പെണ്‍കരുത്തില്‍ 16 രാഷ്ട്രങ്ങള്‍; ലോകത്തിന് മുന്നിലെ യൂറോപ്യന്‍ മാതൃക

പെണ്‍കരുത്തില്‍ 16 രാഷ്ട്രങ്ങള്‍; ലോകത്തിന് മുന്നിലെ യൂറോപ്യന്‍ മാതൃക

1970-കളുടെ അവസാനം മുതലാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഉന്നത പദവികളിലേക്ക് സ്ത്രീകളെത്താൻ തുടങ്ങുന്നത്

രണ്ടാം ലോക യുദ്ധത്തിന് ശേഷം യൂറോപ്പ്‌ നേരിടുന്ന ഏറ്റവും ഇരുണ്ട കാലഘട്ടമാണ് നിലവിലേത്. കോവിഡ് മഹാമാരിയുടെ കടന്നുവരവും അതിനു ശേഷമുണ്ടായ റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമെല്ലാം യൂറോപ്യൻ രാജ്യങ്ങൾക്ക് സൃഷ്ടിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. സാമ്പത്തിക- സാമൂഹ്യ അരക്ഷിതാവസ്ഥയിൽ നട്ടം തിരിയുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ഈ പ്രതിസന്ധികൾക്ക് നടുവിലാണ് പുതിയ ഇറ്റാലിയൻ പ്രധാനമന്ത്രിയായി തീവ്ര വലതുപക്ഷകാരിയായ ജോർജിയോ മെലോനി അധികാരമേൽക്കുന്നത്. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണെങ്കിലും യൂറോപ്പിനെ സംബന്ധിച്ച് ഒരു വനിതാ പ്രധാനമന്ത്രിയാവുക എന്നത് പുതിയൊരു കാര്യമല്ല. ഭൂഖണ്ഡത്തിലെ 44 യൂറോപ്യൻ രാജ്യങ്ങളിൽ 16ലും രാഷ്ട്രത്തിനോ സർക്കാരിനോ നേതൃത്വം വഹിക്കുന്നത് സ്ത്രീകളാണ്. മെലോനി കൂടി കടന്നു വരുന്നതോടെ ക്ലബ് അംഗങ്ങളുടെ എണ്ണം 16 ആയി ഉയർന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. യൂറോപ്യൻ രാജ്യങ്ങൾ നേരിടുന്ന അരക്ഷിത കാലാവസ്ഥയിലും ഭരണമികവിന്റെ പേരിൽ പേരെടുത്തവരാണ് ഇവരിൽ പലരും.

മെയ് മാസം കോപ്പൻഹേഗനിൽ നടന്ന രണ്ടാമത് ഇന്ത്യ- നോർഡിക് ഉച്ചകോടിയിലെ ചിത്രങ്ങൾ പരിശോദിച്ചാൽ യൂറോപ്പിലെ വനിതാ നേതാക്കളുടെ വർധിച്ച എണ്ണം വ്യക്തമാകും. ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോർവീജിയൻ പ്രധാനമന്ത്രി യോനസ് ഗാർ സ്‌തോറയും ഒഴിച്ചാൽ രാഷ്ട്രത്തലവന്മാരുടെ സംഘത്തിൽ ബാക്കിയുണ്ടായിരുന്ന ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാല് പ്രധാനമന്ത്രിമാരും സ്ത്രീകളായിരുന്നു. 1970-കളുടെ അവസാനം മുതലാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഉന്നത പദവികളിലേക്ക് സ്ത്രീകളെത്താൻ തുടങ്ങുന്നത്. സംഗതി ഇങ്ങനൊക്കെ ആയിരിക്കെ തന്നെ ഒരു രാജ്യത്തെ സർക്കാരിന് നേതൃത്വം നൽകിയ ലോകത്തിലെ ആദ്യ വനിതാ ശ്രീലങ്കയുടെ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായികെ ആയിരുന്നു.

ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ പതിനൊന്ന് വർഷവും കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞ ആഞ്ചല മർക്കൽ 16 വർഷം ചാൻസലർ സ്ഥാനം വഹിച്ചതും കണക്കിലെടുക്കുമ്പോൾ യൂറോപ്പിന്റെ കാര്യത്തിൽ അതിശയിക്കാൻ ഒന്നുമില്ല. ഇറ്റലി ഉൾപ്പെടെ ഗ്രീസ്, ഹംഗറി, സ്ലൊവാക്യ, മൾഡോവ എന്നീ പല രാജ്യങ്ങളുടെയും തലപ്പത്ത് ആദ്യമായാണ് ഒരു വനിത എത്തുന്നത് . മാൾഡോവയെ സംബന്ധിച്ചിടത്തോളം രാഷ്ട്രത്തലവനും സർക്കാരിനെ നയിക്കുന്നതും സ്ത്രീകളാണ് എന്ന അപൂർവതയുമുണ്ട്.

ഇംഗ്ലണ്ട്, എസ്റ്റോണിയ, ഫ്രാൻസ്, ലിത്ത്വേനിയ, സെർബിയ, ജോർജിയ, കൊസവോ എന്നിവയാണ് സർക്കാരിന്റെയോ രാജ്യത്തിന്‍റെ തന്നെയോ നേതൃപദവയിൽ വനിതകളുള്ള യൂറോപ്യൻ രാജ്യങ്ങൾ.

ജോർജിയ മെലോനി (ഇറ്റലി)

ജോർജിയ മെലോനിയെന്ന തീവ്ര വലതുപക്ഷ നേതാവ് ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി എത്തുന്നുവെന്നതാണ് യൂറോപ്പിൽ നിന്ന് വരുന്ന ഏറ്റവും പുതിയ വാർത്ത. ഫാസിസ്റ്റ് നേതാവ് ബെനിറ്റോ മുസോളിനിയുടെ ആശയത്തെ പിൻപറ്റി രൂപീകരിച്ച നിയോ-ഫാസിസ്റ്റ് പാർട്ടിയായ 'മൂവിമെന്റോ സോഷ്യൽ ഇറ്റാലിയാനോ' (എംഎസ്ഐ) യിലൂടെയാണ് മെലോനിയുടെ രാഷ്ട്രീയ പ്രവേശനം. പതിനഞ്ചാമത്തെ വയസിലാണ് മെലോനി പാർട്ടിയിൽ ചേരുന്നത്. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ജോർജിയ മെലോനിയുടെ ബ്രദേഴ്‌സ് പാർട്ടി 26 ശതമാനം വോട്ട് നേടി വിജയമുറപ്പിച്ചു. 2018-ലെ തിരഞ്ഞെടുപ്പിൽ വെറും നാല് ശതമാനം വോട്ടുകൾ മാത്രം ലഭിച്ച ബ്രദേഴ്‌സ് പാർട്ടി, ഇന്ന് അധികാരം പിടിക്കുന്ന നിലയിലേക്ക് വളരുന്നതിന് പിന്നിൽ മെലോനി എന്ന ശക്തയായ രാഷ്ട്രീയക്കാരിയുടെ മിടുക്കാണെന്ന് മിക്ക രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തപ്പെടുന്നു. മെലോനിക്കൊപ്പം മറ്റെയോ സൽവീനിയുടെ വലതുപക്ഷ ലീഗും മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലസ്കനിയുടെ മധ്യ-വലതുപക്ഷ പാർട്ടിയായ ഫോർസ ഇറ്റാലിയയും ഉൾപ്പെടുന്ന സഖ്യമാണ് അധികാരത്തിലേറുന്നത്.

ജോർജിയ മെലോനി
ജോർജിയ മെലോനി

1977 ജനുവരി 15ന് ഇറ്റലിയിലെ റോമിലാണ് മെലോനിയുടെ ജനനം. 15 വയസ്സുള്ളപ്പോൾ നവ-ഫാസിസ്റ്റ് ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റ് പാർട്ടിയുടെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിൽ ചേർന്നു. തുടർന്ന് സംഘടനയുടെ തന്നെ ഭാഗമായ നാഷണൽ അലയൻസിന്റെ വിദ്യാർത്ഥി യൂണിറ്റിന്റെ അധ്യക്ഷ സ്ഥാനവും വഹിച്ചു. 1998-ലായിരുന്നു മെലോനിയുടെ പ്രഥമ തിരഞ്ഞെടുപ്പ് വിജയം. 2008-ൽ, 31-ാം വയസ്സിൽ ജോർജിയ മെലോനി ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി നിയമിക്കപ്പെട്ടു.

