അഞ്ച് കിലോ ഭാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്ര; അധിക ബാഗേജ് ഫീ ഒഴിവാക്കാനുള്ള ശ്രമത്തിന് പിടിവീണു

അഞ്ച് കിലോ ഭാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്ര; അധിക ബാഗേജ് ഫീ ഒഴിവാക്കാനുള്ള ശ്രമത്തിന് പിടിവീണു

65 ഡോളറാണ് പിഴയായി പെണ്‍കുട്ടിക്ക് അടയ്ക്കേണ്ടി വന്നത്

വിമാനയാത്രയിലെ ബാഗേജ് പരിധി മിക്കവര്‍ക്കും തലവേദനയാകാറുണ്ട്. ബാഗേജ് ഫീ കുറയ്ക്കാനും കൂടുതല്‍ കൊണ്ടുപോകാനുമായി ചെറിയ ചില സൂത്രപ്പണികള്‍ ഒപ്പിക്കുന്നവരുമുണ്ട്. എന്നാല്‍ അത്തരമൊരു ശ്രമം നടത്തിയ ഓസ്ട്രേലിയക്കാരിയായ 19 കാരിക്ക് കഴിഞ്ഞദിവസം പിടിവീണു.

ഓസ്ട്രേലിയയിലെ മെല്‍ബണില്‍നിന്ന് അഡ്‌ലെയ്ഡിലേക്ക് സുഹൃത്തിനൊപ്പം യാത്രചെയ്യുകയായിരുന്നു അഡ്രിയാനോ. വീട്ടിലേക്കുള്ള യാത്രയായതിനാല്‍ കുറച്ചധികം ലഗേജുണ്ടായിരുന്നു. ബാഗേജ് ഭാരം പരമാവധി പരിധിയായ 7 കിലോയേക്കാള്‍ കൂടിയപ്പോള്‍ അഡ്രിയാനോയ്ക്ക് ഒരു ബുദ്ധി തോന്നി. ബാഗേജില്‍ നിന്ന് കുറച്ച് വസ്ത്രങ്ങളെടുത്ത് അപ്പോള്‍ത്തന്നെയങ്ങ് ധരിച്ചു.

ടീ ഷര്‍ട്ട്, ജാക്കറ്റുകള്‍, പാന്റ്, ട്രൗസര്‍ എന്നിങ്ങനെ ഏകദേശം അഞ്ച് കിലോയിലേറെ തൂക്കം വരുന്ന വസ്ത്രങ്ങളാണ് അഡ്രിയാനോ ധരിച്ചത്. ഡ്രസുകളുടെ പോക്കറ്റുകളിലായി ഐപാഡ് ഉള്‍പ്പെടെയുള്ളവും സൂക്ഷിച്ചു. എന്നാല്‍ എയര്‍ലൈന്‍സ് അധികൃതര്‍ തന്ത്രം കയ്യോടെ പിടികൂടി. 65 ഡോളറാണ് പിഴയായി പെണ്‍കുട്ടിക്ക് അടയ്ക്കേണ്ടി വന്നത്. വസ്ത്രങ്ങളെല്ലാം ധരിച്ച് യാത്ര ചെയ്യേണ്ടിയും വന്നു.

2019ലും സമാനമായ ഒരു സംഭവം വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ഏഴ് കിലോ ഭാരം വരുന്ന ലഗേജുമായെത്തിയ യുവതിയോട് അധിക ഫീസടയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഫീസടയ്ക്കാനുള്ള മടി കാരണം 2.5 കിലോ ഭാരം വരുന്ന വസ്ത്രം ധരിച്ച് യുവതി ബാഗേജിന്റെ ഭാരം കുറക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ധരിച്ച് വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ബാഗേജിന് അമിത ഫീസ് നല്‍കാന്‍ കഴിയാത്തതിനാല്‍ 15 ഷര്‍ട്ടുകള്‍ ധരിച്ചു നിന്ന ഒരു യുവാവിന്റെ ചിത്രം മുന്‍പ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in