ചരിത്രത്തോട് ചേര്‍ന്നു നടന്ന വായനാവഴി

ചരിത്രത്തോട് ചേര്‍ന്നു നടന്ന വായനാവഴി

തെരഞ്ഞുപിടിച്ചുള്ള വായന എന്ന പതിവ് ശീലം വിട്ട് പുസ്തകങ്ങളിൽ ഭാഗ്യാന്വേഷണങ്ങൾക്ക് തുനിഞ്ഞ വായനാവർഷമായിരുന്നു നിരൂപകയും വിവർത്തകയുമായ ലേഖികയ്ക്ക് 2023

ഇക്കൊല്ലം മറ്റുള്ളവർ ചൂണ്ടിക്കാണിച്ച പുസ്തകങ്ങൾ കൂടുതൽ വായിച്ചിരുന്നു എന്ന് വേണം പറയാൻ. ഇങ്ങനെ കൈയിലെത്തിയ പുസ്തകങ്ങളിൽ സാഹിത്യഗുണത്തിനുമപ്പുറം ഇഷ്ടവിഷയങ്ങൾ തേടിപ്പോവുകയാണ് വായനക്കാരിയെന്ന നിലയിൽ ചെയ്തത്. അതുകൊണ്ടാവാം പൊതുവെ സ്വീകരിക്കപ്പെട്ട കൃതികൾ അവഗണിച്ച്, കാലാവസ്ഥാസാഹിത്യം, പലായനസാഹിത്യം, മറവിയിലാണ്ട വ്യക്തികൾ/സംഭവങ്ങൾ എന്നിവയിലൂടെ ചരിത്രത്തെ വീണ്ടെടുക്കുന്നതുമായ ചരിത്രാഖ്യായികകൾ എന്നിവ കൂടുതൽ വായിച്ചത്. ഇതേ കാര്യം കൊണ്ടുതന്നെ വായനാവഴിയുടെ ഒരുവശം ചേർന്ന് ഒതുങ്ങിപ്പോയിരുന്നു സഞ്ചാരം എന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസിലാവുന്നു.

ലോകസാഹിത്യഭൂപടത്തിൽ സമ്മാനങ്ങളിലൂടെ ഇടം പിടിച്ച പുസ്തകങ്ങൾക്കപ്പുറം മനസിൽ തങ്ങിയ വിവിധ വായനകളുടെ ഒരു സംഗ്രഹമായാണ് ഇവിടെ 2023 നെ ഓർമിക്കുന്നത്. ഇക്കൊല്ലത്തെ പ്രധാനപ്പെട്ട അവാർഡുകളുടെ പട്ടികയിൽപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ഇതിനു മുൻപ് തന്നെ എഴുതിപ്പോയതുകൊണ്ട് ആവർത്തനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

പ്രിയപ്പെട്ട എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളെ കാത്തിരുന്ന വകയിൽ 2023 നിരാശപ്പെടുത്തിയില്ല.

തേജു കോൾ രചിച്ച ട്രെമർ

ഓപ്പൺ സിറ്റി എന്ന വിഖ്യാത നോവലിന് ശേഷം പന്ത്രണ്ടു കൊല്ലം കഴിഞ്ഞ് തേജു കോളിൻ്റെ തൂലികയിൽ നിന്നും മറ്റൊരു മികച്ച, ശക്തമായ ഫിക്ഷൻ. നോവൽ മരിച്ചിട്ടില്ല എന്ന് വിളിച്ചു പറയുന്ന പുസ്തകം. കോളിനെപ്പോലെ, ഇതിലെ പ്രധാന കഥാപാത്രമായ തുണ്ടെ, ഫോട്ടോഗ്രാഫി പഠിപ്പിക്കുന്ന പ്രൊഫസറും നൈജീരിയക്കാരനായ അമേരിക്കൻ പൗരനുമാണ്‌. ഒപ്പം താമസിക്കുന്ന ഭാര്യ സദാക്കോയുമായി നല്ല സ്നേഹത്തിലാണ്. എങ്കിലും ചില മൗനസംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. വായനയും എഴുത്തും ഗവേഷണവും അധ്യാപനവും ഒക്കെയായി കഴിഞ്ഞു കൂടുന്ന അയാൾ ചുറ്റും നടക്കുന്ന പഴയതും പുതിയതുമായ അനീതികൾക്കെതിരെ കലുഷിതമായ മനസുമായാണ് ജീവിക്കുന്നത്.