എംഎസ്ഐയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് സമാന നിലപാട് പുലർത്തുന്ന ബ്രദേഴ്‌സ് ഓഫ് ഇറ്റലിക്ക് മെലോനി 2012ൽ രൂപം നൽകി. 2014 വരെ മെലോനിയായിരുന്നു പാർട്ടി മേധാവി. പിന്നീട് 2020ൽ യൂറോപ്യൻ കൺസർവേറ്റീവ്സ് ആൻഡ് റിഫോർമിസ്റ്റ് പാർട്ടിയുടെ അധ്യക്ഷസ്ഥാനവും അവർ ഏറ്റെടുത്തു.

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രചാരണത്തിന് സമാനമായ "ഇറ്റലിയും ഇറ്റാലിയൻ ജനതയും ആദ്യം!" എന്ന മുദ്രാവാക്യവുമായിട്ടാണ് മെലോനി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. മത, ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വിരുദ്ധമായ നയങ്ങൾ, ദേശീയ വാദം, ഗർഭച്ഛിദ്ര നിരക്ക് കുറയ്ക്കുക, കുടിയേറ്റക്കാർക്കിടയിൽ ജനനനിരക്ക് കുറയ്ക്കുകയും ഇറ്റാലിയൻ ജനതയ്ക്കിടയിൽ വർധിപ്പിക്കുകയും വഴി ജനസംഖ്യ വർധിപ്പിക്കുക തുടങ്ങിയവയിൽ ഊന്നിയായിരുന്നു മെലോനിയുടെ പ്രവർത്തനങ്ങൾ. കുറച്ചുനാൾ മുൻപ് വരെ വ്ളാഡിമിർ പുടിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മെലോനി യുക്രെയ്ൻ അധിനിവേശത്തോടെ റഷ്യ വിരുദ്ധ നിലപാടിലേക്ക് ചുവടുമാറിയിരുന്നു. തിരഞ്ഞെടുപ്പുകൾ നേരിടാനായി തന്റെ ഫാസിസ്റ്റ് വേരുകളിൽ നിന്ന് വിട്ട് നില്ക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പൂർണമായി അതിൽ നിന്ന് ഒഴിഞ്ഞ മാറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മുൻ പ്രധാനമന്ത്രിയായിരുന്ന മരിയോ ഡ്രാഗിയുടെ നാഷണൽ യൂണിറ്റി സർക്കാരിൽ മറ്റെല്ലാ പാർട്ടികളും കക്ഷി ചേർന്നപ്പോഴും അകലം പാലിക്കുക എന്ന നിലപാടിൽ ഉറച്ചു നിന്നതാണ് മെലോനിയുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ തുണയായതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ലിസ് ട്രസ്
ലിസ് ട്രസ്

ലിസ് ട്രസ് (യു കെ)

മാർഗരറ്റ് താച്ചറിനും തെരേസാ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന മൂന്നാമത്തെ വനിതയാണ് ലിസ് ട്രസ്. പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസൻ രാജി വെച്ചതിനെ തുടർന്ന്‌ നടന്ന കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ലിസ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ പ്രിയങ്കരിയാണ് വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസ്. 'ഇൻ ലിസ് വീ ട്രസ്' എന്ന മുദ്രാവാക്യം കൺസർവേറ്റിവുകളുടെ ഇടയിൽ പ്രശസ്തമാണ്. 46 കാരിയായ ട്രസ് ബ്രെക്സിറ്റ്‌ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാളാണ്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനുമായി നടത്തിയ ചർച്ചകളിൽ മധ്യസ്ഥ ട്രസ്സായിരുന്നു.

മെറ്റ ഫ്രഡ്റിക്സൺ
മെറ്റ ഫ്രഡ്റിക്സൺ

മെറ്റ ഫ്രഡ്റിക്സൺ (ഡെൻമാർക്ക്)

2019ലാണ് മെറ്റ ഫ്രഡ്റിക്സൺ ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഡെൻമാർക്കിലെ മധ്യ-ഇടതുപക്ഷ പാർട്ടിയായ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവാണ് ഫ്രഡ്റിക്സൺ. രാജ്യത്തെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയും ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ഫ്രഡ്റിക്സൺ.

