ഒടുവിൽ ഔദ്യോഗിക അറിയിപ്പെത്തി; ജി 20 ഉച്ചകോടിയിൽ ഷി ജിൻ പിങ് എത്തില്ല

ഒടുവിൽ ഔദ്യോഗിക അറിയിപ്പെത്തി; ജി 20 ഉച്ചകോടിയിൽ ഷി ജിൻ പിങ് എത്തില്ല

ഷി എത്തില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ചൈനയുടെ ഔദ്യോഗിക അറിയിപ്പിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്ത്യ

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ചൈന. ഡൽഹിയിൽ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ആകും ചൈനയെ പ്രതിനിധീകരിക്കുക. ഷി എത്തില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ചൈനയുടെ ഔദ്യോഗിക അറിയിപ്പിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്ത്യ.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ നേരിട്ട് വിളിച്ചാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് പകരം എത്തുക. അതിന് പിന്നാലെയാണ് ഷിയും തന്റെ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഷി ജിൻപിങ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നത്.

ഒടുവിൽ ഔദ്യോഗിക അറിയിപ്പെത്തി; ജി 20 ഉച്ചകോടിയിൽ ഷി ജിൻ പിങ് എത്തില്ല
ജി20 ഉച്ചകോടിക്ക് പുടിൻ ഇന്ത്യയിലേക്കില്ല; വിദേശകാര്യമന്ത്രി സെർജി ലവ്റോവ് പങ്കെടുക്കുമെന്ന് റഷ്യ

വിവാദമായ ചൈനീസ് ഭൂപടം പുറത്തുവരുന്നത് വരെ ഷി എത്തുമെന്ന് തന്നെയായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശും അക്‌സായി ചിന്നും തങ്ങളുടെ അധീനതയിലുള്ള മേഖലയാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഭൂപടം ചൈന പുറത്തുവിട്ടതോടെയാണ് കാര്യങ്ങൾ മാറുന്നത്. സംഭവം വിവാദമായതോടെ ഷിയുടെ വരവിനെ പറ്റിയും തർക്കങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. പിന്നാലെയാണ് ഷി ഉച്ചകോടിക്ക് എത്തില്ലെന്ന അനൗദ്യോഗിക വാർത്തകൾ പ്രചരിച്ചത്.

ഒടുവിൽ ഔദ്യോഗിക അറിയിപ്പെത്തി; ജി 20 ഉച്ചകോടിയിൽ ഷി ജിൻ പിങ് എത്തില്ല
ജി 20 ഉച്ചകോടിക്ക് ഷി ഉണ്ടായേക്കില്ല, പകരമെത്തുക ചൈനീസ് പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷിയും തമ്മിൽ കണ്ടിരുന്നു. ഇരുവരും അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായ വിനയ് ക്വത്ര പറയുന്നതനുസരിച്ച്, ഇന്ത്യ- ചൈന അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മോദി ആശങ്ക പങ്കുവയ്ക്കുകയും യഥാർത്ഥ നിയന്ത്രണ രേഖ മാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തി ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാത്പര്യം നിറവേറ്റുമെന്ന് പ്രസിഡന്റ് ഷി അറിയിച്ചതായി ഹ്രസ്വ കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നു. ഗാൽവാൻ താഴ്വരയിൽ 2020 ലുണ്ടായ ഇൻഡോ -ചൈന സൈനികരുടെ ഏറ്റുമുട്ടലിന് ശേഷം ഇരുനേതാക്കളും രണ്ടാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഷിയുടെ ഏറ്റവും പുതിയ തീരുമാനം അതിർത്തി വിഷയങ്ങളിൽ ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന സന്ദേശമാണ് നൽകുന്നതെന്ന് നിരവധി വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഉച്ചകോടി നടക്കുന്ന ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. ഏകദേശം 1,30,000 സുരക്ഷാ ഉദ്യോഗസ്ഥർ, ബോംബ് സ്‌ക്വാഡുകൾ, കമാൻഡോകൾ, സ്‌നൈപ്പർമാർ എന്നിവരെ ഉൾപ്പെടെ വൻതോതിലുള്ള സുരക്ഷാ വിന്യാസമാണ് തലസ്ഥാനത്ത്.

logo
The Fourth
www.thefourthnews.in