കൊളോണിയലിസത്തിൻ്റെ, വംശഹത്യയുടെ, അടിമത്തത്തിൻ്റെ , നിത്യജീവിതത്തിലെ അക്രമങ്ങളുടെ ചരിത്രാഖ്യാനങ്ങളിലൂടെ അയാൾ ഇത് വെളിവാക്കുന്നുണ്ട്. അപ്രകാരം ചെയ്യുന്നത് തൻ്റെ ഉത്തരവാദിത്തം ആയി കാണുന്നുണ്ട്. വായനക്കാരനോട് തൻ്റെ മനുഷ്യത്വം എവിടെ എന്ന് ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. കൃത്യമായ നേർരേഖയിലുള്ള ഒരു കഥയിലൂടെയല്ലാതെ, ചരിത്രപരമായ അനീതി അദൃശ്യമായിരുന്ന് സൃഷ്ടിക്കുന്ന പ്രകമ്പനങ്ങൾക്ക് ചെവിയോർക്കാൻ വായനക്കാരനോട് പറയുന്നുണ്ട്. അതാണ് ട്രെമർ.

ജെ. എം. കൂറ്റ്സീ രചിച്ച ദ പോൾ ആൻഡ് അദർ സ്റ്റോറീസ്

നൊബേല്‍ സമ്മാനവും, രണ്ടു തവണ ബുക്കർ സമ്മാനവും പിന്നെ മറ്റനേകം പുരസ്കാരങ്ങളും നേടിയ 83 കാരനായ കൂറ്റ്സീ ഇനി ഒന്നും എഴുതിയില്ലെങ്കിലും ഈ മെറ്റാ-ഓട്ടോഫിക്ഷൻ നോവലും ഒപ്പം ഉൾപ്പെടുത്തിയിട്ടുള്ള കഥകളും വായനക്കാരൻ മറക്കാൻ വഴിയില്ല. എഴുപത്തിരണ്ടു വയസുള്ള ചുറുചുറുക്കുള്ള കൺസേർട്ട് പിയാനിസ്റ്റ് വിറ്റോൾഡ് ബാഴ്‌സലോണയിൽ വച്ച് ഒരു ആർട്ട് പേട്രൺ ആയ ബിയാട്രീസിനെ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു. അവരോടു പ്രണയം പറയുകയും കത്തെഴുതുകയും ഒപ്പം യാത്ര ചെയ്യാൻ ക്ഷണിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും ബിയാട്രീസിന് താല്പര്യമില്ല. അൻപതുകാരിയായ അവർ വിവാഹിതയാണെങ്കിലും അതൊരു സന്തുഷ്ടദാമ്പത്യമല്ല. പക്ഷെ മറ്റൊരു സ്നേഹബന്ധത്തിനായി അവർ തിരഞ്ഞുനടക്കുന്നില്ല എന്നതാണ് വാസ്തവം. അയാളിൽ അവർ ഒരുപാട് കുറവുകൾ കാണുന്നു. അവളുടെ നിബന്ധനകൾക്കൊത്തു മാത്രമേ ആ ബന്ധം പൂവണിയാൻ വഴിയുള്ളൂ. ബിയാട്രീസ് നമ്മളോട് കഥപറയുമ്പോൾ നമ്മൾ അവരുടെ മനസ് കേൾക്കുന്നുണ്ട്. " Between a man and a woman, between the two poles, electricity either crackles or does not crackle. So it has been since the beginning of time. A man and a woman, not just a man, a woman. Without and there is no conjunction."

മാർഗരറ്റ് ആറ്റ് വുഡ് രചിച്ച ഓൾഡ് ബേബ്സ് ഇൻ ദ വുഡ്

2019ലെ ബുക്കർ സമ്മാനിതമായ ടെസ്റ്റമെന്റ്‌സിന്‌ ശേഷം ഇറങ്ങുന്ന ആറ്റ് വുഡിൻ്റെ ആദ്യ ഫിക്ഷൻ പുസ്തകം, പത്തുകൊല്ലത്തിനു ശേഷം ഇറങ്ങുന്ന അവരുടെ ആദ്യ ചെറുകഥാസമാഹാരം. കഥയെക്കാളും ഓർമകളുടെ സമാഹാരം എന്ന് തോന്നിപ്പോകുന്ന പതിനഞ്ചു മികച്ച ചെറുകഥകൾ. മൂന്നു ഭാഗങ്ങളായി തിരിച്ച പുസ്തകത്തിൽ ആദ്യത്തേതും അവസാനത്തേതും ഒരു ഭാര്യയുടെയും ഭർത്താവിൻ്റെയും ഓർമകളിലൂടെയുള്ള യാത്രകളാണ്. മധ്യഭാഗം 'മൈ ഈവിൾ മദർ' എട്ടു ഗംഭീരൻ കഥകളാണ്. അതിൽ ഒരു കഥയിൽ മരിച്ചുപോയ എഴുത്തുകാരൻ ജോർജ് ഓർവെല്ലുമായി ട്രാൻസിലിരിക്കുന്ന ഒരു വ്യക്തിയെ മധ്യസ്ഥനാക്കി ആറ്റ് വുഡ് അഭിമുഖം നടത്തുന്നുണ്ട്. പുസ്തകത്തിൽ കഥാപാത്രമായ ഒരു ഒച്ച് പറയുന്നത് പോലെ "That is what it is to be human, I suppose: to question the terms of existence." കഥകളിലുടനീളം എഴുത്തുകാരി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. അനുപമമായ, ആസ്വാദ്യമായ പുസ്തകം.