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള തർക്കങ്ങൾ മിക്കപ്പോഴും ഫ്രെഡ്റിക്‌സണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടി കൊടുത്തു. ഗ്രീൻലൻഡ് വില്പനയ്ക്കില്ലെന്ന ഫ്രഡ്റിക്‌സന്റെ ട്രംപിനുള്ള മറുപടി വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്രീൻലൻഡ് വാങ്ങുക എന്ന അമേരിക്കൻ നിലപാടിനെ 'ബുദ്ധിശൂന്യം' എന്നായിരുന്നു അവർ വിശേഷിപ്പിച്ചത്. ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ വിപുലീകരിക്കുക, കാലാവസ്ഥ വ്യതിയാനം മറികടക്കുക എന്നിവയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഫ്രഡ്റിക്സൺ നടത്തിവരുന്നത്.

കായ കല്ലാസ്
കായ കല്ലാസ്

കായ കല്ലാസ് (എസ്റ്റോണിയ)

എസ്റ്റോണിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി കായ കല്ലാസ് 2021 ജനുവരിയിലാണ് അധികാരമേൽകുന്നത്. 2011ൽ എസ്റ്റോണിയ പാർലമെന്റിൽ അംഗമാകുന്നതോടെയാണ് കല്ലാസ് തന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2011ൽ സാമ്പത്തിക കാര്യ സമിതിയുടെ ചെയർമാനായും പിന്നീട് 2014 ൽ ഫാക്ഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എസ്റ്റോണിയയിലെ ടാർട്ടു സർവകലാശാലയിൽ നിന്ന് 1999ലാണ് കല്ലാസ് നിയമ ബിരുദം നേടുന്നത്. പിന്നീട് 2007ൽ ബിസിനസ് സ്കൂളിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

സന്ന മരിൻ
സന്ന മരിൻ

സന്ന മരിൻ (ഫിൻലൻഡ്‌)

34-ാം വയസ്സിൽ ഫിൻലൻഡ്‌ പ്രധാനമന്ത്രിയാകുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു സന്ന മരിൻ. ഫിൻലന്റിലെ മധ്യ-ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലൂടെയാണ് മരിൻ രാഷ്ട്രീയ കരിയർ ആരംഭിച്ചത്. 27ാം വയസ്സിൽ, രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ടാംപെരെയിലെ സിറ്റി കൗൺസിലിന് അവർ നേതൃത്വം നൽകി. കൂട്ടുകാർക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാദങ്ങളിലും നിറഞ്ഞിരുന്നു.

എലിസബത്ത് ബോൺ
എലിസബത്ത് ബോൺ

എലിസബത്ത് ബോൺ (ഫ്രാൻസ്)

1990കൾക്ക് ശേഷം ഫ്രാൻസിന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയാണ് എലിസബത്ത് ബോൺ. രണ്ടാം ലോക യുദ്ധത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞ കുടുംബ പശ്ചാത്തലമായിരുന്നു ബോണിന്റേത്.

ജൂത വിഭാഗത്തിന് വേണ്ടി പോരാടിയ ബോണിന്റെ പിതാവ് ജോസഫ് ബോണിനെ 1944-ൽ ഓഷ്‌വിറ്റ്‌സ്-ബെർക്‌നൗ തടങ്കൽപ്പാളയത്തിലേക്ക് നാടുകടത്തിയിരുന്നു. ഒരു വർഷത്തിന് ശേഷം ജയിൽ മോചിതനായെങ്കിലും, ഓഷ്‌വിറ്റ്‌സിലെ അതിക്രമങ്ങളുടെ ഓർമ്മകൾ വേട്ടയാടിയതിനെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു. എലിസബത്തിന് 11 വയസ്സുള്ളപ്പോളായിരുന്നു സംഭവം.

പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ സർക്കാരിൽ പ്രധാനമന്ത്രിയാകുന്നതിന് മുൻപ് നിരവധി സോഷ്യലിസ്റ്റ് മന്ത്രിമാരുടെ കീഴിൽ ബ്യൂറോക്രാറ്റായിരുന്നു ബോൺ. പിന്നീട് പരിസ്ഥിതി മന്ത്രിയും തൊഴിൽ മന്ത്രിയുമായി. ആ സമയത്തെ യൂണിയനുകളുമായുള്ള ചർച്ചകൾക്ക് മേൽനോട്ടം വഹിച്ചു. ഈ കാലയളവിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 15 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഒപ്പം യുവാക്കളുടെ തൊഴിലില്ലായ്മയിലും 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി.

കാറ്ററീന സക്കാലേറാപ്പുലു
കാറ്ററീന സക്കാലേറാപ്പുലു

കാറ്ററീന സക്കാലേറാപ്പുലു (ഗ്രീസ്)

2020 ജനുവരി 22-നാണ് കാറ്ററീന ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റായി പാർലമെന്റ് തിരഞ്ഞെടുത്തത്. ഹൈക്കോടതി ജഡ്ജ്, മനുഷ്യാവകാശ അഭിഭാഷക, എന്നീ നിലകളിൽ പ്രശസ്തയാണ് കാറ്ററീന സക്കാലേറാപ്പുലു. 1821ൽ ഗ്രീസ് സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് ഒരു വനിത രാഷ്ട്രത്തിന്റെ നേതൃപദവിയിലേക്ക് എത്തുന്നത്. നിലവിലെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാകിസാണ് കാറ്ററീനയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. ഭരണകക്ഷിയായ കൺസർവേറ്റീവ് ന്യൂ ഡെമോക്രസി പാർട്ടിയും പ്രധാന പ്രതിപക്ഷ പാർട്ടിയായ സിറിസയും സെന്റർ-ലെഫ്റ്റ് മൂവ്‌മെന്റ് ഫോർ ചെയിഞ്ചും കാറ്ററീനയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചിരുന്നു. 300 എംപിമാരിൽ 261 പേരും കാറ്ററീനയ്ക്ക് വേണ്ടി വോട്ട് ചെയ്തിരുന്നു.

കാത്തലിൻ നൊവാക്
കാത്തലിൻ നൊവാക്

കാത്തലിൻ നൊവാക് (ഹംഗറി)

റിപ്പബ്ലിക്ക് ഓഫ് ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി മാർച്ച് പത്തിനാണ് കാത്തലിൻ നൊവാക്ക് സ്ഥാനമേറ്റത്. 44കാരിയായ കാത്തലിനാണ് ഹംഗറിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. ഹംഗേറിയൻ സിവിക് അലയൻസ് പാർട്ടി അംഗമാണ് കാത്തലിൻ. 2018 മുതൽ 2022 വരെ ദേശീയ അസംബ്ലി അംഗമായി വിക്ടർ ഓർബൻ സർക്കാരിന് കീഴിൽ സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ 2020 മുതൽ 2021 വരെ ഫാമിലി അഫയേഴ്‌സ് മന്ത്രിയായും പദവിയും വഹിച്ചു.

ഇൻഗ്രിധ ഷിമോണീത്തെ
ഇൻഗ്രിധ ഷിമോണീത്തെ

ഇൻഗ്രിധ ഷിമോണീത്തെ (ലിത്വാനിയ)

2020 നവംബർ 25-നാണ് ഇൻഗ്രിധ ഷിമോണീത്തെ റിപ്പബ്ലിക് ഓഫ് ലിത്വാനിയയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ഹോംലാൻഡ് യൂണിയൻ പാർട്ടി അംഗമായ ഷിമോണീത്തെ. സാമ്പത്തിക ശാസ്ത്രജ്ഞ കൂടിയായ ഷിമോണീത്തെ, നികുതി വകുപ്പ് ഡയറക്റ്റർ, ധനമന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി, ധനമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇതിന് പുറമെ യൂറോപ്യൻ അഫയേഴ്സ് കമ്മിറ്റിയിലും ഓഡിറ്റ് കമ്മിറ്റിയുടെ ചെയർപേഴ്സണുമായും സേവനമനുഷ്ഠിച്ചിരുന്നു.

