വെള്ളത്തിനടിയിൽ മൂന്നുനില കെട്ടിടം; ലോകത്തിലെ ആദ്യ ഫ്ലോട്ടിങ് പള്ളിയുമായി ദുബായ്

വെള്ളത്തിനടിയിൽ മൂന്നുനില കെട്ടിടം; ലോകത്തിലെ ആദ്യ ഫ്ലോട്ടിങ് പള്ളിയുമായി ദുബായ്

മസ്ജിദ് സന്ദർശിക്കുന്നവർ മാന്യമായ വസ്ത്രം ധരിക്കുന്നതിനൊപ്പം ഇസ്ലാമിക പാരമ്പര്യങ്ങളും ആചാരങ്ങളും പാലിക്കണമെന്നും നിർദേശമുണ്ട്

വെള്ളത്തിനടിയിലുള്ള ലോകത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിർമിക്കാനൊരുങ്ങി ദുബായ്. ഏകദേശം 55 മില്യൺ ദർഹം ചെലവ് വരുന്ന ദുബായിയുടെ സ്വപ്ന പദ്ധതിയായ അണ്ടർവാട്ടർ ഫ്ലോട്ടിംഗ് മോസ്‌കിന്റെ പണികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മതപരമായ കാര്യങ്ങൾ ലക്ഷ്യമാക്കിയുള്ള ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ടുള്ളതാണ് അണ്ടർവാട്ടർ ഫ്ലോട്ടിംഗ് മോസ്‌ക് എന്ന പദ്ധതി.

ആകെ മൂന്ന് നിലകളുൾപ്പെടുന്ന മസ്ജിദിന്റെ ഘടന പ്രകാരം വെള്ളത്തിനടിയിലുള്ള നിലയിൽ ഏകദേശം 50-75 ആളുകൾക്ക് ഇരുന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്. ഒരു സിറ്റൗട്ടും കോഫി ഷോപ്പും ഉൾപ്പെടുന്ന മസ്ജിദിന്റെ പകുതി ഭാഗം വെള്ളത്തിനടിയിലും ബാക്കി പകുതിക്കു വെള്ളത്തിന് മുകളിലുമാണ്. സന്ദർശനത്തിനെത്തുന്നവർക്കുള്ള വുദു സൗകര്യങ്ങളും ശുചിമുറികളും ഈ നിലയിലാണ് ഉൾപ്പെടുന്നത്.

ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ് (ഐ‌എ‌സി‌എ‌ഡി) പദ്ധതി നടത്തിപ്പുകാർ. മസ്ജിദ് എവിടെയാകും പണികഴിപ്പികുക എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം എല്ലാ മതസ്ഥർക്കുമായി മസ്ജിദ് തുറന്നിടുമെങ്കിലും സന്ദർശകർ മാന്യമായ വസ്ത്രം ധരിച്ച് വേണം പ്രവേശിക്കാനെന്ന് ഐ‌എ‌സി‌എ‌ഡി പ്രതിനിധി അൽ മൻസൂർ പറഞ്ഞു. മാന്യമായ വസ്ത്രം ധരിക്കുന്നതിനൊപ്പം ഇസ്ലാമിക പാരമ്പര്യങ്ങളും ആചാരങ്ങളും സന്ദർശകർ പാലിക്കണമെന്നും അൽ മൻസൂർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in