സൽമാൻ റുഷ്ദിയുടെ വിക്റ്ററി സിറ്റി

സൽമാൻ റുഷ്ദിയുടെ പതിമൂന്നാമത്തെ നോവൽ. 2022 ൽ അദ്ദേഹം ആക്രമിക്കപ്പെടുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപ് പ്രസാധകനെ ഏൽപ്പിച്ച വിക്റ്ററി സിറ്റി, 2023 ൽ പുറത്ത് വന്നപ്പോഴേക്കും "വാക്കുകൾ മാത്രമാണ് വിജയികളാകുന്നത്" എന്ന് വിളിച്ചു പറയുന്ന ആ പുസ്തകം ഒരു പ്രതീകമായിക്കഴിഞ്ഞിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് കൊടുക്കേണ്ടുന്ന വിലയെപ്പറ്റി പറയാൻ വിജയനഗരസാമ്രാജ്യത്തിൻ്റെ കഥയാണ് റുഷ്ദി പശ്ചാത്തലമാക്കിയത്.

കഥയ്ക്കുള്ളിലെ കഥയും, 'ഫ്രെയിം സ്റ്റോറി' യും നാടോടിക്കഥകളുടെ ശൈലിയും മാജിക് റിയലിസത്തിൻ്റെ കാൻവാസും ഒക്കെ ഉപയോഗിച്ച്, 247 വയസ് ചെറുപ്പമായ പമ്പ കമ്പന എന്ന അന്ധയായ കവയിത്രി, ജയപരാജയ എന്ന 24000 ശീലുകളുള്ള, രാമായണതുല്യമായ, ഒരു മഹാകാവ്യം സംസ്കൃതത്തിൽ എഴുതി പൂർത്തിയാക്കി ഒരു മൺപാത്രത്തിൽ അരക്ക് കൊണ്ട് മുദ്രവച്ച് കുഴിച്ചിടുന്നിടത്താണ് കഥാരംഭം. നിയുക്ത സമയമെത്തുമ്പോൾ പമ്പാ കമ്പനയുടെ കാവ്യം കണ്ടെത്തപ്പെടുകയും ആ രാജ്യത്തിൻ്റെ നഷ്ടപ്പെട്ട ചരിത്രം വീണ്ടെടുക്കുകയുമാണ് സംഭവിക്കുന്നത്. അധികാരദുർവിനിയോഗവും വർഗീയവാദവുമാണ് ഏതൊരു നല്ലകാലത്തിൻ്റെയും അവസാനം കുറിക്കുന്നത് എന്ന് പറഞ്ഞ് വാക്കിൻ്റെ ആത്യന്തികമായ വിജയം ആഘോഷിക്കുന്നു വിക്ടറി സിറ്റി. റുഷ്ദിയുടെ മടങ്ങി വരവ്!

സാഡി സ്മിത്ത് രചിച്ച 'ദ ഫ്രോഡ്'

