ഷീ ജിൻപിങ്
ഷീ ജിൻപിങ്

യുദ്ധത്തിന് തയ്യാറായിരിക്കുക, ജയിക്കാനുള്ള പോരാട്ടവീര്യം നിലനിര്‍ത്തുക; സൈന്യത്തോട് ഷീ ജിന്‍പിങ്

2027ഓടെ ചൈനീസ് സൈന്യത്തെ എല്ലാ നിലയിലും ലോകത്തിലെ ഒന്നാം നിരക്കാരാക്കി മാറ്റുകയാണ് ഷീയുടെ ലക്ഷ്യം

ചൈനയുടെ ദേശീയ സുരക്ഷ അസ്ഥിരത അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ കരുത്ത് വര്‍ധിപ്പിക്കാനും, സര്‍വസജ്ജരായി യുദ്ധം വിജയിക്കാനുള്ള പോരാട്ടവീര്യം നിലനിര്‍ത്താനും സൈന്യത്തോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് ഷീ ജിന്‍പിങ്. തുടര്‍ച്ചയായ മൂന്നാം തവണയും സര്‍വസൈന്യാധിപനായി ചുമതലയേറ്റതിനു പിന്നാലെയാണ് ഷീയുടെ നിര്‍ദേശം. സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഏത് യുദ്ധവും ജയിക്കാന്‍ സര്‍വസജ്ജരാക്കുമെന്നും ചുമതലയേറ്റതിന് പിന്നാലെ ഷീ വ്യക്തമാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് പുതിയ നിര്‍ദേശം.

ചൊവ്വാഴ്ച സെന്‍ട്രല്‍ മിനിസ്റ്റര്‍ കമാന്‍ഡ് സെന്റര്‍ ഷീ സന്ദര്‍ശിച്ചിരുന്നു. 2027ഓടെ ചൈനീസ് സൈന്യത്തെ എല്ലാ നിലയിലും ലോകത്തിലെ ഒന്നാം നിരക്കാരാക്കി മാറ്റുകയാണ് ഷീയുടെ ലക്ഷ്യം. അത് സാധ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ലക്ഷ്യത്തിലേക്ക് പായാന്‍ തയ്യാറായിരിക്കുന്ന ചരടിലെ അമ്പുകള്‍ പോലെ എല്ലായ്പ്പോഴും പോരാടാന്‍ തയ്യാറായിരിക്കണം. വിജയം ഉറപ്പാക്കണമെന്നുമാണ് ഷീയുടെ ആഹ്വാനം.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും അധികാരമേറ്റതിനു പിന്നാലെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ഷീ അഭിസംബോധന ചെയ്തിരുന്നു. നൂറ്റാണ്ടിനിടെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ലോകം വിധേയമായിക്കൊണ്ടിരിക്കുന്നതെന്ന് ഷീ പറഞ്ഞിരുന്നു. ദേശീയ സുരക്ഷ കൂടുതല്‍ അസ്ഥിരതയും അനിശ്ചിതത്വവും അഭിമുഖീകരിക്കുന്ന സാഹചര്യമാണ്. അതിനാല്‍ സൈന്യത്തിന്റെ സാധാരണവും വൈവിധ്യപൂർണവുമായ ഉപയോഗം ശക്തിപ്പെടുത്തും. നിശ്ചയദാർഢ്യത്തോടും വഴക്കത്തോടും കൂടി സൈനിക പോരാട്ടങ്ങൾ നടത്തും. സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുകയും പ്രതിസന്ധികളും സംഘർഷങ്ങളും ഉൾക്കൊണ്ടുകൊണ്ട് പ്രാദേശിക യുദ്ധങ്ങള്‍ വിജയിക്കുമെന്നും ഷീ വ്യക്തമാക്കിയിരുന്നു. അതിന്റെ ബാക്കിയെന്നോണമാണ് പുതിയ ആഹ്വാനം.

കഴിഞ്ഞമാസമാണ് 69 കാരനായ ഷീ തുടര്‍ച്ചയായ മൂന്നാം തവണയും ചൈനയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെയും സൈന്യത്തിന്റെയും തലവന്‍, പ്രസിഡന്റ് സ്ഥാനം എന്നീങ്ങനെ മൂന്ന് ശക്തമായ പദവികള്‍ വഹിക്കുന്ന ഷീ, മാവോ സെ തൂങ്ങിനുശേഷം 10 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ശേഷം അധികാരത്തില്‍ തുടരുന്ന ഏക നേതാവാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളെല്ലാം വിരമിച്ചു.

logo
The Fourth
www.thefourthnews.in