സൂസന്ന ചാപ്പുത്തോവ
സൂസന്ന ചാപ്പുത്തോവ

സൂസന്ന ചാപ്പുത്തോവ (സ്ലൊവാക്യ)

ജൂൺ 15, 2019 നാണ് സൂസന്ന ചാപ്പുത്തോവ സ്ലൊവാക്യയുടെ ആദ്യ വനിത പ്രസിഡന്റായി ചുമതലയേറ്റത്. സ്ലോവാക്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് കൂടിയാണ് സൂസന്ന. 1996ൽ കമീനിയസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ ശേഷമാണ് സൂസന്ന രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്.

പഠനത്തിനുശേഷം, കപുടോവ പെസിനോക്കിലെ പ്രാദേശിക സർക്കാരിൽ ജോലി നോക്കുകയും തുടർന്ന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകളിൽ പ്രവർത്തിക്കുകായും ചെയ്തു. 2020-ലെ ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോർബ്‌സ് പട്ടികയിൽ സൂസന്ന 83-ാം സ്ഥാനത്തെത്തിയിരുന്നു.

മഗ്‌ദലീന ആൻഡേഴ്സൺ
മഗ്‌ദലീന ആൻഡേഴ്സൺ

മഗ്‌ദലീന ആൻഡേഴ്സൺ (സ്വീഡന്‍)

സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി നേതാവായ മഗ്‌ദലീന ആൻഡേഴ്സൺ 2021ലാണ് ആദ്യമായി പ്രധാനന്ത്രി പദത്തിലെത്തുന്നത്. എന്നാൽ അധികാരമേറ്റ് ഏഴ് മണിക്കൂറിനുള്ളിൽ ബജറ്റ് പാർലമെന്റിൽ പാസ്സാകാത്തതിനെ തുടർന്ന് രാജി വെച്ചു. പിന്നീട് അഞ്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും അധികാരമേറ്റു. സ്വീഡന്റെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രി കൂടിയായിരുന്നു മഗ്ദലീന.

ഇക്കഴിഞ്ഞ സെപ്റ്റംബർ 15 ന് നടന്ന വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷത്തോട് നേരിയ ഭൂരിപക്ഷത്തിൽ മഗ്ദലീന ആൻഡേഴ്സന്റെ മധ്യ-ഇടത് ബ്ലോക്ക് പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആൻഡേഴ്സൺ നിലവില്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അന്ന ബേൺബിക്
അന്ന ബേൺബിക്

അന്ന ബേൺബിക് (സെർബിയ)

സെർബിയയുടെ ആദ്യത്തെ വനിത പ്രധാനമന്ത്രിയാണ് അന്ന ബേൺബിക്. യാഥാസ്ഥിക നിലപാടുകളുള്ള സെർബിയയിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയുമായ പ്രധാനമന്ത്രി കൂടിയാണ് ബേൺബിക്. പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ, യുവ സംരംഭകരെ പിന്തുണച്ച് മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയെ നവീകരിക്കണമെന്ന് ബേൺബിക് നിയമനിർമ്മാതാക്കളോട് ആഹ്വാനം ചെയ്തിരുന്നു. സെർബിയൻ പ്രോഗ്രസ്സിവ് പാർട്ടി അംഗമായ ബേൺബിക് 2017ലാണ് അധികാരത്തിലേറിയത്.

സലോമി സെറാബീച്ച് വില്ലി
സലോമി സെറാബീച്ച് വില്ലി

സലോമി സെറാബീച്ച് വില്ലി (ജോർജിയ)

ജോർജിയയുടെ ആദ്യ വനിതാ പ്രസിഡന്റായ സലോമി സെറാബീച്ച് വില്ലി 2018 ഡിസംബർ 16നാണ് അധികാരത്തിലെത്തിയത്. ഫ്രാങ്കോ -ജോർജിയൻ രാഷ്ട്രീയ വ്യക്തിത്വവും മുൻ നയതന്ത്രജ്ഞയുമായ സലോമി ജോർജിയയുടെ അഞ്ചാമത്തെ പ്രസിഡന്റാണ്.