പാശ്ചാത്യസാഹിത്യലോകത്തിനു പ്രിയങ്കരിയായ എഴുത്തുകാരി സാഡി സ്മിത്തിൻ്റെ ആദ്യ ചരിത്ര നോവൽ. 1873 ൽ നടന്ന, വിക്ടോറിയൻ ഇംഗ്ലണ്ടിനെ പിടിച്ചു കുലുക്കിയ ഒരു യഥാർഥ വിചാരണയെ (ദ ടിച്ച്ബോൺ കേസ് ) ആസ്പദമാക്കി എഴുതിയ, ജമൈക്ക, ബ്രിട്ടൺ എന്നിവിടങ്ങളിൽ നടക്കുന്ന കഥ. അക്കാലത്ത് ജീവിച്ചിരുന്ന ഒരു ഇടത്തരം നോവലിസ്റ്റായ വില്യം ഐൻസ്വർത്ത്, സാക്ഷാൽ ചാൾസ് ഡിക്കൻസ് തുടങ്ങിയവർ പ്രത്യക്ഷപ്പെടുന്ന ഈ നോവലിൻ്റെ കഥാതന്തുവിലൂടെ സത്യം, സ്വത്വം, എന്നിവയുടെയൊക്കെ നിർവചനങ്ങൾ പല കാലങ്ങളിലും പലനാടുകളിലുമായി ആൻഡ്രൂ ബോഗിൾ എന്ന മോചിക്കപ്പെട്ട അടിമയായ, ബുദ്ധിമാനായ ജമൈക്കക്കാരനിലൂടെയും, തികഞ്ഞ വർഗബോധവും നീതിബോധവുമുള്ള, സാഹിത്യകുതുകിയായ, സാമാന്യവിവരമുള്ള മിസിസ് റ്റച്ചെറ്റ് എന്ന വനിതയിലൂടെയും അപഗ്രഥിക്കപ്പെടുന്നു. വിക്ടോറിയൻ ഇംഗ്ലണ്ടിനെക്കുറിച്ചുള്ള രസകരമായ സാമൂഹ്യനിരീക്ഷണമാണ് 'ദ ഫ്രോഡ്'. ചുറ്റുമുള്ള ലോകത്തെ മറന്നു കൂപമണ്ഡൂകങ്ങളായി തുടരുന്ന മനുഷ്യഗണത്തെ കളിയാക്കി എഴുതുവാൻ സാഡി സ്മിത്ത് മുൻപും മിടുക്ക് തെളിയിച്ചിട്ടുണ്ട്. സമകാലീനലോകത്ത് ശക്തമായി നിലനിൽക്കുന്ന സ്വത്വരാഷ്ട്രീയമാണ് നോവലിൻ്റെ അകക്കാമ്പ് എന്ന് വ്യക്തം.

എലീനർ കാറ്റൻ രചിച്ച 'ബിർണാം വുഡ്'

ദ ലൂമിനറീസ് എന്ന ബുക്കർ സമ്മാനിതമായ നോവലിന് ശേഷം എലീനർ കാറ്റൻ രചിച്ച നോവൽ ഒരു ഇക്കോ ത്രില്ലർ എന്നോ സൈക്കളോജിക്കൽ ത്രില്ലർ എന്നോ ഒക്കെ വിളിക്കാവുന്ന ന്യൂസിലാൻഡ് പശ്ചാത്തലമായുള്ള കഥയാണ്. 'മാക്‌ബത്' ആണ് പുസ്തകത്തിൻ്റെ പേരിൻ്റെ പ്രചോദനം എന്ന് വ്യക്തം. ഒഴിഞ്ഞു കിടക്കുന്ന പൊതുസ്ഥലങ്ങളിൽ മരം നടുന്ന ചെറുപ്പക്കാരുടെ ഒരു ഗറില്ലാ സംഘത്തെ, താൻ വാങ്ങി എന്ന് പറയപ്പെടുന്ന ഒരു സ്ഥലത്തു മരങ്ങൾ നടാന്‍ ക്ഷണിക്കുന്ന ഒരു അതിധനികനും, ആ ക്ഷണത്തിനു പിന്നിലുള്ള യഥാർഥ കഥയുമാണ് നോവലിൻ്റെ ഇതിവൃത്തം. അസൽ വായന!

സെബാസ്റ്റ്യൻ ബാറി രചിച്ച 'ഓൾഡ് ഗോഡ്സ് ടൈം'

രണ്ടു തവണ ബുക്കർ പട്ടികയിൽ എത്തിയ ഐറിഷ് എഴുത്തുകാരനായ സെബാസ്റ്റ്യൻ ബാറിയുടെ പതിനൊന്നാമത്തെ നോവൽ. ഇദ്ദേഹത്തിൻ്റെ 2008 ലെ നോവൽ സീക്രെട്ട് സ്ക്രിപ്ച്ചർ വായിച്ച ലഹരിയിലാണ് 'ഓൾഡ് ഗോഡ്സ് ടൈം' വായിക്കാൻ കാത്തിരുന്നത്. റിട്ടയർ ചെയ്ത ശേഷം ജനവാസമില്ലാത്ത ഒരു ഓണംകേറാമൂലയിൽ ചെന്ന് താമസിക്കുന്ന ടോം കെറ്റിൽ എന്ന പോലീസുകാരനെ പണ്ടത്തെ ഒരു കേസിൻ്റെ പുനരന്വേഷണത്തിലേക്ക് കൊണ്ടുവരുന്നതും അതേത്തുടർന്ന് അയാൾ തുറക്കുന്ന ഓർമയുടെ പേടകങ്ങളുമാണ് കഥ. ഐറിഷ് പൗരോഹിത്യത്തിൻ്റെ സമകാലീനചരിത്രത്തിലെ ചില ഏടുകളാണ് ഈ കഥയുടെ പശ്ചാത്തലം. സെബാസ്റ്റ്യൻ ബാറിയുടെ എഴുത്തും ഈ കഥയും കൂടിയാകുമ്പോൾ അസാദ്ധ്യവായനയാകുന്ന പുസ്തകം.

