'അടിച്ചുമോനേ 2,800 കോടി', അബദ്ധം പറ്റിയെന്ന് ലോട്ടറി കമ്പനി; നിയമനടപടിയുമായി അമേരിക്കന്‍ സ്വദേശി

'അടിച്ചുമോനേ 2,800 കോടി', അബദ്ധം പറ്റിയെന്ന് ലോട്ടറി കമ്പനി; നിയമനടപടിയുമായി അമേരിക്കന്‍ സ്വദേശി

ലോട്ടറിയുടെ വെബ് സൈറ്റിൽ ചേർത്ത നമ്പറുകളും ജോൺ ചീക്സിന്റെ ലോട്ടറിയിലെ നമ്പറുകളും ഒന്നായിരുന്നു. ഇതനുസരിച്ചാണെങ്കില്‍ 2,800 കോടിയിലധികം രൂപയുടെ ജാക്ക്പോട്ട് ജോൺ ചീക്‌സിനാണ് അടിച്ചിരിക്കുന്നത്

ലോട്ടറി അടിച്ചുവെന്ന് അറിയുക, കിട്ടുന്ന കോടികൾ ഉപയോഗിച്ച് ചെയ്യാനുള്ള കുറേയേറെ കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കുക. ഒടുവിൽ, ലോട്ടറി കമ്പനിക്ക് അബദ്ധം പറ്റിയതാണെന്ന് മനസിലാക്കുക... അങ്ങനയൊക്കെ പലപ്പോഴായി നാം കേട്ടിട്ടുണ്ടാവും. അത്തരത്തിലൊരു ഹതഭാഗ്യനാണ് ജോൺ ചീക്‌സ് എന്ന അമേരിക്കൻ സ്വദേശി.

തനിക്ക് 2,800 കോടി രൂപയുടെ (340 മില്യൺ ഡോളർ) പവർബോൾ ജാക്പോട്ട് അടിച്ചുവെന്നാണ് വാഷിങ്ടൺ ഡി സി സ്വദേശിയായ ജോൺ ചീക്‌സ് വിശ്വസിച്ചത്. ആരെങ്കിലും പറയുന്നത് കേട്ട് വിശ്വസിച്ചതല്ല, ലോട്ടറി കമ്പനിയുടെ വെബ്‌സൈറ്റ് കണ്ട് ഉറപ്പിച്ചതാണ്. ഒടുവിൽ കമ്പനി പറയുന്നു, ജോൺ ചീക്‌സ് വിജയയില്ലായെന്ന്. പിന്നെയെന്ത് ചെയ്യും, നിയമവഴിയല്ലാതെ? പവർബോളിനും ഡി സി ലോട്ടറിക്കുമെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ വർഷം ജനുവരി ആറിനാണ് ജോൺ ചീക്സ് പവർബോൾ ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് തത്സമയ സംപ്രേഷണം കണ്ടില്ലെങ്കിലും രണ്ട് ദിവസത്തിനുശേഷം ഡി സി ലോട്ടറിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തന്റെ നമ്പർ ജോൺ ചീക്സ് കണ്ടു. ഇതിന്റെ ഫോട്ടോ സുഹൃത്ത് ആവശ്യപ്പെട്ട പ്രകാരം എടുത്തുവെക്കുകയും ചെയ്തു. തന്റെ നമ്പർ മൂന്ന് ദിവസം കമ്പനി വെബ്‌സൈറ്റിൽ കാണിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

എന്നാൽ, തത്സമയ നറുക്കെടുപ്പില്‍ വിജയിച്ച നമ്പർ ജോൺ ചീക്സിന്റേതല്ലായിരുന്നുവെന്നും വെബ്സൈറ്റില്‍ നമ്പർ നല്‍കിയപ്പോൾ തെറ്റുപറ്റിയെന്നും പവർബോളും ഡിസി ലോട്ടറിയും കോടതിയെ അറിയിച്ചിരിക്കുന്നത്.

'അടിച്ചുമോനേ 2,800 കോടി', അബദ്ധം പറ്റിയെന്ന് ലോട്ടറി കമ്പനി; നിയമനടപടിയുമായി അമേരിക്കന്‍ സ്വദേശി
'ഫോണ്‍ വെള്ളത്തിൽ വീണാല്‍ അരിയിൽ പൂഴ്ത്തി വയ്ക്കരുത്'; ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ

'സമ്മാനാർഹമായ' ടിക്കറ്റുമായി ചില്ലറ ലോട്ടറി വിൽപ്പനക്കാരനെ ജനുവരി 10-ന് സമീപിച്ചപ്പോഴാണ് തനിക്ക് ലോട്ടറി അടിച്ചിട്ടില്ലെന്ന് ജോൺ ചീക്‌സ് മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പറും തത്സമയ നറുക്കെടുപ്പിലെ നമ്പറും ഒന്നല്ലെന്ന് ചില്ലറ വിൽപ്പനക്കാരൻ അറിയിക്കുകയായിരുന്നു.

തുടർന്ന് ലോട്ടറി ആൻഡ് ഗെയിമിങ് പ്രൈസ് സെന്റർ ഓഫീസിനെ നേരിട്ട് സമീപിച്ചു. ടിക്കറ്റ് പരിശോധിച്ച അവർ വിജയി മറ്റൊരാളാണെന്ന് ജോണിനെ അറിയിച്ചത്. ഡി സി ലോട്ടറിയുടെ വെബ്‌സൈറ്റ് നിയന്ത്രിക്കുന്ന ഡിജിറ്റൽ പരസ്യ ഏജൻസിയായ ടാവോട്ടി എൻ്റർപ്രൈസസിനു പറ്റിയ പിഴവാണ് ജോണിന്റെ നമ്പർ തെറ്റായി വെബ്സൈറ്റിൽ നൽകാനിടയാക്കിയതെന്നാണ് അവർ നൽകിയ വിശദീകരണം.

എന്നാൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജോൺ ചീക്സ് തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് സേഫ്റ്റി ഡെപ്പോസിറ്റ് ബോക്സിൽ സൂക്ഷിച്ച് വെച്ചിരിക്കുകയാണ് അദ്ദേഹം. തനിക്ക് ലഭിക്കേണ്ട തുക നഷ്ടമായെന്നും കമ്പനി ചതിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജോണിന്റെ ഹർജി.

കരാർ ലംഘനം, അശ്രദ്ധ, വൈകാരിമായ വേദന ഉണ്ടാക്കൽ, വഞ്ചന എന്നിവയുൾപ്പെടെ എട്ട് വ്യത്യസ്‌ത കേസുകളാണ് ജോണ്‍ കമ്പനിക്കെതിരെ കൊടുത്തിരിക്കുന്നത്. മൾട്ടി-സ്റ്റേറ്റ് ലോട്ടറി അസോസിയേഷനെയും ഗെയിം കോൺട്രാക്ടർ ടാവോട്ടി എന്റർർപ്രൈസസിനെയും പ്രതി ചേർത്തിട്ടുണ്ട്. ഫെബ്രുവരി 23നാണ് കേസില്‍ വാദം കേള്‍ക്കുക.

logo
The Fourth
www.thefourthnews.in