ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസ്
ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസ്

സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതിൽക്കൽ പ്രതിസന്ധിയിലാകുന്ന ലോകബാങ്ക്

രാജ്യങ്ങൾക്ക് വായ്‌പ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കാൻ ഒരുങ്ങുകയാണ് ലോകബാങ്ക്

ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ലോക ബാങ്കാണ്. രണ്ട് ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. യുക്രെയ്നിലെ സാഹചര്യം കൂടുതൽ വഷളാവുകയോ മറ്റൊരു ആഗോള പ്രതിസന്ധി ഉടലെടുക്കുകയോ ചെയ്താൽ ലോകം മാന്ദ്യത്തിലേക്ക് തള്ളിയിടപ്പെടും. അങ്ങനെ സംഭവിച്ചാല്‍, വലിയ വെല്ലുവിളികളാകും ലോകബാങ്ക് അഭിമുഖീകരിക്കുക. ലോകബാങ്ക് ഒഴികെയുള്ള വികസിത രാജ്യങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ വികസ്വര രാജ്യങ്ങൾക്കായി നൽകുന്ന വായ്പകളുടെ പരിധി വെട്ടിച്ചുരുക്കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, സ്വകാര്യ സ്ഥാപനങ്ങൾ തള്ളിക്കളയുന്ന രാജ്യങ്ങൾ ലോകബാങ്കിനെയാകും സമീപിക്കുക. എന്നാൽ ഇവരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റാൻ എത്രത്തോളം കഴിയുമെന്നത് ലോകബാങ്കിനെയും ആശങ്കയിലാക്കുന്നുണ്ട്. രാജ്യങ്ങൾക്ക് വായ്‌പ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കാൻ ഒരുങ്ങുകയാണ് ലോകബാങ്ക്.

ആഗോള തലത്തിൽ തന്നെ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാൽ വൻ ശക്തികളും പണപ്പെരുപ്പം പോലുള്ള ഗുരുതര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അതിനെ മറികടക്കാൻ യുഎസ് ഫെഡറൽ റിസർവിന്റെയും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും പലിശ നിരക്ക് ഉയർത്തുന്നത് നേരിട്ട് ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെ കൂടിയാണ് എന്നതാണ് മറ്റൊരു പ്രതിസന്ധി. കടബാധ്യതയ്ക്ക് പുറമെ ഇങ്ങനെയൊരു സാഹചര്യം കൂടി വരുന്നതോടെ വികസ്വര രാജ്യങ്ങളുടെ തലവേദന ഇരട്ടിക്കുകയാണ്. വായ്പകളുടെയെല്ലാം തിരിച്ചടവ് ഡോളറിലോ യൂറോയിലോ ആണ് എന്നതാണ് അതിന് പ്രധാന കാരണം. ഈ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഭക്ഷ്യ സുരക്ഷ, പൊതുകടങ്ങളിലെ സ്ഥിരത എന്നിവ നിലവിൽ കൈവരിച്ച രാജ്യങ്ങളിലെല്ലാം തൽസ്ഥിതി തുടരുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് ലോകബാങ്കിന്റെ ലക്ഷ്യം. വലിയൊരു ആപത് സന്ധി ഉണ്ടായാൽ തന്നെ അത്തരം രാജ്യങ്ങൾക്കെങ്കിലും സ്വന്തമായി നിലനിൽപ്പുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസ്.