റ്റാൻ ത്വാൻ എങ് രചിച്ച ഹൌസ് ഓഫ് ഡോർസ്

പതിനാറു കൊല്ലം, മൂന്നു നോവലുകൾ. എല്ലാം 'മലേഷ്യ' എന്ന രാഷ്‌ട്രത്തിൻ്റെ ചരിത്രവും അധിനിവേശങ്ങളും വിഷയമാക്കിയുള്ളത്. മനോഹരമായ സാഹിത്യഗുണമുള്ള എഴുത്ത്. ഇതൊക്കെ കൂടാതെ റ്റാനിൻ്റെ മൂന്നാം നോവലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് മറ്റൊരു പ്രിയ എഴുത്തുകാരനായ സോമർസെറ്റ് മോം ആണെന്നുള്ളതാണ് ഈ പുസ്തകം കാത്തിരിക്കാൻ കാരണമായത്. ബ്രിട്ടീഷ് കോളനികളിൽ യാത്ര ചെയ്ത് അവിടത്തെ പ്രവാസിജീവിതത്തിൻ്റെ നുറുങ്ങുകൾ കുറിച്ചുകൊണ്ടുപോയി കഥയെഴുതുന്ന ശീലമുണ്ടായിരുന്ന സോമോസ്റ്റ് മോമിനു ഇതിൽ പകരം ഒരു മധുരപ്രതികാരം കാലത്തിനു നല്കാനില്ല. മോമിനെക്കൂടാതെ സൺ യാറ്റ് സെന്നും ഈ നോവലിലെ കഥാപാത്രമാണ്. ഒരു പഴയ കൊലപാതക വിചാരണ, പെനാങ് പട്ടണത്തിലെ ഒരു പ്രധാന വനിത ആതിഥേയ, അവർക്ക് സോമർസെറ്റ് മോം , സൺ യാറ്റ് സെൻ എന്നിവരുമായുണ്ടായിരുന്ന സൗഹൃദം, ഇത്രയും ചേരുവകൾ ചേർത്ത് ഒറ്റയിരുപ്പിനു വായിച്ചു തീർക്കുന്ന ഒരു നോവൽ. ഗംഭീര കഥാഘടന, ആഖ്യാനരീതി ലളിതവും ശക്തവുമായത്. പല പുനർ വായനകൾ സാധ്യമായ ഒരു പുസ്തകം.

ഇന്ത്യൻ ഇംഗ്ലീഷ് ഫിക്ഷൻ

ഇന്ത്യൻ ഇംഗ്ലീഷ് ഫിക്ഷൻ ഇക്കൊല്ലം ആസ്വദിച്ചു വായിച്ചത് പ്രധാനമായും ​ആറ് നോവലുകളാണ്.

അഞ്ജും ഹാസൻ്റെ 'ഹിസ്റ്ററീസ് ഏയ്ഞ്ചൽ'

അലിഫ് എന്ന ചരിത്ര അധ്യാപകൻ്റെ പ്രാരാബ്ധം പിടിച്ച സാധാരണ ജീവിതം അസാധാരണമാകാൻ ഒരു ചെറിയ വിഷയമേ വേണ്ടി വന്നുള്ളൂ. സ്‌കൂൾ ട്രിപ്പിന് ഇടയിൽ തോന്ന്യവാസം പറഞ്ഞ ശിഷ്യൻ്റെ ചെവിയിൽ പിടിച്ചു അയാൾ തിരുമ്മി. അലിഫിൻ്റെ ജീവിതം അതോടെ പ്രശ്നങ്ങളിലേക്ക് കൂപ്പുകുത്തുന്നു. പുതിയ ഇന്ത്യയുടെ കഥ പറയാൻ അഞ്ജും ഹാസനു കഴിയുമെന്ന് മുന്നേ തെളിയിച്ചതാണ്. ഡൽഹിയാണ് കഥയുടെ പശ്ചാത്തലം.

ദേവിക റെഗെയുടെ 'ക്വാർട്ടർ ലൈഫ്'

ദേവിക റെഗെയുടെ കന്നിപ്പുസ്തകമാണിത് എന്ന് ഒരിക്കലും തോന്നുകയില്ല. 'ക്വാർട്ടർലൈഫ്' പറയുന്നതും പുതിയ ഇന്ത്യയുടെ കഥയാണ്. 2014 എന്ന പ്രധാനപ്പെട്ട വർഷത്തോട് പ്രതികരിക്കുന്ന വിവിധ കഥാപാത്രങ്ങളിലൂടെ പറയുന്ന കഥ. ഇവിടെ മുംബൈ ആണ് പശ്ചാത്തലം. അവിടെ ജീവിക്കുന്ന കുറേപ്പേരുടെ ആന്തരികലോകവും അതിലെ സംഘര്ഷങ്ങളുമാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. ശക്തമായ, വായനാസുഖമുള്ള, കാലികപ്രസക്തിയുള്ള എഴുത്ത്.

