ഷി- ബൈഡൻ കൂടിക്കാഴ്ച; ധാരണയിലെത്തിയെങ്കിലും കല്ലുകടിയായി തായ്‌വാനും ബൈഡന്റെ 'സ്വേച്ഛാധിപതി' പരാമർശവും

ഷി- ബൈഡൻ കൂടിക്കാഴ്ച; ധാരണയിലെത്തിയെങ്കിലും കല്ലുകടിയായി തായ്‌വാനും ബൈഡന്റെ 'സ്വേച്ഛാധിപതി' പരാമർശവും

അമേരിക്ക- ചൈന ബന്ധത്തെ ഒരു സംഘർഷത്തിലേക്ക് നയിക്കാൻ കരുത്തുള്ള തായ് വാൻ വിഷയത്തിൽ സന്ധിയുണ്ടാക്കാൻ ബൈഡനും ഷിക്കും കഴിഞ്ഞ ദിവസത്തെ ചർച്ചയിലും സാധിച്ചിട്ടില്ല

വൻ ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിൽ വർധിക്കുന്ന അസ്വാരസ്യങ്ങൾ തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ഷി ജിൻപിങ്ങും ജോ ബൈഡനും കാലിഫോർണിയ കോസ്റ്റിലെ ഫിലോളി എസ്റ്റേറ്റിൽ കൂടിക്കാഴ്ച നടത്തിയത്. ഇന്തോനേഷ്യയിലെ ബാലിയിൽ കഴിഞ്ഞ വർഷം നടന്ന ജി20 ഉച്ചകോടിക്ക് ശേഷം ആദ്യമായി നടക്കുന്ന കൂടിക്കാഴ്ചയെ വളരെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. നാല് മണിക്കൂറിലധികം നീണ്ട ചർച്ചയിൽ പലവിധ വിഷയങ്ങളിലും ധാരണയിലെത്താൻ ആയെങ്കിലും തായ് വാൻ ഇപ്പോഴും ഇരുവർക്കുമിടയിൽ കല്ലുകടിയായി തുടരുകയാണ്. കൂടാതെ യോഗത്തിന് ശേഷമുള്ള ബൈഡന്റെ പരാമർശവും വിവാദമായിട്ടുണ്ട്.

അമേരിക്ക- ചൈന ബന്ധത്തെ ഒരു സംഘർഷത്തിലേക്ക് നയിക്കാൻ കരുത്തുള്ള തായ് വാൻ വിഷയത്തിൽ സന്ധിയുണ്ടാക്കാൻ ബൈഡനും ഷിക്കും കഴിഞ്ഞ ദിവസത്തെ ചർച്ചയിലും സാധിച്ചിട്ടില്ല. തായ്‌വാന് അമേരിക്ക ആയുധം നൽകുന്നത് നിർത്തണമെന്ന് ബൈഡന് ഷി മുന്നറിയിപ്പ് നൽകിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. “ തായ്‌വാന് യുഎസ് ആയുധം നൽകുന്നത് നിർത്തി ചൈനയുടെ സമാധാനപരമായ പുനരേകീകരണത്തെ പിന്തുണയ്ക്കണം” ഷി ബൈഡനോട് പറഞ്ഞു. എന്നാൽ ആക്രമണങ്ങളെ പ്രതിരോധിക്കാനായി തായ്‌വാനുള്ള ആയുധവിതരണം അമേരിക്ക തുടരുമെന്ന നിലപാടാണ് ബൈഡൻ സ്വീകരിച്ചത്. കൂടാതെ തായ് വാൻ തിരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടൽ ഉണ്ടാകില്ലെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായും ഷിയെ അറിയിച്ചുവെന്ന് ബൈഡൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2022 ഓഗസ്റ്റിൽ അമേരിക്കൻ ജനപ്രധിനി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിനെ തുടർന്ന് വിച്ഛേദിച്ച സൈനിക ബന്ധം തുടരാൻ ചർച്ചയിൽ തീരുമാനമായി