ലോക സമ്പദ് വ്യവസ്ഥ മാന്ദ്യമെന്ന പടുകുഴിയുടെ വക്കിലാണെന്ന് സാമ്പത്തിക വിദഗ്ധർ ഒന്നടങ്കം അഭിപ്രായപ്പെടുന്ന കാര്യമാണ്. അങ്ങനെ ഉണ്ടായാൽ അതിലേറ്റവും ദുരിതം അനുഭവിക്കുക ദരിദ്ര രാജ്യങ്ങളാണെന്നതും വസ്തുതയാണ്. മാന്ദ്യ ഭീഷണിയുടെ നിഴലിൽ നിൽക്കുന്ന യൂറോപ്യൻ യൂണിയനും അമേരിക്കയും ചൈനയുമൊക്കെ സ്വന്തം സുരക്ഷ മാത്രം പരിഗണിച്ച്, വികസ്വര- അവികസിത രാജ്യങ്ങൾക്ക് വായ്‌പ നൽകുന്നത് അവസാനിപ്പിച്ചാൽ കൊടും ദാരിദ്ര്യത്തിന്റെയും പട്ടിണി മരണങ്ങളുടെയും കാലം കൂടിയാണ് വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ വൻ ശക്തികളുടെ പരിധി വർധിപ്പിക്കുക വഴി വായ്പകൾ കൂടുതലായി നൽകുന്ന അവസ്ഥയിലേക്ക് മേല്പറഞ്ഞ വികസിത രാജ്യങ്ങളെ കൊണ്ടുവരിക എന്നതാണ് ലോകബാങ്കിന് മുന്നിലുള്ള പോംവഴി.

ഏപ്രിലിൽ അന്താരാഷ്ട്ര മോണിറ്ററി ഫണ്ടുമായി നടക്കാനിരിക്കുന്ന ചർച്ചകളിൽ, മൂലധന സമാഹരണവും പുതിയ വായ്പാ ദാതാക്കളെ കണ്ടെത്തുന്നതിനുമാകും ലോക ബാങ്ക് ശ്രമിക്കുക. എന്നാൽ കാര്യങ്ങൾ ലോകബാങ്കിന് അത്ര അനുകൂലമല്ല. കോവിഡ് മഹാമാരിക്ക് മുൻപ് വികസിത രാജ്യങ്ങളിലെ സ്ഥാപനങ്ങൾ അഞ്ചിൽ ഒരു വികസ്വര രാജ്യത്തിന് കടം നൽകിയിരുന്നുവെങ്കിലും ഇപ്പോഴത് 15ൽ ഒരാൾക്കായി ചുരുക്കിയിരിക്കുകയാണ്.

ഈ പറഞ്ഞതിന് ഉദാഹരണമാണ് ആഫ്രിക്കൻ രാജ്യമായ കെനിയ. സബ്- സഹാറൻ ആഫ്രിക്കൻ മേഖലയിൽ (സഹാറ മരുഭൂമിയുടെ തെക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം) സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള രാജ്യമാണ് കെനിയ. എന്നാൽ അവരുടെയും നടപ്പ് സാമ്പത്തിക വർഷത്തിലെ കടബാധ്യത, വരുമാനത്തിന്റെ 30 ശതമാനം വരുമെന്നാണ് കണക്ക്. ചൈനീസ് ഡെവലപ്മെന്റ് ബാങ്ക് പോലെയുള്ളവയിൽ നിന്നുള്ള കടമെടുപ്പ് ചെലവേറിയതെന്ന തിരിച്ചറിവ്, പ്രസിഡന്റ് വില്യം റൂട്ടോയെ ലോക ബാങ്കിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

മറ്റ് രാജ്യങ്ങളുടെ അവസ്ഥയും ഇതിൽ നിന്ന് വിഭിന്നമാകാൻ സാധ്യതയില്ല. സബ് സഹാറൻ ആഫ്രിക്കയിലും മറ്റുമായുള്ള 75 രാജ്യങ്ങൾ 63 ബില്യൺ യൂറോയാണ് കഴിഞ്ഞ വർഷം കടങ്ങളുടെ തിരിച്ചടവിനായി ചെലവാക്കിയത്. അതുകൊണ്ട് തന്നെ സാംബിയയെയും ശ്രീലങ്കയെയും പോലെ, കടബാധ്യതകൾ നേരിടാൻ വിദ്യാഭ്യാസ-ആരോഗ്യ ബജറ്റുകൾ വെട്ടിക്കുറയ്ക്കുന്ന രാജ്യങ്ങളെ രക്ഷിക്കാൻ ലോകബാങ്ക് സന്നദ്ധരാകണമെന്ന ആവശ്യവും പലയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

logo
The Fourth
www.thefourthnews.in