ബ്രിന്ദചാരിയുടെ 'ദ ഈസ്റ്റ് ഇന്ത്യൻ'

കൂലിത്തൊഴിലാളിയായി അമേരിക്കൻ കോളനികളിൽ ചെന്ന ആദ്യ ഇന്ത്യക്കാരൻ്റെ കഥ പറയുന്ന ചരിത്രനോവൽ. പതിനേഴാം നൂറ്റാണ്ടിൽ ഒരു തമിഴൻ പയ്യൻ അമ്മയുടെ ഇംഗ്ലീഷ് സുഹൃത്തിൽ നിന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ പഠിച്ച് ലണ്ടനിൽ എത്തിയ ശേഷം അവനെ ചിലർ കപ്പൽ കയറ്റി അമേരിക്കയിൽ എത്തിക്കുകയാണ്. ചരിത്രത്തിൻ്റെ ഏടുകളിൽ നിന്നെടുത്ത കഥയ്ക്ക് മജ്ജയും മാംസവും നൽകി രസകരമാക്കുന്നു ബ്രിന്ദയുടെ എഴുത്ത്.

വാഹിനി വാര യുടെ 'ദിസ് ഈസ് സാൽവേജ്ഡ്'

ഇക്കൊല്ലത്തെ പുലിത്സർ സമ്മാനത്തിൻ്റെ ഫൈനലിസ്റ്റ് ആയിരുന്നു വാഹിനിയുടെ ഈ കഥാസമാഹാരം. അവരുടെ ഇമ്മോർട്ടൽ കിംഗ് റാവു എന്ന പുസ്തകം കഴിഞ്ഞ കൊല്ലം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിസ് ഈസ് സാൽവേജ്ഡ് ലെ കഥാപാത്രങ്ങൾ മനുഷ്യമനസ്സിൻ്റെ ഏറ്റവും ആഴങ്ങളിൽ ഉള്ളതും ഒളിച്ചുവയ്ക്കപ്പെടുന്നതുമായ പലതും തുറന്നിടുന്നു. വീണ്ടും വായിക്കാൻ തോന്നുന്ന കഥകൾ.

അനിൽ മേനോൻ്റെ 'ദ കോയിൻസിഡെൻസ് പ്ലോട്ട്'

കോലാഹലമുണ്ടാക്കാതെ ശക്തമായി അതിമനോഹരമായി സരസമായി വിഷയങ്ങൾ പറഞ്ഞുപോകുന്ന രീതിയാണ് അനിൽ മേനോൻ്റെ കൃതികളിൽ കണ്ടുവരുന്നത്. . ദ കോയിൻസിഡെൻസ് പ്ലോട്ട്' യാദൃച്ഛികതയിൽ കോർത്തിട്ട ഉപകഥകളിലൂടെ പല നാടുകൾ, പല ജീവിതങ്ങൾ, പല സാഹചര്യങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും ചോദിക്കുന്ന ചോദ്യം ഇതുമാത്രം, 'സ്വാതന്ത്ര്യം എന്നത് നമുക്ക് എത്രത്തോളമുണ്ട്?'

ടാനിയ ജെയിംസ് രചിച്ച 'ലൂട്ട്'

പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ്റെ നാട്ടിൽ നിന്നും യൂറോപ്പിലെത്തുന്ന മികച്ച കൊത്തുപണിക്കാരനായ അബ്ബാസ് താൻ പണ്ട് തടിയിൽ കൊത്തിയതും ബ്രിട്ടിഷുകാർ പിന്നീട് കൊള്ളയടിച്ചതുമായ ഒരു കടുവയുടെ രൂപം അന്വേഷിക്കുന്ന കഥയിൽ പ്രേമവും, ജീവിതവും, ചരിത്രവുമുണ്ട്.

