പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യന്; അൻപതിയെട്ടുകാരന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യന്; അൻപതിയെട്ടുകാരന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

മനുഷ്യരുടെ അവയവത്തിന് പലപ്പോഴും ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഈ കണ്ടുപിടിത്തം ഒരുപാട് പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവച്ചുള്ള ശസ്ത്രക്രിയ വിജയം. ലോകത്ത് ഇത് രണ്ടാം തവണയാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ മാറ്റിവച്ച് പരീക്ഷണം നടത്തുന്നത്. എക്‌സ്‌നോ ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന് അറിയപ്പെടുന്ന ഈ ശസ്ത്രക്രിയ ആരോഗ്യമേഖലയിലെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ്. മനുഷ്യരുടെ അവയവത്തിന് പലപ്പോഴും ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഈ കണ്ടുപിടിത്തം ഒരുപാട് പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

നിലവില്‍ ഏകദേശം 10,000 അമേരിക്കക്കാരാണ് ഇപ്പോള്‍ ഈ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നത്. മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള മെഡിക്കല്‍ സംഘമാണ് ആദ്യത്തെയും ഇപ്പോഴത്തെയും ശസ്ത്രക്രിയക്കും നേതൃത്വം ന്ല്‍കിയിട്ടുള്ളത്. ആദ്യം പന്നിയുടെ ഹൃദയം മാറ്റിവച്ച ആള്‍ മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് മരിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമായിരുന്നു മരണം.

പുതിയ ആന്റി ബോഡി തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ അദ്ദേഹത്തിന് ഇതിനകം നടത്തിയിട്ടുണ്ട്

കഴിഞ്ഞ ബുധനാഴ്ചയാണ് 58 കാരനായ ലോറന്‍സ് ഫൗസെറ്റ് എന്നയാള്‍ക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞത്. രക്തക്കുഴലുകളെ ബാധിച്ചിരിക്കുന്ന രോഗവും രക്തസ്രാവത്തിന്റെ സങ്കീര്‍ണതകളും ഉള്ളതിനാല്‍ ഇദ്ദേഹത്തിന് മനുഷ്യരുടെ ഹൃദയം സ്വീകരിക്കാനുള്ള ആരോഗ്യം ഇല്ലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം മറ്റ് ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പുതിയ ആന്റി ബോഡി തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ അദ്ദേഹത്തിന് ഇതിനകം നടത്തിയിട്ടുണ്ട്.

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യന്; അൻപതിയെട്ടുകാരന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം
ജാതി സെൻസസിനെ മോദി ഭയക്കുന്നതെന്തിന്? ചോദ്യവുമായി രാഹുൽ ഗാന്ധി

രോഗിയുടെ പ്രതിരോധ സംവിധാനത്തെയടക്കം ബാധിക്കുന്ന ഈ ശസ്ത്രക്രിയ വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. കുറച്ച് വര്‍ഷങ്ങളായി ജനിതകമാറ്റം വരുത്തിയ പന്നികളുടെ ഹൃദയം മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിലേക്ക് മാറ്റിവച്ച് പരീക്ഷണം നടത്തിയിരുന്നു. അത്തരത്തില്‍ ഒരാളില്‍ നടത്തിയ പരീക്ഷണം വിജയിക്കുകയും ചെയ്തിരുന്നു.

അവയുടെ വലിപ്പം, വളര്‍ച്ച എന്നിവ കാരണം മനുഷ്യര്‍ക്ക് അനുയോജ്യമായ ദാതാക്കളാണ് പന്നികളെന്ന് കണ്ടെത്തുകയായിരുന്നു

മൃഗങ്ങളുടെ അവയവം മനുഷ്യരിലേക്ക് മാറ്റുന്ന ഈ പരീക്ഷണം 1984 കളില്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത് വലിയ വിജയം കണ്ടിരുന്നില്ല. അന്ന് കുരങ്ങിന്റെ ഹൃദയം ഒരു നവജാത ശിശുവിലേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍ വെറും 20 ദിവസം മാത്രം അതിജീവിക്കാനേ ആ ശസ്ത്രക്രിയ കൊണ്ട് സാധിച്ചിള്ളു. നിലവില്‍ പന്നിയിലാണ് മെഡിക്കല്‍ രംഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവയുടെ വലിപ്പം, വളര്‍ച്ച എന്നിവ കാരണം മനുഷ്യര്‍ക്ക് അനുയോജ്യമായ ദാതാക്കളാണ് പന്നികളെന്ന് കണ്ടെത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in