ഫ്രാൻസിലേക്ക് കുടിയേറിയ ജോർജിയൻ അഭയാർത്ഥി കുടുംബത്തിലായിരുന്നു സലോമിയുടെ ജനനം. പഠനത്തിന് ശേഷം 1970 കളിൽ ഫ്രഞ്ച് ഫോറിൻ സർവീസിൽ പ്രവേശിച്ചു. പിന്നീട് മുപ്പത് കൊല്ലത്തോളം. 2003-04 കാലഘട്ടത്തിൽ ജോർജിയയിൽ ഫ്രഞ്ച് അംബാസഡറായിരുന്നു. 2004 ൽ ഇരു രാഷ്ട്രത്തലവന്മാരുടെയും സമ്മതത്തോടെ പൗരത്വം സ്വീകരിക്കുകയും മന്ത്രി പദത്തിലെത്തുകയും ചെയ്തു.

1974 മുതൽ 2004 വരെ, ഫ്രാൻസ് വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി നിരവധി എംബസികളിൽ (ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചാഡ്) നയതന്ത്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളായ യുഎൻ, നാറ്റോ, വെസ്റ്റേൺ യൂറോപ്യൻ യൂണിയൻ, ഒഎസ്‌സിഇ എന്നിവിടങ്ങളിൽ ഫ്രഞ്ച് പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.

കാറ്ററിൻ ജാക്കോബ്സ്ടോട്ടിയർ
കാറ്ററിൻ ജാക്കോബ്സ്ടോട്ടിയർ

കാറ്ററിൻ ജാക്കോബ്സ്ടോട്ടിയർ (ഐസ്‌ലൻഡ്)

2017 നവംബർ 30 മുതൽ ഐസ്‌ലൻഡിന്റെ പ്രധാനമന്ത്രിയാണ് കാറ്ററിൻ ജാക്കോബ്സ്ടോട്ടിയർ. ലെഫ്റ്റ് ഗ്രീൻ മൂവ്മെന്റ് നേതാവായ കാറ്ററിൻ 2013 മുതൽ പാർട്ടിയിലെ സജീവ പ്രവർത്തകയാണ്. രാജ്യത്തിന്‍റെ രണ്ടാമത്തെ വനിതാ മേധാവിയും കൗൺസിൽ ഓഫ് വിമൻ വേൾഡ് ലീഡേഴ്‌സിന്റെ അധ്യക്ഷയുമാണ് കാറ്ററിൻ.

ഡോ. വീജോസ ഒസ്മാനി
ഡോ. വീജോസ ഒസ്മാനി

ഡോ. വീജോസ ഒസ്മാനി (കൊസോവോ)

മധ്യ-വലതു രാഷ്ട്രീയ പാർട്ടിയായ ഗുക്സോയുടെ നേതാവായ വീജോസ ഒസ്മാനി 2021 ഏപ്രിലിലാണ് കൊസോവോ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ചുമതലയേറ്റത്. കൊസോവോ റിപ്പബ്ലിക്കിന്റെ ആദ്യ വനിതാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് വീജോസ ഒസ്മാനി. 2020 നവംബർ മുതൽ 2021 മാർച്ച് വരെ ആക്ടിംഗ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

മായ സൻടൂ
മായ സൻടൂ

മായ സൻടൂ (മാൾഡോവ)

2020 ഡിസംബർ 20-നാണ് മായ സൻടൂ മാൾഡോവയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി ചുമതലയേറ്റത്. സൻടൂവിന്റെ രാഷ്ട്രീയ ജീവിതം 2012 ലാണ് ആരംഭിക്കുന്നത്. പാർട്ടി ഓഫ് ആക്ഷൻ ആൻഡ് സോളിഡാരിറ്റി എന്നറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിയിൽ അംഗമാണ് മായ സൻടൂ. 2019ൽ മാൾഡോവയുടെ പ്രധാനമന്ത്രിയായും സൻടൂ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നറ്റാലിയ ഗാവ്രിലിറ്റ
നറ്റാലിയ ഗാവ്രിലിറ്റ

നറ്റാലിയ ഗാവ്രിലിറ്റ (മാൾഡോവ)

മാൾഡോവയുടെ പ്രധാനമന്ത്രിയാണ് നറ്റാലിയ ഗാവ്രിലിറ്റ. 2021 ഓഗസ്റ്റ് 6-നാണ് മാൾഡോവയുടെ 15-ാമത് പ്രധാനമന്ത്രിയും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായും നറ്റാലിയ ഗാവ്രിലിറ്റ അധികാരമേറ്റത്.

logo
The Fourth
www.thefourthnews.in