ജാനിക ഓസയുടെ 'എ ഹിസ്റ്ററി ഓഫ് ബർണിങ്'

പല തലമുറകൾ, പല നാടുകൾ, പല ഭൂഖണ്ഡങ്ങൾ, ഒരു നൂറ്റാണ്ടുകാലം... എ ഹിസ്റ്ററി ഓഫ് ബർണിങ് വരച്ചിരിക്കുന്ന കാൻവാസ്‌ വിശാലമാണ്, വർണശബളമാണ്. ഇരുപതാം നൂറ്റാണ്ടു തുടങ്ങുമ്പോൾ ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർക്ക് വേണ്ടി റെയിൽവേ തൊഴിലാളിയായി കമ്പാലയിലേക്ക് കൊണ്ടുപോകപ്പെടുന്ന കൗമാരക്കാരനായ പീർഭായ്, അയാളുടെ ജീവിതം കുടുംബം എന്നിവയാണ് കഥയിൽ. അയാൾ നല്ലപ്രായത്തിൽ ജീവിക്കാനായി ചെയ്യുന്നൊരു തെറ്റിന് തലമുറകൾ ഉത്തരം പറയേണ്ടി വരുന്നുണ്ടോ? ഐഡി അമീൻ്റെ കാലത്ത് ഉഗാണ്ട വിട്ടു ചിതറിപ്പോകുന്ന കുടുംബം പോകേണ്ടി വരുന്ന വഴികളിലൂടെ കഥ തുടരുകയാണ്. നല്ല എഴുത്ത്.

ഇന്ത്യൻ ഇംഗ്ലീഷ് നോൺ ഫിക്ഷൻ

ഇന്ത്യൻ ഇംഗ്ലീഷ് നോൺ ഫിക്ഷൻ വിഷയ വൈവിധ്യം കൊണ്ട് തിളങ്ങിയ വർഷമായിരുന്നു 2023.

അമിതാവ് ഘോഷ് രചിച്ച സ്‌മോക്ക് ആൻഡ് ആഷസ്

അമിതാവ് ഘോഷ് ഇക്കൊല്ലവും വായനക്കാരന് തന്നത് 'കറുപ്പി'ന്റെ കഥ തന്നെയാണ്. എന്നാൽ നോവലായല്ല, യാത്രാക്കുറിപ്പുകളും ഓർമ്മക്കുറിപ്പുകളും ചരിത്ര സാംസ്കാരിക സാമ്പത്തിക നിരീക്ഷണങ്ങളും ഒരുമിച്ചു കൂടുന്ന ഒരു ഇമ്പമുള്ള പുസ്തകം. കറുപ്പിൻ്റെ അദൃശ്യമായ ചരിത്രങ്ങളിലൂടെ ഒരു എഴുത്തുകാരൻ സഞ്ചരിക്കുന്നു എന്നാണു പുസ്തകത്ത്തിൻ്റെ തലക്കെട്ട് തന്നെ.

ആരതി കുമാർ റാവു എഴുതിയ മാർജിൻ ലാൻഡ്‌സ് : ഇന്ത്യൻ ലാൻഡ് സ്‌കേപ്സ് ഓൺ ദ ബ്രിങ്ക്

സമൂഹത്തിൻ്റെ അരികുകളിൽ താമസിക്കുന്നവരെ പരിസ്ഥിതി മാറ്റങ്ങൾ എങ്ങനെ ബാധിക്കുന്നു എന്ന് ഇത്ര കൃത്യമായി രേഖപ്പെടുത്തിയ പുസ്തകം അടുത്തകാലത്തുണ്ടായിട്ടില്ല. താർ മരുഭൂമിയിലെ താമസക്കാർ ആ പ്രദേശത്തെ ജല ആവാസവ്യവസ്ഥയെ മനസ്സിലാക്കുന്നത്, സത്‌ലജ് നദിയിലെ ഡോള്ഫിനുകളുടെ വംശനാശഭീഷണി, ബ്രഹ്മപുത്രയിലെ ചെറുദ്വീപുകളിൽ താമസിക്കുന്നവരുടെ ആകുലതകൾ, നദീതീരങ്ങൾ സ്ഥാനം മാറുന്നത്, സുന്ദർബൻ പ്രദേശത്തെ കാലാവസ്ഥാ സംഘർഷങ്ങൾ തുടങ്ങി നഗരവാസികൾക്ക് ഗ്രഹിക്കാൻ പോലും പ്രയാസമായ പലതും ഈ രചന കാണിച്ചുതരുന്നു.

പിക്കോ അയ്യർ രചിച്ച 'ദ ഹാഫ് നോൺ ലൈഫ്: ഇൻ സേർച്ച് ഓഫ് പാരഡൈസ്'

വടക്കൻ നോറിയ, ദലൈ ലാമയുടെ ഹിമാലയ പ്രദേശങ്ങൾ, ജപ്പാൻ, ശ്രീലങ്ക, കാശ്മീർ തുടങ്ങി വിവിധങ്ങളായ ഇടങ്ങളിലൂടെ യാത്ര ചെയ്ത് ഓരോ നാട്ടുകാരുടെയും മനസിലെ സ്വർഗം എന്തെന്ന് ചോദിച്ചും അറിഞ്ഞും മനസിലാക്കുന്ന എഴുത്ത്. നമ്മൾ എന്നെങ്കിലും നമ്മൾ തേടുന്ന പറുദീസയിൽ എത്തുന്നുണ്ടോ എന്ന ചോദ്യം അവശേഷിപ്പിക്കുന്ന പുസ്തകം.

