു.

സാമ്പത്തിക കാര്യങ്ങളും രാജ്യത്തിന്റെ സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് അഫ്ഗാൻ കുടിയേറ്റക്കാരോട് രാജ്യം വിടാൻ പാകിസ്താൻ പറഞ്ഞത്. പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. അതിനാൽ നികുതിയൊന്നും നൽകാത്ത രേഖകളില്ലാത്ത കുടിയേറ്റക്കാർ അതിന്റെ അപൂർവമായ വിഭവങ്ങളുടെ ചോർച്ചയ്ക്ക് കാരണമാകുന്നുവെന്ന് പാകിസ്താൻ ചൂണ്ടിക്കാട്ടുന്നു.

ഒപ്പം, അഫ്ഗാൻ കുടിയേറ്റക്കാർ തീവ്രവാദ ആക്രമണങ്ങളിലും കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് കടത്ത് പോലുള്ള സംഘടിത കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന് പാകിസ്താൻ സർക്കാർ ആരോപിക്കുന്നു. ഈ വർഷത്തെ 24 ചാവേർ സ്‌ഫോടനങ്ങളിൽ 14 എണ്ണം ഉൾപ്പെടെ സർക്കാരിനും സൈന്യത്തിനുമെതിരായ ആക്രമണങ്ങളിൽ അഫ്ഗാൻ പൗരന്മാർക്ക് പങ്കുണ്ടെന്ന് പാകിസ്താൻ അധികൃതർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രേഖകളില്ലാത്ത അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തി പാകിസ്താന്‍; നടപടിക്ക് പിന്നിലെന്ത് ?
ഗാസയിലെ വലിയ ആശുപത്രിക്ക് നേരേയും ഇസ്രയേല്‍ ആക്രമണം, നിരവധി മരണം; ഹമാസിന്റെ പോരാട്ടം പലസ്തീന് വേണ്ടിയെന്ന് ഹിസ്ബുള്ള

രാജ്യത്തെ സമ്പത് വ്യവസ്ഥയുടെ മോശമായ അവസ്ഥയും, ഭീകരാക്രമണങ്ങളുമാണ് നിലവിൽ ഇങ്ങനെയൊരു തീരുമാനം എടുക്കാൻ പാകിസ്താനെ പ്രേരിപ്പിച്ചത്. എങ്കിലും അതിന് പിന്നിലെ ഒരു പ്രധാന കാരണം, നിലവിൽ പാകിസ്താൻ ഇപ്പോൾ ഇടക്കാല ഗവൺമെന്റിന് കീഴിലാണ്. ഫെബ്രുവരിയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് വരെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഈ സർക്കാരാണ്. അതിനാൽ തിരഞ്ഞെടുപ്പിന്റെയോ മറ്റ് രാഷ്ട്രീയ ഭീഷണികളോ ഈ സർക്കാരിനെ ബാധിക്കുന്നതല്ല.

രേഖകളില്ലാത്ത അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തി പാകിസ്താന്‍; നടപടിക്ക് പിന്നിലെന്ത് ?
വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഗാസ നഗരം വളഞ്ഞതായി ഇസ്രയേൽ സൈന്യം; ആന്റണി ബ്ലിങ്കൻ ഇന്നെത്തും

നാടുകടത്തൽ ഉത്തരവ് പാകിസ്താനിൽ ചില വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഏതാനും അവകാശ പ്രവർത്തകരും രാഷ്ട്രീയക്കാരും ഈ കൂട്ട നാടുകടത്തലിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. അതേസമയം നാടുകടത്തലിനെ താലിബാൻ വിമർശിക്കുകയും തയ്യാറെടുപ്പിനായി കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in