വൈറലാകാൻ വിമാനം ഇടിച്ചിറക്കി സാഹസിക പ്രകടനം; യൂട്യൂബർക്ക് 20 വർഷം തടവ്

വൈറലാകാൻ വിമാനം ഇടിച്ചിറക്കി സാഹസിക പ്രകടനം; യൂട്യൂബർക്ക് 20 വർഷം തടവ്

' ഞാൻ എന്റെ വിമാനം തകർത്തു' എന്ന അടിക്കുറിപ്പോടെ ട്രെവർ പങ്കുവെച്ച വീഡിയോ വലിയ ഹിറ്റായി

സ്വന്തം വീഡിയോകൾ ട്രെൻഡിങ് ആക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് ഇന്നത്തെ യൂട്യൂബർമാർ. ഇങ്ങനെ വ്യൂസും ലൈക്കും കൂട്ടാനായി അതുവഴി 'പ്രശസ്ത'രാകാനുമാണ് കാട്ടിക്കൂട്ടുന്ന പൊല്ലാപ്പുകളെല്ലാം. അങ്ങനെയൊരു സാഹസത്തിന് മുതിർന്ന അമേരിക്കൻ യൂട്യൂബർ ഇപ്പോൾ പെട്ടിരിക്കുകയാണ്. 20 വർഷം വരെ ജയിൽ കഴിയേണ്ട അവസ്ഥയാണിപ്പോൾ ഇയാൾക്ക്.

കാലിഫോർണിയയിൽ നിന്നുള്ള 29 കാരനായ ട്രെവർ ജേക്കബ് ആണ് ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് വെട്ടിലായിരിക്കുന്നത്. ചെറിയ പണിയൊന്നുമല്ല ട്രെവർ കാട്ടിയത്. തന്റെ സ്വകാര്യ വിമാനം മനഃപൂർവം അപകടത്തിൽ പെടുത്തി, അതിൽ നിന്ന് സാഹസികമായി രക്ഷപ്പെടുകയായിരുന്നു ഇയാൾ. തുടർന്ന് വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചു. ഉദ്ദേശിച്ചത് പോലെ വീഡിയോ വൈറലാകുകയും പണം സമ്പാദിക്കുകയും ചെയ്തു. എന്നാൽ ഒന്നര വർഷത്തിന് ശേഷം ശിക്ഷാവിധി തേടിയെത്തി.

കാലിഫോര്‍ണിയയിലെ ലോസ് പദ്രേസ് നാഷണല്‍ ഫോറസ്റ്റില്‍ 2021 ഡിസംബറിലാണ് വിമാനാപകടം സൃഷ്ടിച്ചത്. ഒന്നരക്കൊല്ലം മുൻപ് ' ഞാൻ എന്റെ വിമാനം തകർത്തു' എന്ന അടിക്കുറിപ്പോടെയാണ്‌ ട്രെവർ ഈ വീഡിയോ പങ്കുവെച്ചത്.

മുൻകൂട്ടി നിശ്ചയിച്ച് പൂർണ തയ്യാറെടുപ്പോടെയാണ് ട്രെവർ പറന്നത്. 2021 നവംബർ 24 നായിരുന്നു സംഭവം. ഇതിനായി തന്റെ ചെറു വിമാനം പറത്തി, ആകാശത്തുവച്ച് വിമാനം തുറന്ന് താഴേക്ക് ചാടി. താഴേക്ക് സുരക്ഷിതമായി എത്തിയ ഇയാൾ വിമാനം നിയന്ത്രണം വിട്ട് പറന്ന് താഴെക്ക് പതിക്കുന്ന വീഡിയോ ചിത്രീകരിച്ചു. വിമാനത്തിന്റെ ചിറകിലും കാമറ ഘടിപ്പിച്ചിരുന്നു.

വിമാനം അധികം ആളുകൾ ഇല്ലാത്ത ഒരിടത്ത് പതിച്ച് തകർന്നു. തുടർന്ന് ചിറകിൽ ഘടിപ്പിച്ചിരുന്ന ക്യാമറയും മറ്റു ദൃശ്യങ്ങളും ചേർത്ത് വീഡിയോ നിർമിച്ച് യുട്യൂബിൽ പങ്കുവച്ചു. ' ഞാൻ എന്റെ വിമാനം തകർത്തു' എന്ന കുറിപ്പോടെയാണ് ട്രെവർ ഈ വീഡിയോ യൂട്യൂബിൽ പങ്കുവച്ചത്. ട്രെവർ പ്രതീക്ഷിച്ച പോലെ തന്നെ വീഡിയോയ്ക്ക് വൻ കാഴ്ചക്കാരായിരുന്നു. 40 ലക്ഷത്തോളവരും യുട്യൂബിലെ മാത്രം കാഴ്ചക്കാർ.

വീഡിയോ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. മനഃപൂർവം അപകടം ഉണ്ടാക്കിയതാണെന്ന് ട്രെവർ അന്വേഷത്തിൽ സമ്മതിച്ചു. അന്വേഷണം തടസപ്പെടുത്താനായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ നശിപ്പിച്ചതായും ഇയാൾ സമ്മതിച്ചു. വിമാനം തകരാറിലാണെന്നായിരുന്നു ട്രെവറിന്റെ ആദ്യത്തെ വാദം. പിന്നാലെ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ട്രെവിന്റെ സ്വകാര്യ പൈലറ്റ് സർട്ടിഫിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. പിന്നാലെയാണ് ഇയാൾക്ക് 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഇയാളുടെയും സാധാരണ ജനങ്ങളുടെയും ജീവന് ഭീഷണി ആയേക്കാവുന്ന വിവേകരഹിതമായ പ്രവൃത്തിയാണിതെന്ന് കാണിച്ചാണ് നടപടി.

logo
The Fourth
www.thefourthnews.in