സോഹിനി ചതോപാദ്ധ്യായ രചിച്ച 'ദ ഡേ ഐ ബികെയിം എ റണ്ണർ'

സ്വതന്ത്ര ഇന്ത്യയിലെ എട്ട് വനിതാ അത്ലറ്റുകളുടെ കഥ എഴുതിയപ്പോൾ അത് ഇന്ത്യൻ ചരിത്രം തന്നെയായി മാറിയ പുസ്തകം. സ്ത്രീകളുടെ കണ്ണിലൂടെയുള്ള ഇന്ത്യ. ഇന്ത്യയുടെ യഥാർത്ഥ സ്ത്രീപക്ഷ ചരിത്രം. ശക്തമായ രചന. നമ്മൾ മറന്ന, അവഗണിച്ച കഥകൾ.

ആരതി കുമാർ റാവു എഴുതിയ മാർജിൻ ലാൻഡ്‌സ് : ഇന്ത്യൻ ലാൻഡ് സ്‌കേപ്സ് ഓൺ ദ ബ്രിങ്ക്

സമൂഹത്തിൻ്റെ അരികുകളിൽ താമസിക്കുന്നവരെ പരിസ്ഥിതി മാറ്റങ്ങൾ എങ്ങനെ ബാധിക്കുന്നു എന്ന് ഇത്ര കൃത്യമായി രേഖപ്പെടുത്തിയ പുസ്തകം അടുത്തകാലത്തുണ്ടായിട്ടില്ല. താർ മരുഭൂമിയിലെ താമസക്കാർ ആ പ്രദേശത്തെ ജല ആവാസവ്യവസ്ഥയെ മനസ്സിലാക്കുന്നത്, സത്‌ലജ് നദിയിലെ ഡോള്ഫിനുകളുടെ വംശനാശഭീഷണി, ബ്രഹ്മപുത്രയിലെ ചെറുദ്വീപുകളിൽ താമസിക്കുന്നവരുടെ ആകുലതകൾ, നദീതീരങ്ങൾ സ്ഥാനം മാറുന്നത്, സുന്ദർബൻ പ്രദേശത്തെ കാലാവസ്ഥാ സംഘർഷങ്ങൾ തുടങ്ങി നഗരവാസികൾക്ക് ഗ്രഹിക്കാൻ പോലും പ്രയാസമായ പലതും ഈ രചന കാണിച്ചുതരുന്നു.

സാന്താ ഖുറായി രചിച്ച ദ യെല്ലോ സ്പാരോ : മെമുവാ ഓഫ് എ ട്രാൻസജെൻഡർ

സാന്താ ഖുറായി എന്ന മണിപ്പുർ സ്വദേശിയുടെ ട്രാൻസ്‌ജെൻഡർ ജീവിതത്തിൻ്റെ നേരെഴുത്ത്. ആണിൻ്റെ ശരീരവും പെണ്ണിൻ്റെ മനസുമായി നടക്കുമ്പോൾ സമൂഹവും കുടുംബവും അടിച്ചേൽപ്പിച്ച സങ്കടങ്ങൾ, അനുഭവിച്ച യാതനകൾ. ഇന്ന് മണിപ്പൂരിലെ എൽ ജി ബി ടി ക്യു പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ നിന്ന് അവർ പറയുന്നത് അവരുടെ മാത്രം കഥയല്ല, അദൃശ്യനായ ഒരുപാട് പേരുടെ കഥയാണ്.

കവിത അയ്യർ രചിച്ച ലാൻഡ്‌സ്‌കേപ്സ് ഓഫ് ലോസ്: ദ സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട്

മറാത്ത് വാഡ പ്രദേശത്തെ ഭൂമിയില്ലാത്തവരും, ദളിതരും, കർഷക ആത്മഹത്യാപരമ്പരയുടെ വിധവകളും, കുട്ടികളും ഒക്കെ ഈ സ്ഥിതിയിൽ ഏതാണ് ഉണ്ടായ കാരണങ്ങൾ എന്താണ് എന്ന് പരിശോധിക്കുന്ന പുസ്തകം. ഇത് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളുടെ മുഴുവൻ കഥയാണ്.

logo
The Fourth
www.thefourthnews.in