'സമാധാനശ്രമങ്ങള്‍ക്കുമേല്‍ വലിയ പ്രഹരം, വല്ലാതെ നിരാശപ്പെടുത്തി'; മോദി-പുടിൻ കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കിയ്ക്ക് അതൃപ്തി

'സമാധാനശ്രമങ്ങള്‍ക്കുമേല്‍ വലിയ പ്രഹരം, വല്ലാതെ നിരാശപ്പെടുത്തി'; മോദി-പുടിൻ കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കിയ്ക്ക് അതൃപ്തി

മോസ്കോയിലെ നോവോ-ഒഗർയോവോയിലുള്ള പുടിന്റെ വസതിയിലെത്തിയാണ് മോദി അദ്ദേഹത്തെ സന്ദർശിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽഅതൃപ്തി പ്രകടിപ്പിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെൻസ്കി. തിങ്കളാഴ്ചയാണ് നരേന്ദ്ര മോദി പുടിനെ സന്ദർശിക്കുന്നതിനായി മോസ്കോയിൽ എത്തിയത്. ഇതേ ദിവസം തന്നെ യുക്രൈനിലെ കീവിലുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തിയിരുന്നു.

ഖേദകരമായ ഈ സംഭവത്തിനിടയിൽ നടന്ന കൂടിക്കാഴ്ച സമാധാന ശ്രമങ്ങൾക്ക് മേലുള്ള വലിയ പ്രഹരമാണെന്നും ഇത് വലിയ നിരാശ ഉണ്ടാക്കുന്നുവെന്നും സെലെൻസ്കി സമൂഹ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻറെ പ്രതിനിധി ലോകത്തിലെ ഏറ്റവും വലിയ അക്രമിയെ ആലിംഗനം ചെയ്യുന്ന കാഴ്ച വല്ലാത്ത അതൃപ്തി ഉണ്ടാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്കോയിലെ നോവോ-ഒഗർയോവോയിലുള്ള പുടിന്റെ വസതിയിലെത്തിയാണ് മോദി അദ്ദേഹത്തെ സന്ദർശിച്ചത്. ഇവിടെ നിന്നും ഏകദേശം 900 കിലോമീറ്റർ ദൂരത്തുള്ള കീവിൽ റഷ്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ഏകദേശം 37 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യുക്രൈൻ-റഷ്യ സംഘർഷങ്ങൾ യുദ്ധസ്വഭാവത്തിലേക്ക് എത്തിയതിനു ശേഷം ആദ്യമായിട്ടാണ് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തുന്നത്. ചൊവ്വാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍വച്ചു നടക്കുന്ന കൂടിക്കാഴ്ചയിലൂടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.

ചൈനയും റഷ്യയുമായുള്ള ബന്ധം ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന് വിള്ളലുകളുണ്ടായിട്ടില്ല എന്നതിന്റെ സൂചനയാണ് ഈ കൂടിക്കാഴ്ച. ഇത് പുടിനെ മാറ്റിനിർത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് വിഘാതമായേക്കാം. വളരെ കാലങ്ങളായി റഷ്യയിൽ നിന്നുമാണ് ഇന്ത്യ സൈനിക ഉപകരണങ്ങൾ വാങ്ങുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചത് റഷ്യയ്ക്ക് സാമ്പത്തികമായി ഗുണം ചെയ്തിരുന്നു.

ഇന്ത്യയും റഷ്യയുമായുള്ള സൗഹൃദത്തിൽ അമേരിക്കയും നേരത്തെ തന്നെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ വശങ്ങളും സാധ്യതകളും പരിശോധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുള്ളത്. യുക്രൈനോടുള്ള ശത്രുത അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ റഷ്യയോട് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും, ഈ വിഷയത്തില്‍ റഷ്യയ്‌ക്കെതിരേ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയാണുണ്ടായത്.റഷ്യയെ അപലപിക്കുന്നതിനും ഇന്ത്യ നേരത്തെ തന്നെ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലുള്ള കൂടിക്കാഴ്ച യുക്രൈനോടൊപ്പം മറ്റു പാശ്ചാത്യ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

കീവിൽ തികളാഴ്‌ചയുണ്ടായ മിസൈൽ ആക്രമണത്തെ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അപലപിച്ചു. ഉക്രെയ്നിലെ സൈനിക വ്യാവസായിക സൗകര്യങ്ങളും ഉക്രേനിയൻ സായുധ സേനയുടെ വ്യോമ താവളങ്ങളും ആക്രമിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു . എന്നാൽ ആശുപത്രിയിൽ നടന്ന സ്ഫോടനം യുക്രൈൻ പ്രധിരോധ വ്യോമ മിസൈൽ മൂലമാണെന്നാണ് റഷ്യൻ മന്ത്രാലയം ആരോപിക്കുന്നത്. ഇതിനു നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in