ഇതിനുപുറമെയാണ് ഷി ജിൻപിങ് സ്വേഛാധിപതിയാണെന്ന ബൈഡന്റെ പരാമർശവും ഉണ്ടാകുന്നത്. “ഞങ്ങളുടേതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു സർക്കാരിനെ അടിസ്ഥാനമാക്കിയ ഒരു കമ്മ്യൂണിസ്റ്റ് രാജ്യം ഭരിക്കുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹം ഏകാധിപതിയാണ്” എന്നായിരുന്നു ബൈഡന്റെ പ്രതികരണം. മുൻപ് ഒരിക്കൽ ബൈഡന്റെ ഭാഗത്തുനിന്ന് ഇതേ പരാമർശമുണ്ടായപ്പോൾ ചൈന അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. നിലവിലെ ചർച്ചയുടെ എല്ലാ നല്ലവശങ്ങളെയും ഇല്ലാതാക്കുന്നതാണ് ബൈഡന്റെ പരാമർശമെന്ന വിലയിരുത്തലുകളും വിദഗ്ദർ നടത്തുന്നുണ്ട്.

യോഗത്തിലെ പ്രധാന ചർച്ചകള്‍

2022 ഓഗസ്റ്റിൽ അമേരിക്കൻ ജനപ്രധിനി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിനെ തുടർന്ന് വിച്ഛേദിച്ച സൈനിക ബന്ധം തുടരാൻ ചർച്ചയിൽ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ആശയവിനിമയം പുനരാരംഭിക്കാൻ ബുധനാഴ്ച ഇരു നേതാക്കളും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം.

ഫെന്റനൈൽ ഉത്പാദനം തടയാന്‍ ധാരണ

അമേരിക്കയുടെ പ്രധാന വെല്ലുവിളികളിൽ ഒന്നായ ഒപിയോയിഡ് ഫെന്റനൈൽ എന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കയറ്റുമതി ചൈന തടയുമെന്ന് ഷി ഉറപ്പ് നൽകി. ജീവിതങ്ങൾ രക്ഷിക്കാൻ കഴിയുന്ന നീക്കമാണെന്നും അതിന് ഷി കാണിച്ച പ്രതിബദ്ധതയെ അഭിനന്ദിക്കുന്നതായും ബൈഡൻ പറഞ്ഞു.

ഇറാനും റഷ്യയ്ക്കും മേൽ സ്വാധീനമുപയോഗിക്കാൻ ഷിയോട് ബൈഡൻ

ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയിലാകെ വ്യാപിക്കാതിരിക്കാൻ ഇറാനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ബൈഡൻ ഷിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയ്ക്ക് ഒരിക്കലും ചൈനയുടെ സൈനിക പിന്തുണ നൽകരുതെന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഉപരോധം നീക്കാനും കയറ്റുമതി നിയന്ത്രണങ്ങൾ മാറ്റാനും ആവശ്യം

യോഗത്തെക്കുറിച്ചുള്ള ചൈനയുടെ വിശദീകരണമനുസരിച്ച് രാജ്യത്തിന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കാനും സെൻസിറ്റീവ് ഉപകരണങ്ങൾക്കുള്ള കയറ്റുമതി നിയന്ത്രണങ്ങളിലെ നയങ്ങൾ മാറ്റാനും ബൈഡനോട് ആവശ്യപ്പെട്ടു. എന്നാൽ ബൈഡൻ ഈ ആവശ്യം അംഗീകരിച്ചതായി അറിയിച്ചിട്ടില്ല.

ചൈനയിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഷി സാൻ യോഗം. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ യോഗം സഹായിക്കില്ലെങ്കിലും വിദേശനിക്ഷേപങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് ചെറിയ ആശ്വാസമായേക്കുമെന്നാണ് സാധിക്കുമെന്നാണ് വിലയിരുത്തൽ.

logo
The Fourth
www.thefourthnews.in